രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 169 ആയി

Glint Desk
Thu, 19-03-2020 10:34:45 AM ;

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 169 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇന്ന് പുതിയതായി 2 പേര്‍ക്കും കുടകില്‍ ഒരാള്‍ക്ക് കൂടിയും രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22കാരിക്കും ദുബായില്‍ നിന്നെത്തിയ 49കാരിക്കുമാണ് മഹാരാഷ്ട്രയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്നെത്തിയ ആള്‍ക്കാണ് കുടകില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണ്ണാടകത്തില്‍ ആകെ 15 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് വൈറസ്ബാധയെ തുടര്‍ന്ന് മൂന്ന് മരണം സംഭവിച്ചിരുന്നു. 

169 പേരില്‍ 25 പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഹരിയാനയിലാണ്. 14 വിദേശികള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. 

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മൂന്ന് വിദേശികളടക്കം 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്ത് കേരളമാണ്. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായുള്ളത്. ഇന്നലെ പുതിയ കേസുകളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കൊറോണവൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ കുറവ് കാരണം രാജ്യത്ത് ആകെ 168 ട്രെയിനുകള്‍ റദ്ദാക്കി. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയളവില്‍ സര്‍വീസ് നടത്താനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

 

Tags: