കൊവിഡ് 19: ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

Glint desk
Sun, 29-03-2020 11:53:22 AM ;

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാരിന് എടുക്കേണ്ടി വന്നത്. അതിന്റെ പേരില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്‍ മരണ പോരാട്ടമാണെന്നും രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. ലോക്ക്ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഈ മഹാമാരിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാവണം. മനുഷ്യവര്‍ഗ്ഗം ഒന്നിച്ചു നിന്ന് നടത്തേണ്ട പോരാട്ടമാണിത്. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളെയും കുടുംബത്തെയും വൈറസില്‍ നിന്ന് രക്ഷിക്കാനാണ് ലോക്ക്ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇരിക്കുകയാണ്. നഴ്‌സുമാരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടക്കമുള്ള ഈ മുന്നണി പോരാളികള്‍ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാണ് വൈറസിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

Tags: