മന്ത്രിപ്പിണക്കങ്ങള്‍ നവകേരളസൃഷ്ടിക്ക് വിലങ്ങുതടിയാകരുത്

Glint Staff
Tue, 04-09-2018 07:17:23 PM ;

Thomas Isaac, G Sudhakaran

പ്രളയക്കെടുതികളെ അതിജീവിക്കാനുള്ള ഉദ്യമത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് കേരളം. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ അതേ ഒത്തൊരുമയുമായി പുനഃരധിവാസ പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു. എന്നാല്‍ ഇതിനിടയിലാണ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ പരസ്പരം പരസ്യമായി കൊമ്പുകോര്‍ക്കുന്നത്. അതും സ്വന്തം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍.

 

പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ധനകാര്യമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കും അഭിമാനപ്രശ്‌നങ്ങള്‍ക്കും പശ്ചാത്തലമാക്കേണ്ടത് പ്രളയത്തെയല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് നവകേരളസൃഷ്ടിക്ക് മലയാളികളെല്ലാം ഒരുമിക്കണമെന്ന്. ആ ഒരുമയ്ക്ക് ഏറ്റവും വലിയ മാതൃകയാകേണ്ടത് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന മന്ത്രിമാരാണ്. ഈ മഹാ ദുരന്തത്തെ അതിജീവിക്കുന്നതില്‍ അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാരും അതിന് മെനക്കെട്ടിട്ട് കാര്യമില്ല. ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെടുന്നതിലെ ഔചിത്യമെന്താണ്.

 

പ്രളയത്തെ മാറ്റിനിര്‍ത്തിയാലും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പറയേണ്ടത് പൊതുവേദിയിലല്ല. അതിനാണ് എല്ലാ ആഴ്ചയും മന്ത്രിസഭായോഗം ചേരുന്നത്. അവിടെയാണ്  അതിനുള്ള വേദി. അല്ലാതെ പുറത്തിറങ്ങി പൊതുവേദിയില്‍ ദുരിതമനുഭവിക്കുന്നവരുടെ മുന്നില്‍ വച്ച് പരസ്പരം ചെളിവാരിയെറിയുകയല്ല വേണ്ടിയിരുന്നത്. അതും സി.പി.എമ്മിനെ പോലോരു കേഡര്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍. വൈദ്യുത-ജലസേചന-റവന്യൂ വകുപ്പുകള്‍ തമ്മിലുണ്ടായ ഏകോപനക്കുറവാണ് പ്രളയത്തിന് ആക്കം കൂട്ടിയതെന്ന് ശക്തമായ ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ്  അടുത്ത മന്ത്രിപ്പിണക്കം ഉണ്ടാകുന്നതെന്നുകൂടിയോര്‍ക്കണം. ആഘോഷ പരിപാടികള്‍ മാറ്റിയതിനെച്ചൊല്ലി പുതിയ കല്ലുകടിയുണ്ടായിട്ടുമുണ്ട്.

 

പ്രളയസമയത്ത് പക്വമായ പ്രവര്‍ത്തനമാണുണ്ടായതെങ്കിലും മലയാളമാധ്യമങ്ങളും പ്രേക്ഷകരും അല്‍പം വിവാദപ്രിയരാണെന്നതില്‍ സംശയമില്ല. അങ്ങനെയിരിക്കെ ഇത്തരത്തിലുള്ള മന്ത്രിതല തര്‍ക്കങ്ങളും പിണക്കങ്ങളും തീര്‍ച്ചയായും വിവാദ ചര്‍ച്ചയ്ക്ക് വഴിവക്കും. അത് വിഴുപ്പലക്കലിലേക്കും പ്രതിരോധം തീര്‍ക്കുന്നതിലേക്കുമൊക്കെ കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കും. അതുവഴി നഷ്ടം സംഭവിക്കുന്നത് ദുരിതബാധിതര്‍ക്കാണ്. അവരിലേക്കെത്തേണ്ട ശ്രദ്ധയും കരുതലുമാണ് മാറിപ്പോകുന്നത്.  

 

മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധികോണുകളില്‍ നിന്നും സഹായം കേരളത്തിനായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടിയാണ് ഓരോരുത്തരും തങ്ങളുടെ സംഭാവന നല്‍കുന്നത്. എന്നാല്‍ ഇനിയും ഏറെ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ അക്കാര്യം വ്യക്തമാക്കിയിരുന്നു. പക്ഷേ ഇത്തരത്തിലാണ് മന്ത്രിമാരുടെ പ്രവര്‍ത്തനമെങ്കില്‍ വിഭവങ്ങള്‍ എത്ര സമാഹരിച്ചാലും അതെല്ലാം വിവാദത്തില്‍ മുങ്ങിപ്പോകാനാണ് സാധ്യത.

 

Tags: