രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം; നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

Glint desk
Mon, 22-03-2021 11:01:05 AM ;

രാജ്യത്ത് ആശങ്കയേറ്റി വീണ്ടും പ്രതിദിന കൊവിഡ് കണക്കുകളില്‍ വര്‍ധന. കഴിഞ്ഞ നവംബര്‍ 7ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിദിന കേസുകള്‍ 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 212 പേര്‍ മരണപ്പെടുകയും 21,180 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

രാജസ്ഥാനിലെ അജ്മേര്‍, ജയ്പൂര്‍, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാക്കി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

Tags: