ട്രാക്ടര്‍ റാലിയുമായി കര്‍ഷകര്‍, ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞു

Glint desk
Tue, 26-01-2021 11:14:45 AM ;

രാജ്യം ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ സമരത്തിനാണ് കുറച്ചു നാളുകളായി സാക്ഷികളാവുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം തുടങ്ങി നാളുകളായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഡല്‍ഹിയിലെ കൊടുംതണുപ്പത്ത് നിരവധി പേര്‍ മരിച്ച് വീഴുകയും ചെയ്തു. ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ മാറ്റി.

12 മണിക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ടാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതാണ് റിപ്പോര്‍ട്ട്.

 

Tags: