കോണ്‍ഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല; കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് ഡി.എം.കെ

Glint desk
Wed, 03-03-2021 11:27:15 AM ;

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നിര്‍ണ്ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് ഡി.എം.കെ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നാണ് ഡി.എം.കെ നിലപാട്. ഇത്തവണ ഭരണം കിട്ടുമെന്ന സര്‍വേ ഫലങ്ങളടക്കം വരുന്നതിനിടെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനാണ് ഡി.എം.കെ നീക്കം. അതിന്റെ ഭാഗമായി 178 സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുകയാണ്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നുമാണ് ഡി.എം.കെ പക്ഷം. എ.ഐ.സി.സി അംഗങ്ങള്‍ വീണ്ടും ചര്‍ച്ചയ്ക്ക് എത്താനിരിക്കേയാണ് ഡി.എം.കെ നീക്കം. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍  അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡി.എം.കെയ്ക്കുള്ളിലെ വിമര്‍ശനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് സഖ്യത്തില്‍ കോണ്‍ഗ്രസിന് നല്‍കിയത് എന്നാല്‍ പാര്‍ട്ടി വിജയിച്ചത് എട്ട് സീറ്റുകളില്‍ മാത്രം. ഇത്തവണ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡി.എം.കെ വഴങ്ങിയില്ല. 

ബിഹാറടക്കമുള്ള സംസ്ഥാനങ്ങളില്‍ ആര്‍.ജെ.ഡി സഖ്യം കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ബിഹാറില്‍ ആര്‍.ജെ.ഡിക്ക് ഭരണം നഷ്ടമായതിന് ഒരു കാരണവും ഇതായിരുന്നു. ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെയാണ് കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലേക്ക് ഡി.എം.കെ എത്തിയത്.

Tags: