ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വെടിവയ്ക്കാന്‍ ഉത്തരവിടും: തെലങ്കാന മുഖ്യമന്ത്രി

Glint desk
Wed, 25-03-2020 11:09:43 AM ;

കൊറോണവൈറസ് വ്യാപനം തടയുന്നതിനായുള്ള അടച്ചുപൂട്ടല്‍ നിര്‍ദേശം ജനം ലംഘിച്ചാല്‍ വെടിവയ്ക്കാന്‍ ഉത്തരവിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍ റാവു.

അടച്ചുപൂട്ടല്‍ നിര്‍ദേശങ്ങള്‍ ജനം ലംഘിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും നിര്‍ദേശം ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ വെടിവെയ്ക്കാനുള്ള ഉത്തരവിറക്കേണ്ടിയും വരും എന്ന് റാവു പറഞ്ഞു. 

ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പോലീസിനെ സഹായിക്കുന്നതിന് എല്ലാ മന്ത്രിമാരോടും എം.എല്‍.എമാരോടും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മോരോടും റോഡിലിറങ്ങാനും റാവു ആഹ്വാനം ചെയ്തു. അമേരിക്കയില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ സൈന്യത്തെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ സൈന്യത്തെ ഇറക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ഉയര്‍ന്ന വിലയ്ക്ക് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയില്‍ ഇതുവരെ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,900 പേര്‍ നിരീക്ഷണത്തിലാണ്. 

Tags: