രക്തം പോലും മരവിക്കുന്ന ഡല്‍ഹിയിലെ തണുപ്പില്‍ 61 ദിവസത്തോളം സമാധാനപരമായി തുടര്‍ന്ന സമരം ഒറ്റ ദിവസം കൊണ്ടാണ് വളരെ വലിയ പ്രതിഷേധത്തിലേക്ക് മാറിയത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഖ് സംഘടനകളുടെ കൊടി ഉയര്‍ത്തുന്ന ദൃശ്യങ്ങളും കണ്ടു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയതും സമരത്തെ വഴി തിരിച്ചു വിട്ടതും നടനും സാമൂഹ്യപ്രവര്‍ത്തകനുമായി ദീപ് സിദ്ദുവാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നു. സിഖ് സമദായത്തിന്റെ അടയാളമായ നിഷആന് സാഹിബ് എന്ന പതാക ഉയര്‍ത്തിയതിനെ രാത്രി ഫേസ്ബുക്ക് ലൈവിലെത്തി ദീപ് സിദ്ദു ന്യായീകരിക്കുകയും ചെയ്തിരുന്നു. ദീപ് സിദ്ദു എന്ന പഞ്ചാബി യുവാവിനെ കുറിച്ചാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന ആദ്യ നാളുകളില്‍ തന്നെ ദീപ് സിദ്ദുവും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സമരസ്ഥലത്തേക്ക് പോവുകയായിരുന്ന കര്‍ഷകരെ അര്‍ദ്ധ സൈനീക വിഭാഗമായ സി.ആര്.പി.എഫ് തടഞ്ഞപ്പോള്‍ ദീപ് സിദ്ദു സൈനീകരോട് കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ച് ദീര്‍ഘമായി ഇംഗ്ലീഷില്‍ സംസാരിക്കുന്ന വീഡിയോകളായിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. തൊട്ട് പുറകെ ഇംഗ്ലീഷ് സംസാരിക്കുന്ന കര്‍ഷകനെന്ന തരത്തില്‍ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. സമരം ശക്തമായ ഈ വേളയില്‍ ദീപ് സിദ്ദു വീണ്ടും ദില്ലിയില്‍ നിന്നുള്ള കര്‍ഷക സമര വാര്‍ത്തകളില്‍ നിറയുകയാണ്.
പോലീസ് അംഗീകരിച്ച വഴികളിലൂടെ സമാധാനപരമായി നടത്താനിരുന്ന ട്രാക്ടര്‍ റാലിയില്‍ ദീപ് സിദ്ദു മനപ്പൂര്‍വം കുഴപ്പങ്ങളുണ്ടാക്കിയെന്ന് കര്‍ഷകര്‍ പറഞ്ഞു. ചെങ്കോട്ടയിലേക്ക് റാലി തിരിച്ച് വിട്ടത് ദീപ് സിദ്ദുവാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പോലീസും കര്‍ഷക സംഘടനകളും തമ്മിലുണ്ടായിരുന്ന ധാരണ പ്രകാരമുള്ള സമരപാത ലംഘിക്കുവാനും ചെങ്കോട്ട പിടിക്കുവാനും സിഖ് മതത്തിന്റെ കൊടി ഉയര്‍ത്തണെന്നും ഇയാള്‍ സമരത്തിനിടെ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ചെങ്കോട്ടയില്‍ സിഖ് മതത്തിന്റെ കൊടിയുയര്‍ത്തിയത്. ദീപ് സിദ്ദുവിന്റെ സാമീപ്യം സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
1984 ല്‍ പഞ്ചാബിലെ മുക്ത്സറിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് ദീപ് സിദ്ദുവിന്റെ ജനനം. നിയമബിരുദധാരിയാണ് ദീപ് സിദ്ദു. പരസ്യ ചിത്രങ്ങളിലഭിനയിച്ചു കൊണ്ടാണ് ദീപ് തന്റെ കരിയര്‍ തുടങ്ങുന്നത്. മോഡലിങ്ങില്‍ ചില അവാര്‍ഡുകള്‍ ദീപ് സിദ്ദുവിനെ തേടിയെത്തി. ഇതോടെ പഞ്ചാബി ചിത്രങ്ങളിലേക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നു. 2015 ല്‍ വിജയത ഫിലിംസിന്റെ ബാനറില്‍ നടന് ധര്‍മേന്ദ്ര നിര്‍മ്മിച്ച പഞ്ചാബി ചിത്രമായ 'രാംത ജോഗി'യിലൂടെയാണ് ദീപ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ജോഗി എന്ന നായക കഥാപാത്രമായിരുന്നു ദീപിന്റെത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടി. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആറ് ചിത്രങ്ങളില്‍ മാത്രമാണ് ദീപ് അഭിനയിച്ചതെങ്കിലും ഇന്ന് പഞ്ചാബിലെ അറിയപ്പെടുന്ന നടനാണ് ദീപ് സിദ്ദു.
നിയമബുരുദാനന്തരം സഹാറ ഇന്ത്യ പരിവാറിന്റെ നിയമ ഉപദേഷ്ടാവായിട്ടായിരുന്നു ദീപിന്റെ ആദ്യ നിയമനം. തുടര്‍ന്ന് ഡിസ്നി, സോണി പിക്ചേഴ്സ്, അടക്കമുള്ള ഹോളിവുഡ് സിനിമകളുടെ നിയമകാര്യങ്ങള്‍ നോക്കുന്ന ബ്രിട്ടീഷ് നിയമ സ്ഥാപനമായ ഹാമണ്ട്സില് പിന്നീട് ജോലി ചെയ്തു. തുടര്‍ന്ന് മൂന്നര വര്‍ഷക്കാലത്തോളം ദീപ് ബാലാജി ടെലിഫിലിംസിന്റെ നിയമകാര്യ മേധാവിയായി. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ദീപ് സിദ്ദു ബിജെപിക്ക് വേണ്ടി രംഗപ്രവേശനം ചെയ്തു.
2019 ഗുരുദാസ്പൂരില്‍ ബി.ജെ.പി ലോക്സഭാ സ്ഥാനാര്‍ത്ഥിയായ സണ്ണി ഡിയോളിന് വേണ്ടി ദീപ് പ്രചാരണത്തിനിറങ്ങി. ഈയവസരത്തില്‍ ദീപ് മോദിക്കും അമിത് ഷായ്ക്കും ഒപ്പം എടുത്തിരുന്ന ചിത്രങ്ങള്‍ ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ചിനിടെ കലാപമുണ്ടാക്കിയെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ പ്രശാന്ത് ഭൂഷണാണ് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഒപ്പമുള്ള ദീപ് സിദ്ദുവിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. കലാപമുണ്ടാക്കിയ ദീപ് സിദ്ദുവിന് ബി.ജെ.പി നേതാക്കളോടാണ് അടുപ്പമെന്ന് കാര്‍ഷിക നേതാവ് രാഗേഷ് ടികായത്തും ആരോപിച്ചു.
ദീപ് തനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കാമെന്നും എന്നാല്‍ ദീപ് സിദ്ദുവുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നായിരുന്നു സണ്ണി ഡിയോള്‍ പറഞ്ഞത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ദീപ് സിദ്ദു രംഗത്തെത്തി. ഒരു കാലാകാരനെന്ന് നിലയിലാണ് താന്‍ കര്‍ഷക സമരത്തില്‍ പങ്കാളിയായതെന്ന് ദീപ് സിദ്ദു അവകാശപ്പെട്ടു. താന്‍ തന്റെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ദീപ് സിദ്ദു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ദേശീയ പതാകയെ അവഹേളിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.