ജൂണില്‍ കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ്, സംഘടനാ തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍

Glint desk
Fri, 22-01-2021 06:11:52 PM ;

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ട് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നു. ജൂണില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നതെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിലൂടെ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് 23 തിരുത്തല്‍വാദി നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു.പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡന്റ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു തിരുത്തല്‍വാദികളുടെ ആവശ്യം. പിന്നീട് പല തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി രൂപവത്കരിച്ച് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടന്നത്.

നിയമസഭ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും സംഘടന തിരഞ്ഞെടുപ്പ് നടത്തുക. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദം ഏറ്റെടുക്കണമെന്നാണ് പ്രവര്‍ത്തക സമിതിയില്‍ പൊതുവികാരമുണ്ടായത്. എന്നാല്‍ ഇരുവരും അതിനോട് യോജിച്ചിട്ടില്ല. ഏതെങ്കിലും ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് തിരുത്തല്‍വാദികള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍പരാജയം നേരിട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞത്. തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Tags: