കൊറോണ പടരുന്നു; ധാരാവി അടച്ചിടാനുള്ള ആലോചനയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

Glint desk
Thu, 09-04-2020 11:20:37 AM ;

കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ധാരാവി ചേരി പൂര്‍ണ്ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 

ധാരാവിയില്‍ ഒരാഴ്ച മുമ്പാണ് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. 55 വയസ്സായിരുന്നു. ബുധനാഴ്ച 64 വയസ്സുള്ള ഒരാള്‍ക്ക് കൂടി രോഗം ബാധിച്ച് മരിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ട് മരണവും രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് ധാരാവി ചേരി അടയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്. ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണ്ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 

രണ്ടു പേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരി പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. 10 ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ ഇവിടെ പാലിക്കുന്നില്ല. 

Tags: