കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍, 14 ന് ദേശീയ പ്രക്ഷോഭം

Glint desk
Wed, 09-12-2020 05:41:05 PM ;

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍. സിംഘുവില്‍ ചേര്‍ന്ന കര്‍ഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി ചര്‍ച്ചയ്ക്ക് ശേഷം തള്ളിയത്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. 

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

താങ്ങുവില നിലനിര്‍ത്തും, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയത്.

Tags: