പിതാവിനെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 15കാരി

Glint desk
Fri, 22-05-2020 11:44:54 AM ;

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മകള്‍. ബിഹാര്‍ സ്വദേശിയായ ജ്യോതികുമാരി എന്ന 15കാരിയാണ് അച്ഛന്‍ മോഹന്‍ പാസ്വാനെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ദര്‍ഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലെത്തിയ ശേഷം ഇരുവരും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിച്ചു. ദിവസവും ശരാശരി 40 കിലോമീറ്റര്‍ സഞ്ചരിക്കുമായിരുന്നു. ചില ഇടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരും ഇവരെ സഹായിച്ചു. 

ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായിരുന്നു മോഹന്‍ പാസ്വാന്‍. കുറച്ചു മാസം മുമ്പ് വാഹനാപകടത്തില്‍പ്പെട്ടതോടെ പ്രതിസന്ധിയിലായി. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ഗ്രാമത്തിലുമായിരുന്നു താമസം. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം പൂര്‍ണമായും നിലച്ചു. വാടക നല്‍കണം ഇല്ലെങ്കില്‍ വീടൊഴിയണമെന്ന് ഉടമ പറഞ്ഞതോടെ ഇവര്‍ ദുരിതത്തിലായി. പണമില്ലാത്തതിനെ തുടര്‍ന്ന് മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇവര്‍ക്ക് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. 

പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിള്‍ ചവിട്ടി നാടെത്താന്‍ ഇറങ്ങിത്തിരിച്ചത്. ജ്യോതിയാണ് സൈക്കിളില്‍ പോകാമെന്ന ആശയം മുന്നോട്ടുവെച്ചത്. പിതാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മകള്‍ തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ അദ്ദേഹം സമ്മതം മൂളി. ശേഷം സെക്കന്റ് ഹാന്റ് സൈക്കിള്‍ സംഘടിപ്പിച്ചാണ് ഇവര്‍ യാത്ര തിരിച്ചത്. 

ക്ഷീണം തോന്നുമ്പോഴെല്ലാം പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും പിതാവിന് ബിസ്‌ക്കറ്റും വെള്ളവും കൊടുത്ത് അദ്ദേഹത്തിന്റെ ക്ഷീണം മാറ്റുമായിരുന്നു എന്നും രണ്ട് ദിവസവും ജ്യോതി ഒന്നും കഴിച്ചിരുന്നില്ല എന്നും ജ്യോതി പറഞ്ഞു. പിതാവിന് തന്നോടുള്ള വിശ്വാസമായിരുന്നു ഇത്രയും ദൂരം സൈക്കിളോടിച്ച് എത്താന്‍ തനിക്ക് ഉണ്ടായിരുന്ന കരുത്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജ്യോതിക്ക് തുടര്‍ന്ന് പഠിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അത് സാധിച്ചു കൊടുക്കാമെന്നും പഠനത്തിന് സഹായിക്കാമെന്നും ദര്‍ഭംഗ ഭരണകൂടം ഉറപ്പ് നല്‍കി. ദര്‍ഭംഗയുടെ ശ്രാവണ്‍ കുമാരി (രാമായണത്തിലെ കഥാപാത്രമാണ് ശ്രാവണ്‍ കുമാര്‍)എന്നാണ് ജ്യോതിയെ വിശേഷിപ്പിച്ചത്. 

Tags: