സംസ്ഥാനത്ത് കൊറോണ കേസുകളില്‍ വന്‍ വര്‍ധന, ഇന്ന് 42 പേര്‍ക്ക് കൊറോണ

Glint desk
Fri, 22-05-2020 05:10:44 PM ;

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ 12 പേര്‍ക്കും കാസര്‍കോട് 7 പേര്‍ക്കും പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 5 പേര്‍ക്കും തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 4 പേര്‍ക്കും കോട്ടയത്ത് 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. 2 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 17 പേര്‍ വിദേശത്ത് നിന്നും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഓരോരുത്തര്‍ക്കുമാണ് സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് രോഗം ബാധിച്ചയാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഇന്നലെ മരണപ്പെട്ട മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി 73 കാരിയായ ഖദീജയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.  

സംസ്ഥാനത്ത് ആകെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 216 പേരാണ് സംസ്ഥാനത്ത് ചികില്‍സയിലുള്ളത്. ഇന്ന് 162 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 84,258 പേരാണ് നിരീക്ഷണത്തിലുള്ളത്.  83649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലിരിക്കുന്നു. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതുവരെ 51,310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 49,535 എണ്ണം നെഗറ്റീവായി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിളുകളില്‍ 6630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി 36 പേര്‍ വീതം ചികില്‍സയിലുണ്ട്. പാലക്കാട് 26 പേരും കാസര്‍കോട് 21 പേരും കോഴിക്കോട് 19 പേരും തൃശ്ശൂര്‍ 16 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികില്‍സയിലിരിക്കുന്ന ജില്ലകള്‍. ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 

ഇതുവരെ 91,344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ അതിര്‍ത്തിക്ക് പുറത്ത് നിന്നെത്തിയത്. ഇതില്‍ 2961 പേര്‍ ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 82,299 പേര്‍ എത്തി. 43 വിമാനങ്ങളിലായി 9367 പ്രവാസികളും തിരിച്ചെത്തി. ഇവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റൈനിലാണ്. 

ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഗൗരവകരമാണെന്നും പ്രതിരോധ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശം അതിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായരായി നില്‍ക്കാന്‍ തയ്യാറല്ലെന്നും എല്ലാവര്‍ക്കും പരിശോധനയും ചികില്‍സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 
 

Tags: