ഗുരുതര കൊവിഡ് രോഗികള്‍ക്ക് സോറിയായിസ് മരുന്ന് നല്‍കുന്നതിന് അനുമതി

Glint desk
Sat, 11-07-2020 11:23:30 AM ;

ഗുരുതര ശ്വസന പ്രശ്‌നങ്ങള്‍ പ്രകടമാക്കുന്ന രോഗികള്‍ക്ക് സോറിയാസിസ് ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന ഐറ്റൊലൈസുമാബ് എന്ന മരുന്ന് നല്‍കാനുള്ള നിര്‍ദേശത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ത്വക്ക് രോഗമായ സോറിയാസിസ് ചികില്‍സയ്ക്ക് ഫലപ്രദമായി ഉപയോഗിച്ച് വരുന്ന മരുന്നാണ് ഐറ്റൊലൈസുമാബ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസിസ്റ്റ് കമ്പനിയായ ബയോകോണ്‍ ആണ് ഐറ്റൊലൈസുമാബിന്റെ ഉല്‍പ്പാദകര്‍.

ഗുരുതര കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നല്‍കുന്നത്. കൊറോണവൈറസ് ബാധിച്ചവരില്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണം മൂലം സൈറ്റോക്കിന്റെ ഉല്‍പ്പാദനം വര്‍ധിക്കുന്നതാണ് ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഐറ്റൊലൈസുമാബ് അടയന്തിര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ നല്‍കാനാണ് നിര്‍ദേശം.  

എയിംസിലെ മെഡിക്കല്‍ വിദഗ്ദരും പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും ഉള്‍പ്പെടുന്ന വിദഗ്ധ കമ്മിറ്റി ക്ലിനിക്കല്‍ ട്രയലില്‍ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊവിഡ് ചികില്‍സയില്‍ ഉള്‍പ്പെടുത്താമെന്ന് തീരുമാനിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി വ്യക്തമാക്കി. 

Tags: