അന്തരീക്ഷ മലിനീകരണം ചുഴലിക്കാറ്റുകളുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

Glint Desk
Fri, 08-11-2019 01:31:53 PM ;

air pollution causes cyclones

രാജ്യത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൂടുന്നതിനോടൊപ്പം  അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും സംഹാര ശേഷിയും വര്‍ധിക്കുന്നതായി ശാസ്ത്രജ്ഞര്‍. മഴക്കാലം കഴിഞ്ഞാലും മലിനീകരണം മൂലം ചുഴലിക്കാറ്റും തീവ്രമഴയും കടലേറ്റവും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അന്തരീക്ഷത്തിലെ സൂക്ഷ്മ ധൂളി എയിറോസോള്‍ അളവു കൂടുന്നതാണ് തീവ്രചുഴലികള്‍ ഉടലെടുക്കുന്നതിന്റെ കാരണമെന്ന് കാലാവസ്ഥാ മാറ്റ സംഘടനയ്ക്കു വേണ്ടി ക്ലൈമറ്റ് ട്രെന്‍ഡ്‌സ് കാര്‍ബണ്‍ കോപ്പിയിലെ വിവിധ ശാസ്ത്രജ്ഞര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ധിച്ചാല്‍ കരയും കടലും ചൂടുപിടിക്കും. ഇത് മൂലം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് അസഹ്യമാകും. അത് തീവ്ര മഴയ്ക്കും ചുഴലിക്കാറ്റിനും വഴി തുറക്കും. 90 വര്‍ഷങ്ങള്‍ക്ക്  ശേഷം അന്തരീക്ഷ വായുവില്‍ കാര്‍ബണ്‍, സള്‍ഫേറ്റ് തുടങ്ങിയ രാസ സംയുക്തങ്ങളുടെ അളവ് 6 മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. 

2014 ന് ശേഷം തീവ്രതയേറിയ അഞ്ചു ചുഴലികളാണ്  അറബിക്കടലില്‍ പിറവിയെടുത്തതെന്ന് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 1965നു ശേഷം ആദ്യമായാണു അറബിക്കടലില്‍ ഒരേ സമയം ക്യാര്‍, മഹ എന്നീ രണ്ടു ചുഴലികള്‍ ഈ മാസം രൂപപ്പെട്ടത്.ആഗോള താപനം കൂടുന്നതോടെ ഇതിലും ശക്തമായ ചുഴലിക്കാറ്റുകള്‍ക്കാവും ഇന്ത്യ സാക്ഷ്യംവഹിക്കുക. അറബിക്കടലില്‍ രൂപമെടുക്കുന്ന ചുഴലികളുടെ എണ്ണം ഭാവിയില്‍ 46 ശതമാനം വരെ വര്‍ധിക്കാമെന്നും പഠനമുണ്ട്.

 

Tags: