25 സ്‌ക്കൂളുകളില്‍ ഒരേ സമയം ജോലി, ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപ; അധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Glint desk
Fri, 05-06-2020 04:48:27 PM ;

ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക ഒരേ സമയം 25 സ്‌ക്കൂളികളില്‍ ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് സമ്പാദിച്ചത് ഒരു കോടി രൂപ. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപിക അനാമിക ശുക്ലക്കെതിരെ അന്വേഷണം ആരംഭിച്ചു. അധ്യാപികമാരുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ തയ്യാറാക്കി വരികയാണ്. ഈ പ്രക്രിയയിലാണ് 25 വ്യത്യസ്ത സ്‌ക്കൂളുകളില്‍ ഒരേ അധ്യാപികയെ നിയമിച്ചതായി കണ്ടെത്തിയത്. 

അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്‌ക്കൂളുകളിലായി അനാമിക ശുക്ല അധ്യാപികയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി വരെ 13 മാസത്തിനിടെ ഒരു കോടിയോളം രൂപയാണ് സര്‍ക്കാരില്‍ നിന്ന് ശമ്പളമായി ഇവര്‍ കൈപ്പറ്റിയിരിക്കുന്നത്. സര്‍ക്കാരിന് നല്‍കിയ വിവരമനുസരിച്ച് മെയിന്‍പുരി ജില്ലക്കാരിയാണ് ഇവര്‍. 

ഈ സംഭവവുമായി ബന്ധപ്പെട്ട് അനാമിക ശുക്ലക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല. നിലവില്‍ ഇവര്‍ക്കുള്ള എല്ലാ ശമ്പളവും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

വിഷയത്തില്‍ അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അധ്യാപികക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും യു.പി വിദ്യാഭ്യാസമന്ത്രി ഡോ.സതീഷ് ദ്വിവേദി പറഞ്ഞു.

Tags: