അന്നദാതാക്കള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുന്നു; കോണ്‍ഗ്രസ്

Glint desk
Thu, 10-12-2020 05:39:48 PM ;

കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണിതെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഫാര്‍മേഴ്‌സ് എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്യത്തെ കോവിഡ് സാഹചര്യം, സാമ്പത്തിക പ്രതിസന്ധി എന്നീ വെല്ലുവിളികള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രവലിയ തുക മുടക്കി പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടെ പുതിയതായി നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്കായി 20,000 കോടിയാണ് ആകെ ചെലവ്. നാലുനിലയുള്ള പാര്‍ലമെന്റ് മന്ദിരത്തിന് മാത്രം ഏകദേശം 1000 കോടിയോളം ചെലവ് വരും.

Tags: