ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും പൂട്ടിട്ട് കേന്ദ്രം

Glint desk
Thu, 25-02-2021 06:29:32 PM ;

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ആയിരുന്നു. ഇപ്പോള്‍ ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ മെസേജിംഗ് ആപ്പുകള്‍ക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകള്‍ക്കും എല്ലാത്തരംഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ പോര്‍ട്ടലുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. 

ഒ.ടി.ടി നിയന്ത്രണങ്ങളിലെ ത്രിതല സംവിധാനത്തിലെ ആദ്യ തലം അതാത് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ പരിധിയില്‍ വരുന്നതാണ്. അതിനു മുകളില്‍ ഒരു സെല്‍ഫ് റെഗുലേറ്ററി ബോഡിയും ഏറ്റവും മുകളില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഓവര്‍സൈറ്റ് മെക്കാനിസവും ഉണ്ടാവും. ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റല്‍ പോര്‍ട്ടലുകളിലും പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. ഇതിന് സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാര്‍ നേതൃത്വം നല്‍കണം. മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ കര്‍ശനമായി നിയന്ത്രിയ്ക്കണം. ദേശവിരുദ്ധത, ലൈംഗികത, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കരുത്.

ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ സംവിധാനങ്ങള്‍ക്കും വിവിധ തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദോഷകരമായ പോസ്റ്റുകളും മറ്റും കണ്ടെത്തി നീക്കം ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തണം. നഗ്‌നത, സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. വാട്‌സപ്പ് പോലെ മെസേജിംഗ് ആപ്പുകളില്‍ ഫോര്‍വേഡ് മെസേജുകള്‍ ആദ്യം ചെയ്ത ആളെ കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. പരാതി പരിഹാര ഉദ്യോഗസ്ഥന്‍ ഇന്ത്യയില്‍ താമസിക്കണം. പരാതികളില്‍ 15 ദിവസത്തിനകം പരിഹാരം കാണണം. അടിയന്തര നടപടികള്‍ ആവശ്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഒരു മേല്‍നോട്ട സംവിധാനം ഉണ്ടാവും. സമൂഹമാധ്യമങ്ങള്‍ക്കായുള്ള പ്രത്യേക നിയമങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ കൊണ്ടുവരും.

Tags: