ചൈനീസ് ബന്ധമുള്ള വാര്‍ത്താ ആപ്പുകളും നിരോധിക്കണമെന്ന് ഐ.എന്‍.എസ്

Glint desk
Fri, 10-07-2020 12:07:13 PM ;

ചൈനയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ ഉടമസ്ഥരും സാമ്പത്തിക സഹായദാതാക്കളുമായുള്ള വാര്‍ത്താ വെബ്‌സൈറ്റുകളും വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സമാഹരിച്ച് നല്‍കുന്ന ആപ്ലിക്കേഷനുകളും(ന്യൂസ് അഗ്രിഗേറ്റേഴ്‌സ്) നിരോധിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി(ഐ.എന്‍.എസ്). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്കയച്ച കത്തിലാണ് ഐ.എന്‍.എസ് അധ്യക്ഷന്‍ ശൈലേഷ് ഗുപ്ത ഈ ആവശ്യം ഉന്നയിച്ചത്.  ഇന്ത്യയിലെ വാര്‍ത്താ, വിവര വിതരണരംഗത്ത് കൈകടത്താന്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും ഐ.എന്‍.എസ് ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിര്‍ത്തി ചൈനയുടെ നിലപാടിന് അനുസൃതമായി കാണിക്കുന്ന ഭൂപടങ്ങള്‍ പത്ര പരസ്യങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കാന്‍ ചൈന ശ്രമിച്ചിട്ടുണ്ടെന്നും ഐ.എന്‍.എസ് ചൂണ്ടിക്കാട്ടുന്നു.

രാജ്യസുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നവയാണ് ഇവ. ഡെയ്‌ലീഹണ്ട് എന്ന ന്യൂസ് അഗ്രിഗേറ്റിന്റെ ഭൂരിഭാഗം ഓഹരിയുടമകളും വിദേശ കമ്പനികളാണ്. നിരോധിച്ച ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈറ്റ്ഡാന്‍സും ഇതിലുള്‍പ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളൊന്നും നേരിട്ടുള്ള വിദേശനിക്ഷേപ പരിധി പാലിക്കുന്നില്ല. ഈ ആപ്പുകളുടെ സത്യസന്ധത അവയുടെ ഉടമസ്ഥതയെ ആശ്രയിച്ചിരിക്കും. പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളില്‍ നിക്ഷിപ്ത താല്‍പ്പര്യം പ്രതിഫലിക്കും എന്ന് കത്തില്‍ പറയുന്നു. 

Tags: