750 കിലോ ഉള്ളിക്ക് കിട്ടിയത് 1064 രൂപ; തുക പ്രധാനമന്ത്രിക്കയച്ചുകൊടുത്ത് കര്‍ഷകന്റെ പ്രതിഷേധം

Glint Staff
Mon, 03-12-2018 01:22:25 PM ;
Nashik

 onion-modi

മൂന്ന് മാസത്തെ അധ്വാനംകൊണ്ട് ഉല്‍പാദിപ്പിച്ച 750 കിലോ ഉള്ളി വിറ്റപ്പോള്‍ കിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്കയച്ചുകൊടുത്ത് കര്‍ഷകന്റെ പ്രതിഷേധം. നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സാഥെ എന്ന കര്‍ഷകനാണ് തന്റെ  സങ്കടവും രോഷവും ഇത്തരത്തില്‍ പ്രകടിപ്പിച്ചത്.

 

750 കിലോ ഉള്ളിയാണ് ഈ വിളവെടുപ്പു കാലത്ത് ഉത്പാദിപ്പിച്ചത്. അത് ചന്തയില്‍ വില്‍ക്കാന്‍ ചെന്നപ്പോള്‍ കിലോയ്ക്ക് ഒരു രൂപയാണ് വാഗ്ദാനം ലഭിച്ചത്. വിലപേശലിനൊടുവില്‍ കിലോയ്ക്ക് 1.40 രൂപ എന്ന നിരക്കിലാണ് ഉള്ളി വിറ്റു. മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്  ഇത്ര തുച്ഛമായ വില ലഭിക്കുന്നത് വേദനാജനകമാണ്. അതുകൊണ്ടാണ് പ്രതിഷേധ സൂചകമായി 1,064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ലെന്നും സഞ്ജയ് സാഥെ പറഞ്ഞു.

 

2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത കര്‍ഷകരുടെ സംഘത്തിലെ അംഗമായിരുന്നു സാഥെ. കാര്‍ഷിക മേഖലയില്‍ പുരോഗമനപരമായ സമീപനം സ്വീകരിക്കുന്നവരിലൊരാള്‍ എന്ന നിലയിലാണ് ഒബാമയുമായുള്ള കൂടിക്കാഴ്ചക്ക് സാഥെക്കു ക്ഷണം ലഭിച്ചത്.

 

 

 

Tags: