അജിത് പവാറിനെ തള്ളി ശരത് പവാര്‍ ; പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന

Glint Desk
Sat, 23-11-2019 12:43:04 PM ;

shivasena-sharat pawar response

---ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന്  എന്‍സിപി നേതാവ് ശരത് പവാര്‍. എന്‍സിപിയുടെ അറിവോടെയല്ല അജിത് പവാറിന്റെ നീക്കമെന്നാണ് ശരത് പവാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.ശിവസേനയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് ശരത് പവാറിന്റെ പ്രതികരണം. 

അതേസമയം അധികാരത്തിന് വേണ്ടി ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് ശിവസേന പ്രതികരിച്ചകത്. അജിത് പവാറാണ് കളം മാറ്റി ചവിട്ടിയതെന്നും ശരത് പവാറിന് ഇതില്‍ പങ്കില്ലെന്നും ശിവസേന പ്രതികരിച്ചു. ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്നതാണ് ഈ നീക്കമെന്നും അധികാര ദുരുപയോഗമാണ് നടന്നതെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ചയ് റാവത്തിന്റെ പ്രതികരണം. 

എന്‍സിപിയെ പിളര്‍ത്തിയാണോ ബിജെപിയ്ക്ക് ഒപ്പം അജിത് പവാര്‍ പോയത് എന്നകാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല. ഈ വിഷയത്തില്‍ ശരത് പവാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ തന്നെ എന്‍സിപിയ്ക്ക് ഉള്ളില്‍ നിന്നും ശിവസേനയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സ്വരം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ പലതവണ അജിത് പവാര്‍ ഇറങ്ങിപ്പോയ സ്ഥിതിയുമുണ്ടായിരുന്നു

Tags: