കര്‍ഷകസമരത്തിന് പിന്നില്‍ ചൈനയുടെയും പാക്കിസ്താന്റെയും ഗൂഢാലോചന; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

Glint desk
Thu, 10-12-2020 12:13:19 PM ;

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയുടെയും പാക്കിസ്താന്റെയും ഗൂഢാലോചനയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി റാവുസാഹിബ് ദാന്‍വെ. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു റാവുസാഹിബ് ദാന്‍വെയുടെ വിവാദ പ്രസ്താവന. എന്നാല്‍ ചൈനക്കും പാക്കിസ്താനുമെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാമെന്താണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.

പൗരത്വ ഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അവര്‍ നേരത്തെ രാജ്യത്തെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ആ നീക്കം വിജയിക്കാതെ വന്നപ്പോള്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണെന്നുമാണ് കേന്ദ്രമന്ത്രിയുടെ വാദം.

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേതല്ല, ചൈനയും പാക്കിസ്താനുമാണ് ഇതിന്റെയെല്ലാം പിന്നില്‍. കാര്‍ഷിക നിയമങ്ങള്‍ കാരണം നഷ്ടം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പൗരത്വ രജിസ്റ്ററിന്റെയും, പൗരത്വ ഭേദഗതി നിയമത്തിന്റെയും പേര് പറഞ്ഞ് മുസ്ലീങ്ങള്‍ ആറു മാസത്തിനുള്ളില്‍ രാജ്യം വിടേണ്ടി വരുമെന്നാണ് ആദ്യം പറഞ്ഞത്. എന്നിട്ട് ഒരൊറ്റ മുസ്ലീമിനെങ്കിലും പോകേണ്ടി വന്നോ, ഇപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടം നേരിടേണ്ടി വരുമെന്ന് പറയുന്നു. ഇതാണ് മറ്റ് രാജ്യങ്ങളുടെ ഗൂഢാലോചന.

Tags: