ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക്; ശക്തമായ മഴയും മണ്ണിടിച്ചിലും

Glint Staff
Mon, 17-12-2018 04:35:01 PM ;
Hyderabad

Phethai

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് പ്രവേശിച്ചു. ശക്തമായി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീവ്രമായ മഴയാണനുഭവപ്പെടുന്നത്. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

 

കാകിനാഡ തീരം വഴി കരയില്‍ പ്രവേശിച്ച കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. തീരദേശ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഫെയ്തായി 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

 

പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ 50ലേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണത്തേക്കുളള വിമാന സര്‍വ്വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം മേഖലയിലും കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

 

Tags: