30 വര്‍ഷം സ്ത്രീയായി ജീവിച്ചു, പെട്ടെന്ന് ഒരു ദിവസം പുരുഷന്‍ ആണെന്നറിഞ്ഞു; അമ്പരപ്പ്

Glint desk
Sat, 27-06-2020 06:39:28 PM ;

30 വര്‍ഷം സ്ത്രീ ആയി ജീവിച്ച വ്യക്തി വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുരുഷന്‍ ആണെന്ന് കണ്ടെത്തല്‍. കൊല്‍ക്കത്തയിലാണ് സംഭവം. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തി. ഒമ്പത് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതയായത്. 28 വയസ്സുള്ള സഹോദരിയിലും ഇതേ ജനിതക വ്യത്യാസം കണ്ടെത്തി. ബയോപ്‌സി നടത്തിയപ്പോഴാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. 

ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം എന്ന അവസ്ഥയാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ആയിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്. പക്ഷേ ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. ക്രോമസോം ഘടന XXനു പകരം XYആയിരിക്കും. 

ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടിവയറ്റിലുണ്ടായ വേദനയെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ഇവരുടെ ജനിതകാവസ്ഥ കണ്ടെത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനിതക പ്രതിഭാസമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്ത്രീക്കും ഭര്‍ത്താവിനും കൗണ്‍സലിംഗ് നല്‍കി വരികയാണെന്നും ഇതുവരെ ജീവിച്ചത് പോലെ തന്നെ ഇനിയും മുന്‍പോട്ട് ജീവിക്കണമെന്ന് ഉപദേശിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags: