വിട്ടുവീഴ്ചയ്ക്കില്ലാതെ കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല

Glint desk
Mon, 04-01-2021 06:15:25 PM ;

കേന്ദ്ര സര്‍ക്കാരും കര്‍ഷകരും നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് വ്യക്തമാക്കിയത്. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ചാണ് കര്‍ഷക സംഘടനകള്‍ നാല്‍പ്പതാം ദിവസവും സമരം തുടരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു.

കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് കമ്പനി രംഗത്തെത്തിയിരുന്നു. എന്നാല്‍ റിലയന്‍സിന്റെ ഉറപ്പല്ല സര്‍ക്കാരിന്റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.

Tags: