മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളില്‍ സ്‌ക്കൂളുകള്‍ തുറന്നു, ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി

Glint desk
Fri, 10-07-2020 11:43:25 AM ;

മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളില്‍ സ്‌ക്കൂളുകള്‍ തുറന്നു. ചന്ദ്രപുര്‍, ഗാദ്ചിരോളി ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ജൂലായ് 6 മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. ഓരോ ക്ലാസ്സുകളിലും 15 കുട്ടികള്‍ വീതമായാണ് സ്‌ക്കൂളുകള്‍ തുറന്നത്. മാസ്‌ക് ധരിച്ച് ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലാണ് നിലവില്‍ ചിലയിടങ്ങളില്‍ സ്‌ക്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജൂലായ് 31 വരെ സ്‌ക്കൂളുകള്‍ അടച്ചിടാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെയാണ് മഹാരാഷ്ട്രയില്‍ സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 

ചന്ദ്രപൂര്‍, ഗാദ്ചിരോളി എന്നീ ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് 9,10,12 ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ജൂണ്‍ 15ന് പ്രസിദ്ധീകരിച്ചത്. 

മാധേലി ഗ്രാമത്തില്‍ 9,10,11 ക്ലാസ്സുകള്‍ മാത്രമാണ് തുടങ്ങിയത്. ദിവസേന മൂന്ന് മണിക്കൂറാണ് ക്ലാസ്സ്. ഇത് 5 പിരിയഡായി വിഭജിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി ഓരോ വിദ്യാര്‍ത്ഥിയെ മാത്രമായി പുറത്തുവിടുമെന്ന് മാധേലി സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ അറിയിച്ചു.  

270ഓളം സ്‌ക്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് സ്‌ക്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ജില്ലാ കളക്ടര്‍മാരാണ്. നിയമതടസ്സങ്ങള്‍ ഉണ്ടാവാതെ ഇരുന്നാല്‍ അടുത്ത ആഴ്ചയോടെ നൂറിലധികം സ്‌ക്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വര്‍ധ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഉല്‍ഹാസ് നാരദ് വ്യക്തമാക്കി.

കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പരസ്പര വിരുദ്ധമായതിനാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം അനുവദിച്ചതായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Tags: