അവകാശത്തിനായുള്ള പോരാട്ടം; ട്രാക്ടര്‍ റാലിക്കൊരുങ്ങി കര്‍ഷകര്‍

Glint desk
Wed, 13-01-2021 02:03:14 PM ;

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രശ്നപരിഹാരത്തിന് സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍. റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബില്‍ നിന്നും കൂടുതല്‍ കര്‍ഷകരെ ജനുവരി 20ന് മുന്‍പുതന്നെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് കര്‍ഷക സംഘടനകള്‍ തയ്യാറെടുക്കുകയാണ്. 

പഞ്ചാബില്‍ പലയിടങ്ങളിലും ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ ചേരുകയും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ നമ്മള്‍ പോകാന്‍ തയ്യാറായില്ലെങ്കില്‍ നമുക്ക് പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്, ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളില്‍നിന്നും ഉയരുന്നത്.

സുപ്രീംകോടതി നിശ്ചയിച്ച സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരായതിനാല്‍ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.

Tags: