കൊവിഡ് വാക്‌സിന് സമയപരിധി നിശ്ചയിച്ച സംഭവം; വിശദീകരണവുമായി ഐ.സി.എം.ആര്‍

Glint desk
Sun, 05-07-2020 11:55:50 AM ;

ഓഗസ്റ്റ് 15നുള്ളില്‍ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ പുറത്തിറക്കുമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) അവകാശവാദം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഐ.സി.എം.ആര്‍. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും താല്‍പ്പര്യത്തിനുമാണ് ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നതെന്ന് ഐ.സി.എം.ആര്‍. അനാവശ്യമായി വൈകിപ്പിക്കുന്നതും ചുവപ്പുനാടയില്‍ കുരുങ്ങുന്നത് തടയാനുമാണ് അത്തരത്തില്‍ സമയപരിധി നിശ്ചയിച്ചത് എന്നാണ് ഐ.സി.എം.ആറിന്റെ വിശദീകരണം. ഓരോ ക്ലിനിക്കല്‍ ഘട്ടവും എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അങ്ങനെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങള്‍ കാലതാമസമില്ലാതെ ആരംഭിക്കാനാകുമെന്നും ഐ.സി.എം.ആര്‍ പറയുന്നു. വാക്‌സിന്‍ ട്രയല്‍ ഡാറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡിന്റെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമാണ് നടക്കുകയെന്നും എല്ലാവിധ കീഴ്‌വഴക്കങ്ങളും പാലിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. 

തീയതി നിശ്ചയിച്ചത് മോദി സര്‍ക്കാരിന് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

സമയപരിധിക്കുള്ളില്‍ വാക്‌സിന്‍ കണ്ടെത്തുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് ഗവേഷകനും ഡോക്ടറുമായ ആനന്ദ് ഭന്‍ പറഞ്ഞു. ഇന്ത്യയില്‍ 7 തരം വാക്‌സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ട്. ഇതില്‍ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേര്‍ന്ന് പരീക്ഷിക്കുന്ന വാക്‌സിനും മറ്റൊരു വാക്‌സിനും ക്ലിനിക്കല്‍ ട്രയലിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും എത്തി നില്‍ക്കുകയാണ്. 

Tags: