ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും വാതിലും നിര്‍ബന്ധമാക്കുന്നു

Glint Staff
Wed, 12-12-2018 07:07:24 PM ;
Delhi

auto-rikshaw

ഓട്ടോറിക്ഷാ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം. ഓട്ടോറിക്ഷാ യാത്രയില്‍ അപകടമുണ്ടാകുമ്പോള്‍ യാത്രാക്കാര്‍ പുറത്തേക്ക് തെറിച്ച് വീഴുന്നത് തടയാനായി ഡോറുകളും ഡ്രൈവറുടെ പരിക്ക് കുറയ്ക്കാനായി സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ആലോചന. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ നിബന്ധനകള്‍ നടപ്പിലാക്കാനാണ് നീക്കം.

 

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി 6762 പേര്‍ മരിച്ചിരുന്നു. സുരക്ഷയില്ലായ്മയാണ് ഈ അപകടങ്ങള്‍ക്ക് പ്രധാന കാരണം എന്നാണ് സര്‍ക്കാര്‍ നിഗമനം. ഓട്ടോറിക്ഷയ്ക്ക് വാതിലുകള്‍ ഇല്ലാത്തത് കാരണം ചെറിയ അപകടത്തില്‍പോലും യാത്രക്കാര്‍ പുറത്തേക്ക് തെറിക്കുകയും മാരകമായി പരിക്കേല്‍ക്കാറുമുണ്ട്. ഡോര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഇതിനുള്ള പരിഹാരവും, സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കുമെന്നാണ് ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

 

 

ഡോര്‍, സീറ്റ് ബെല്‍റ്റ് എന്നിവയ്ക്ക് പുറമേ ഇരട്ട ഹെഡ്‌ലാമ്പ്, ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ക്ക് കൃത്യമായ അളവ്, പിന്‍നിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്‌പേസ് വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.

 

Tags: