സൊമാറ്റോയില്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ ജോലിക്കാരന് നഷ്ടമായത് 50,000 രൂപ

Glint Desk
Fri, 14-02-2020 12:36:47 PM ;

ഹൈദരാബാദിലെ ഒരു സോഫ്റ്റ്‌വെയര്‍ ജോലിക്കാരന് സൊമാറ്റോയില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്തത് മൂലം നഷ്ടമായത് 50,000 രൂപ. ഞായറാഴ്ചയാണ് സംഭവം നടന്നത്. ജൂബിലി ഹില്‍സിലെ റഹ്മത്ത് നഗറില്‍ താമസിക്കുന്ന വ്യക്തി സൊമാറ്റോയില്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത് മുതലാണ് സംഭവങ്ങളുടെ തുടക്കം. സ്‌പെഷ്യല്‍ ബിരിയാണി ആണ് ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് ആവട്ടെ സാംബാര്‍ റൈസും. ഉടന്‍ തന്നെ പരാതി വിളിച്ച് പറയാനായി ഇദ്ദേഹം സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയുകയും ഗൂഗിള്‍ ഒരു നമ്പര്‍ സൊമാറ്റോയുടേത് എന്ന രീതിയില്‍ കാണിക്കുകയും ചെയ്തു. എന്നാല്‍ സത്യത്തില്‍ സൊമാറ്റോയ്ക്ക് കസ്റ്റമര്‍ കെയര്‍ നമ്പറില്ലെന്ന് അവര്‍ തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഗൂഗിളിലൂടെ ലഭിച്ച ആ നമ്പറിലേക്ക് അദ്ദേഹം അപ്പോള്‍ തന്നെ വിളിച്ചു. ഇദ്ദേഹത്തിന്റെ കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന രീതിയില്‍ ക്ഷമ ചോദിയ്ക്കുകയും പണം തിരിച്ച് നല്‍കാമെന്നും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി മാത്രമെ പണം തിരിച്ച് നല്‍കാന്‍ കഴിയൂ എന്നും പറഞ്ഞു. ഇത് വിശ്വസിച്ച് ഇദ്ദേഹം പേ.ടി.എം ഉപയോഗിച്ച് കസ്റ്റമര്‍ കെയര്‍ എക്‌സിക്ക്യൂട്ടീവ് എന്ന് പറയുന്ന ആള്‍ അയച്ച ലിങ്ക് ഉപയോഗിച്ച് ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തു. എന്നാല്‍ ഇതിലൂടെ പണം തിരികെ ലഭിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 50,000 രൂപ നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഐ.പി.സി 420, ഐ.ടി ആക്ട് ഡി 66 എന്നീ സെക്ഷനുകള്‍ രേഖപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു എന്ന് ഹൈദരാബാദ് സൈബര്‍ ക്രൈംസ് അസ്സിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.വി.എം. പ്രസാദ് പറഞ്ഞു.

Tags: