ഇടപെട്ട് സുപ്രീംകോടതി; കാര്‍ഷിക നിയമം നടപ്പാക്കുന്നതിന് സ്റ്റേ, പഠിക്കാന്‍ പ്രത്യേക സമിതി

Glint desk
Tue, 12-01-2021 02:26:20 PM ;

കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റെ. അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം. ആഴ്ചകളായി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. 

കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന നിലപാടാണ് കേസുകള്‍ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കൈക്കൊണ്ടത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികളുണ്ട്. നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്താനാകില്ലെന്നും കോടതി പറഞ്ഞു.

കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ സമിതിക്ക് മുന്നില്‍ വക്കും, അത് സമഗ്രമായി വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം, അതിന് ശേഷം തുടര്‍ തീരുമാനമെന്നാണ് സുപ്രീം കോടതി പറയുന്നത്. 

കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കിയിരുന്നു. തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

 

Tags: