ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു: കടല്‍ പ്രക്ഷുബ്ധമാവും; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Glint Desk
Thu, 25-04-2019 05:35:46 PM ;

rain

ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗത്ത് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും  29, 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിനെ 'ഫാനി' എന്ന് വിളിക്കും.

 

ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിലും തമിഴ്‌നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്. 27-ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം.വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും.

 

ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗം കൈവരിച്ചേക്കാം. തമിഴ്‌നാട് തീരത്ത് 40-50 കിലോമീറ്റര്‍ വേഗത്തിലാകും. 30-ന് -ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

 

 

 

Tags: