വാചകങ്ങള്‍ രണ്ട്, വാക്കുകള്‍ ഏറെ

Glint Views Service
Tue, 24-09-2013 04:30:00 PM ;

രണ്ടു വാചകങ്ങള്‍, ഒന്ന് വന്നത് ചാനലില്‍, മറ്റേത് പത്രത്തില്‍. രണ്ടും വെളിയം ഭാര്‍ഗവനെക്കുറിച്ചുള്ള അനുസ്മരണം. ചാനലില്‍ വന്നത് അഡ്വ.ജയശങ്കറിന്റേത്. വെളിയം ഭാര്‍ഗവനാശാന്റെ അഡ്വ.ജയശങ്കറിനു മനസ്സിലാകാത്ത, അധികം ആര്‍ക്കും അറിയാത്ത സ്വഭാവം. അതു പറഞ്ഞപ്പോള്‍ ജയശങ്കറിന്റെ സ്വരം എന്തോ അരുതാത്തതു ചെയ്യുന്നത് അറിഞ്ഞകാര്യം പറയുന്നതുപോലെയായിരുന്നു. വെളിയത്തിന്റെ മൊത്തം വ്യക്തിത്വത്തിനോട് ചേര്‍ന്നുപോകാത്തവിധം കര്‍ണ്ണാടക സംഗീതം ആസ്വദിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അതിനെ ബൂര്‍ഷ്വാ ആസ്വാദനശീലമെന്നാണ് ജയശങ്കര്‍ വിശേഷിപ്പിച്ചത്. അതും രാത്രി ഒമ്പതുമണികഴിഞ്ഞ് അതു കേള്‍ക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കമ്പത്തെക്കുറിച്ചാണ് ജയശങ്കര്‍ ബൂര്‍ഷ്വാ സ്വഭാവമായി ചിത്രീകരിച്ചത്. രണ്ടാമത്തെ വാചകം മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്‌നാകരന്‍ മാത്രഭൂമി എഡിറ്റോറിയല്‍ പേജില്‍ വെളിയത്തെക്കുറിച്ച് എഴുതിയ അനുസ്മരണലേഖനത്തിന്റെ തുടക്കമാണ്. അതിങ്ങനെ: എല്ലാ ചരാചരങ്ങളുടേയും ചങ്ങാതിയായിരിക്കണം ഉത്തമനായ മനുഷ്യനെന്ന ഗാന്ധിചിന്ത പ്രായോഗികാര്‍ഥത്തില്‍ നടപ്പാക്കിയ ഋഷിതുല്യനായ കമ്യൂണിസ്റ്റായിരുന്നു വെളിയം ഭാര്‍ഗവന്‍.

 

കേരളവും കേരളത്തിലെ മാധ്യമങ്ങളും അകപ്പെട്ടുകിടക്കുന്ന പൊതുചിന്താകുടുക്ക് ഈ രണ്ടു വാചകത്തിലും കണ്ടെത്താം. ആദ്യത്തെ വാചകത്തോട് മാധ്യമങ്ങള്‍ യോജിക്കുമോ എന്നു സംശയമാണ്. കാരണം ഒന്നുമില്ലെങ്കിലും റിയാലിറ്റിഷോയും യേശുദാസുമൊക്കെ സൃഷ്ടിച്ച അന്തരീക്ഷത്തിലൂടെ കര്‍ണ്ണാടകസംഗീതം വരേണ്യവര്‍ഗത്തിന്റെ ചിഹ്നമാണെന്നുള്ള ധാരണ ഒരു പരിധിവരെ മാറിയിട്ടുണ്ട്. മിക്ക വിഷയങ്ങളിലും ആധികാരികമായ രീതിയില്‍ തീവ്രമായി പ്രതികരിക്കുന്ന ചാനല്‍ചര്‍ച്ചാ അംഗമാണ് ജയശങ്കര്‍. സംഗീതത്തേയും വര്‍ഗബോധചിന്തയിലൂടെ കാണുന്നതുകൊണ്ടാവാം ജയശങ്കര്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. കര്‍ണാടകസംഗീത വിദഗ്ധനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്‍ സവര്‍ണ്ണനല്ലായിരുന്നു എന്നുള്ള കാര്യം ജയശങ്കര്‍ ഓര്‍ത്തുകാണില്ല. അതുപോലെ കര്‍ണ്ണാടക സംഗീതത്തിന്റെ ഉദാത്ത ഭാവങ്ങള്‍ ചലച്ചിത്രഗാനങ്ങളിലൂടെ മലയാളിമനസ്സില്‍ സന്നിവേശിപ്പിച്ച പരവൂര്‍ ദേവരാജനും സവര്‍ണ്ണനും ബൂര്‍ഷ്വാ ചിന്താഗതിക്കാരനുമായിരുന്നില്ല. മാത്രമല്ല അദ്ദേഹം വിപ്ലവപ്രസ്ഥാനത്തോടൊന്നിച്ച് യാത്രചെയ്തയാളുമാണ്. മലയാളസിനിമയിലെ ചില തമ്പുരാന്‍ കഥാപാത്രങ്ങള്‍ക്ക് കച്ചവടമികവ് കൂട്ടാന്‍ വീതിയുള്ള കസവിനൊപ്പം കര്‍ണ്ണാടകസംഗീതത്തിലെ താല്‍പ്പര്യവും സ്വഭാവസവിശേഷതയായി തിരക്കഥാകൃത്തുക്കള്‍ വിളക്കിച്ചേര്‍ക്കാറുണ്ട്. അത്തരം മാനസികാവസ്ഥയുടെ സ്വാധീനത്തില്‍ നിന്നെന്ന പോലെയായി ജയശങ്കറിന്റെ ആ അഭിപ്രായം. വിപ്ലവഗാനങ്ങള്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതും കാണിക്കുന്നത് സംഗീതത്തിന്റെ പ്രസക്തിയാണ്. അല്ലാതെ തൊഴിലാളിവര്‍ഗാധിപത്യമല്ല അത്തരം സംഗീതശില്‍പ്പങ്ങള്‍ക്ക് പ്രചാരം നേടിക്കൊടുത്തത്.

 

ജയശങ്കറിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെങ്കിലും അതിനെ സ്വാധീനിച്ചിരിക്കുന്നത് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയുടെ പ്രതിഫലനമാണ്. കരയുന്നവന് ആവശ്യം ചിരിക്കുന്നവനെയാണ്. എന്നാല്‍ കരയുന്നവന് കരയുമ്പോള്‍ ആശ്വാസം കിട്ടുക കൂടെ കരയുന്നവനോടാണ്. അവനാണ് തന്നോട് സ്‌നേഹമുളളവനെന്നു കരുതും. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ….എന്ന ചലച്ചിത്രഗാനം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് ഉചിതം. അതിലെ അടുത്തവരി കരയുമ്പോള്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം. ആ പാട്ടിലേയും പരിഭവം കരയുമ്പോള്‍ കൂടെ കരയാന്‍ ആരേയും കിട്ടുന്നില്ല എന്ന ഉക്തിയാണ്. ദാരിദ്യം അനുഭവിക്കുന്നവന് അതില്‍ നിന്ന് കരകയറണമെങ്കില്‍ അവന്‍ സമ്പന്നതയുടെ നേര്‍ക്ക് തിരിഞ്ഞാലേ സാധിക്കു. വിശക്കുന്നവന്റെ മുന്നില്‍ സമ്പന്നത ഭക്ഷണമായി മാറുന്നു. എന്നാല്‍ സമ്പന്നത നാം ഒരു പ്രത്യേക കാലഘട്ടത്തിലെ സമരത്തിന്റെയും പോരാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എപ്പോഴും എതിരിടേണ്ട, യുദ്ധം ചെയ്യേണ്ട ഒരവസ്ഥയാണതെന്നുള്ള ധാരണ മലയാളിയുടെ ഡി.എന്‍.എയിലേക്ക് സന്നിവേശിക്കപ്പെട്ടുപോയി. അതിനാല്‍ തൊഴിലാളിയോടും പാവപ്പെട്ടവനോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അവന്റെ പ്രീതി നേടാന്‍ അവനേപ്പോലെ ബാഹ്യമായി കാണപ്പെടുകയോ താദാത്മ്യഭാവത്തിലെത്തുകയോ മതിയെന്ന എളുപ്പവിദ്യ സാധ്യമായി. ദുരിതമനുഭവിക്കുന്നവന്റെ ദുരിതമകന്നില്ലെങ്കിലും അവനും  മറ്റുള്ളവനും ബാഹ്യമായ ആ താദാത്മ്യഭാവമുണ്ടായാല്‍ തൃപ്തിയായി. മുഷിഞ്ഞവേഷവും മനപ്പൂര്‍വ്വം കീറിയ വസ്ത്രം പോലും ധരിക്കുന്ന നേതാക്കള്‍ കേരളത്തിലുണ്ട്. പുതിയ വസ്ത്രം വാങ്ങി കാഴ്ചവീഴുന്നിടത്ത് കീറലുണ്ടാക്കി നടക്കുന്നവര്‍ വരെ. എന്തായാലും ആ ട്രെന്‍ഡ് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഈ ധാരണ ഡി.എന്‍.എയിലേക്കു പറഞ്ഞയച്ച സാമൂഹ്യപശ്ചാത്തലത്തില്‍ കസവും സമ്പന്നതയും കര്‍ണ്ണടകസംഗീതവുമെല്ലാം ബൂര്‍ഷ്വാ ചിഹ്നങ്ങളായിരുന്നു. എന്തിന് സംസ്‌കൃതഭാഷപോലും വരേണ്യവര്‍ഗ ഭാഷയായതിനാല്‍ അത് ബൂര്‍ഷ്വാഭാഷയാണെന്ന ഗിരിപ്രഭാഷണങ്ങളുടേയും എഴുത്തുകളുടേയും അലകള്‍ ഇപ്പോഴും പൂര്‍ണ്ണമായി കെട്ടടങ്ങിയിട്ടില്ല. അങ്ങിനെ എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്ത ചിലര്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുമുണ്ട്. അതിനുശേഷം അവരില്‍ നിന്ന് പഴയതുപോലെ മൂര്‍ച്ഛയുള്ള എഴുത്തും പ്രസംഗവും കണ്ടിട്ടില്ലെന്നുള്ളത് സാന്ദര്‍ഭികമായി ഓര്‍ക്കാം.

 

സംഗീതം ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും കേരളത്തില്‍ ജീവിക്കുന്ന ഒറ്റമലയാളിക്കും യേശുദാസിന്റെ സ്വരത്തിലുള്ള ഒരു സിനിമാഗാനമെങ്കിലും കേള്‍ക്കാതെ വീട്ടിനകത്തായാലും പുറത്തായാലും ജീവിക്കുക സാധ്യമല്ല. അതെല്ലാം മലയാളി ആസ്വദിക്കുന്നുമുണ്ട്. അതില്‍ സംഗീതമറിയാത്തവരാണ് കൂടുതലും. അതെല്ലാം തന്നെ അപൂര്‍വ്വം ചിലതൊഴിച്ചാല്‍ കര്‍ണ്ണാടകസംഗീതത്തിലെ ഓരോ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ആ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നതിനെയാണ് ജയശങ്കര്‍ വെളിയത്തിന്റെ ബൂര്‍ഷ്വാ ആസ്വാദനശീലമെന്ന് വിശേഷിപ്പിച്ചത്. അത് ഒരു ചിന്താശീലത്തിന്റെ പ്രതിഫലനമാണ്.

 

ഇത്തരം അഭിപ്രായങ്ങള്‍ ചാനലിലൂടെ കേള്‍ക്കുമ്പോഴാണ് വാക്കിന്റെ വിലയേക്കുറിച്ചും അതുപയോഗിക്കുന്നതിലെ ശ്രദ്ധയെക്കുറിച്ചും പറയുന്നവരും പറയിപ്പിക്കുന്നവരും ഓര്‍ക്കേണ്ടത്. ചിലപ്പോള്‍ അവിചാരിതമായി കേള്‍ക്കുന്ന ഒരു വാചകത്തില്‍ നിന്നാവും ഒരു വ്യക്തിയുടെ ജീവിതം തന്നെ വഴിതിരിയുക. ജയശങ്കറിന്റെ അഭിപ്രായങ്ങളും  അവതരണവുമൊക്കെ ഇഷ്ടപ്പെടുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ട്. അവര്‍ അദ്ദേഹം പറയുന്നതിലെ യുക്തിയെക്കുറിച്ച് അധികം ആലോചിക്കില്ല. ആള്‍ക്കാരെ ചെറുതാക്കി സംസാരിക്കുന്നതും ആക്ഷേപം ചൊരിയുന്നതുമൊക്കെ കേരളത്തിലെ മാധ്യമ ആസ്വാദനഘടകത്തിലെ മുഖ്യഇനമാണ്. കാരണം അതിനു നല്ല മാര്‍ക്കറ്റാണ്. അജിനമോട്ടോ ചേര്‍ത്ത ഫാസ്റ്റ് ഫുഡ് രുചിയാണ് അത്തരം പരിപാടികള്‍ പ്രേക്ഷകര്‍ക്ക് നല്കുന്നത്. ഫാസ്റ്റ്ഫുഡ് ക്യാന്‍സറുള്‍പ്പടെയുള്ള  അനവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുവേന്നുള്ള അറിവ് ഇപ്പോള്‍ വന്‍തോതില്‍ വ്യാപിക്കുന്നുണ്ട്. കാരണം ആ വേഗത്തിലാണ് കേരളത്തില്‍ ക്യാന്‍സറും മറ്റ് ജീവിതശൈലീരോഗങ്ങള്‍ എന്നറിയപ്പെടുന്ന രോഗങ്ങളും പടര്‍ന്നുകൊണ്ടിരിക്കുന്നത്. അതുപോലെ ഒരു തിരിച്ചറിവ് മാധ്യമഉള്ളടക്കങ്ങളുടെ കാര്യത്തിലും അധികം താമസിയാതെ ഉണ്ടാവുമെന്നുള്ളതില്‍ തര്‍ക്കമില്ല. ആ വിഷയം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ജയശങ്കറിന്റെ  വാക്കുകള്‍ ഇഷ്ടപ്പെടുന്നവരില്‍  അവരറിയാതെ കര്‍ണ്ണാടകസംഗീതം ഒരു ബൂര്‍ഷ്വാ ആസ്വാദനശീലമാണെന്ന തോന്നല്‍ ഉളവാക്കും. അവരില്‍ അത് സംഘര്‍ഷം സൃഷ്ടിക്കും. കാരണം അവരില്‍ കര്‍ണ്ണാടക സംഗീതം ആസ്വദിക്കുന്നവരും ആലപിക്കുന്നവരുമുണ്ടാകും. ജയശങ്കറിന്റെ രാഷ്ട്രീയ ആഭിമുഖ്യമുള്ളവര്‍ക്കും ഇതേ പ്രശ്നമുണ്ടാകും. എന്നാല്‍ ബോധതലത്തില്‍ അവരതറിയണമെന്നില്ല. അബോധതലത്തില്‍  അല്ലെങ്കില്‍ ഉപബോധതലത്തില്‍ ഇത് സംഘര്‍ഷത്തിലേക്കു നയിക്കും. അതവരുടെ കാഴ്ചപ്പാടിനെ നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കും. ഇത്തരം സംഘര്‍ഷങ്ങള്‍ വ്യക്തിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കും. സംഘര്‍ഷങ്ങളിലകപ്പെടുന്നവരുടെ ഉള്ളില്‍ നടക്കുന്നത് യുദ്ധമായിരിക്കും. യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടാവു. എങ്ങിനേയും ജയിക്കുക. അവിടെ കാര്യങ്ങളുടെ കിടപ്പോ വസ്തുതയോ വീക്ഷണമോ ഒന്നും പ്രശ്നമല്ല. പല ടെലിവിഷന്‍ ചര്‍ച്ചകളും കണ്ടാല്‍ ഇതു മനസ്സിലാക്കാവുന്നതേയുള്ളു. അങ്ങിനെയാണ് വിപരീതാത്മകവ്യക്തിത്വം രൂപീകൃതമാകുക. എന്തിനേയും എതിര്‍ക്കുക. എതിര്‍പ്പിലൂടെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാവുക. വൈകാരികതലത്തില്‍ കര്‍ണ്ണാടക സംഗീതത്തെ ആസ്വദിക്കുകയും ചിന്തയുടെ തലത്തില്‍ അതിനെ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തില്‍ നിഷേധിക്കുകയും ചെയ്യേണ്ടിവരുന്നവര്‍ക്കുണ്ടാകുന്ന സംഘര്‍ഷം വൈകാരികതലത്തിലും തുടര്‍ന്ന് അത് ചിന്തയുടെ തലത്തേയും സ്വാധീനിക്കുന്നു. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കപ്പെടേണ്ടതാണ്. വിശേഷിച്ചും ചാനലുകളില്‍. പല പശ്ചാത്തലവും പ്രായത്തിലുള്ളവരും കാണുന്ന മാധ്യമമാണത്.

 

മുല്ലക്കര രത്‌നാകരന്റെ വാചകത്തിലൂടെ കണ്ണോടിച്ചാല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം  അകപ്പെട്ടിരിക്കുന്ന അവസ്ഥയും വെല്ലുവിളിയും സുവ്യക്തമായി തെളിഞ്ഞുകാണാം. മുല്ലക്കര പറയുന്നു, എല്ലാ ചരചരങ്ങളുടേയും ചങ്ങാതിയായിരിക്കണം ഉത്തമനായ മനുഷ്യനെന്ന ഗാന്ധിചിന്ത പ്രയോഗത്തില്‍ വരുത്തിയ ഋഷിതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു വെളിയമെന്ന്. മനുഷ്യനോടു മാത്രമല്ല എല്ലാ ചരാചരങ്ങളോടും ചങ്ങാതിയായിരിക്കുക. ഭാരതീയ ദര്‍ശനത്തിന്റെ പ്രയോഗം തന്നെയാണ് ഗാന്ധി പറഞ്ഞതും പ്രവര്‍ത്തിച്ചതും. അപ്പോള്‍ മനുഷ്യനും മനുഷ്യനും തമ്മിലുണ്ടാവേണ്ട ഭേദമില്ലായ്മയെക്കുറിച്ച്പറയേണ്ടതില്ലല്ലോ. പിന്നെ എങ്ങിനെ വര്‍ഗ്ഗസമരം. വര്‍ഗസമരമില്ലെങ്കില്‍ കമ്മ്യൂണിസ്റ്റെവിടെ. മുല്ലക്കര വെളിയത്തിനെ വിശേഷിപ്പിക്കാനുള്ള ഉപമാനങ്ങളായിട്ടാണ് ഗാന്ധിചിന്തയേയും ഋഷിയേയും ഉപയോഗിച്ചിട്ടുള്ളത്. അപ്പോള്‍ ഗാന്ധിദര്‍ശനത്തോടും ഋഷിപ്രോക്തമായ ഭാരതീയ സംസ്‌കാരത്തോടുമുള്ള മുല്ലക്കരയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആത്മാവില്‍ കിടക്കുന്ന അറിവ് സ്വാഭാവികമായി പ്രകടമാവുകയായിരുന്നു. വെളിയമെന്ന കമ്മ്യൂണിസ്റ്റുകാരന്റെ യഥാര്‍ഥ മുഖം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു മുല്ലക്കര. ഇന്ത്യയുടെ ആത്മാവിനെ ഇതുവരെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതിലെ രോദനസമമായ എന്നാല്‍ ആത്മാര്‍ഥവും സത്യസന്ധവുമായ പ്രസ്താവനയാണ് മുല്ലക്കര നടത്തിയിരിക്കുന്നത്. ആ ഉപമാനങ്ങള്‍ വെളിയത്തിന് യോജിച്ചതുമായിരുന്നു.

 

ജയശങ്കറും മുല്ലക്കര രത്‌നാകരനും കേരളീയ പൊതുമുഖത്തിന്റെ ഉദാഹരണങ്ങളാണ്. ഈ ചിന്താഗതി തന്നെയാണ് പൊതുവേ മാധ്യമങ്ങളും പങ്കുവയ്ക്കുന്നത്. ഇത് പരസ്പരം ആംഗലേയത്തില്‍ വിഷ്യസ് സര്‍ക്കിളെന്നും മലയാളത്തില്‍ ദൂഷിതവലയമെന്നും പറയുന്നവിധം പ്രവര്‍ത്തിച്ചുകൊണ്ടും പ്രതിപ്രവര്‍ത്തിച്ചുകൊണ്ടുമിരിക്കുന്നു. ഇത് കേരളത്തിന്റേയും ഓരോ കേരളീയന്റേയും ജീവിതത്തെ സദാസമയവും നേരിട്ടും പരോക്ഷമായും സ്വാധീനിച്ചുകൊണ്ടിരിക്കുകയും ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത് അവ്യക്തതയുടെ കട്ടി വര്‍ധിപ്പിച്ചുകൊണ്ടുമിരിക്കുന്നു. മാധ്യമങ്ങള്‍ ഈ അവ്യക്തതയില്‍ നിന്ന് വ്യക്തതയിലേക്കാണ് പ്രേക്ഷകരേയും വായനക്കാരേയും കേള്‍വിക്കാരേയും നയിക്കേണ്ടത്.

Tags: