പീഡന-ലഹരി വാര്‍ത്തകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍

Glint Staff
Thu, 12-07-2018 05:10:48 PM ;

 rape-drug

പീഡന വാര്‍ത്തകളും മദ്യ-ലഹരി വാര്‍ത്തകളും മലയാളി പ്രേക്ഷകരിലേക്ക് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന്, ഇത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാതെ ഒരു ബുള്ളറ്റിനും ഒരു പത്രവും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത് വിരളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസാണ് മാധ്യമങ്ങളുടെ പ്രധാന ആയുധം. അതിനൊപ്പം ഇപ്പോള്‍ ജി.എന്‍.പി.സി എന്ന മദ്യപാന പ്രോല്‍സാഹന കൂട്ടായ്മയുടെ വാര്‍ത്തയും എത്തിയിരിക്കുന്നു. പ്രധാന വാര്‍ത്തകളും പ്രൈം ടൈം ചര്‍ച്ചകളുമെല്ലാം ഇപ്പോള്‍ ഈ വിഷങ്ങളെ കേന്ദ്രീകരിച്ചാണ്. ഒന്ന് പീഡന കഥയും മറ്റൊന്ന് ലഹരിക്കഥയും. സംശയമില്ല ചാനലിന്റെയും പത്രങ്ങളുടെയും പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ അവസരം.

 

വസ്തുതകളെ മൂലയ്ക്ക് നിര്‍ത്തി പൈങ്കിളിയ്ക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനമാണ് നിലവില്‍ കേരളത്തില്‍ തുടരുന്നത്. മാധ്യമങ്ങള്‍ പീഡന വാര്‍ത്തകളെ അവതരിപ്പിക്കുന്ന രീതിയില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ഒരു സ്ത്രീ താന്‍ പീഡനത്തിനിരയായി എന്ന് വെളിപ്പെടുത്തിയാല്‍ കേസിന്റെ പുരോഗതിയ്ക്ക് പിന്നാലെ പോകുന്നതിന് പകരം, ഇരയാക്കപ്പെട്ട ആളെയും അവര്‍ അനുഭവിച്ച പീഡനത്തെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിലാണ് മാധ്യമ ശ്രദ്ധ. പീഡന വിധേയയായ ആളുടെ മുഖം മാത്രം മറച്ചുകൊണ്ട് അവരെ തുറന്ന് കാട്ടുന്നു. പറ്റുമെങ്കില്‍ അവരുമായി അഭിമഖം വരെ സംപ്രേക്ഷണം ചെയ്യും. ആര് പീഡിപ്പിച്ചു, എവിടെ വച്ച് പീഡിപ്പിച്ചു എങ്ങനെ പീഡിപ്പിച്ചു, എത്ര വട്ടം പീഡിപ്പിച്ചു എന്ന് തുടങ്ങിയ വശദീകരണങ്ങളും റിപ്പോര്‍ട്ടുകളും കൊണ്ട് ചാനലും പത്രവും നിറയും.

 

നിലവില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിലെയും ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലെയും ഇരയാക്കപ്പെട്ടവര്‍ പോലീസിന് മുന്നില്‍ മൊഴിയായി തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശേഖരിച്ച് ഓരോ ദിവസവും അതില്‍ എരിവും പുളിയും കുത്തിത്തിരുകാന്‍ കഴിയുന്ന ഭാഗങ്ങളെടുത്ത് വലിയ സ്‌കൂപ്പെന്ന രൂപേണ അവതരിപ്പിക്കുകയാണ്. അതിനിടയിലാണ് ജി.എന്‍.പി.സി എന്ന മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നഗ്രൂപ്പിനെ സംബന്ധിച്ച വാര്‍ത്തയും വിവാദവുമൊക്കെ വരുന്നത്. അവിടെയും വളരെ വിശദമായ രീതിയിലാണ് അവതരണം. ആ ഗ്രൂപ്പിന്റെ എല്ലാ വശങ്ങളെപ്പറ്റിയും പ്രവര്‍ത്തനത്തെപ്പറ്റിയും ഒക്കെ തുറന്ന് വിശദീകരിക്കുകയാണ്.

 

മാധ്യമപ്രവര്‍ത്തനം അല്ലെങ്കില്‍ മാധ്യമ ധാര്‍മ്മികത ഇങ്ങനെയൊക്കെയായി മാറുമ്പോള്‍ വീര്‍പ്പു മുട്ടുന്നത് പൊതുജനമാണ്. എന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സ്വീകരണ മുറിയിലേക്ക് വാര്‍ത്താരൂപേണ എത്തുന്നു. സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കേണ്ട കൂട്ടരാണ് മാധ്യമങ്ങള്‍. എന്നാല്‍ ഇതുപോലുള്ള വാര്‍ത്താ പ്രക്ഷേപണത്തിലൂടെ നേരെ വിപരീതഫലമാണ് സമൂഹത്തില്‍ ഉണ്ടാവുക. തുടരെ തുടരെ വരുന്ന ദുഷിപ്പ് നിറഞ്ഞ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ വ്യക്തിയില്‍ അസ്വസ്ഥത വളരും. ആ അസ്വസ്ഥത അരാചകത്വത്തെ സൃഷ്ടിക്കും. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന തലമുറയില്‍. കാരണം ഇത്തരം വാര്‍ത്തകളില്‍ കൊള്ളേണ്ടതേത് തള്ളേണ്ടതേത് എന്ന വിവേചനബുദ്ധി അവരില്‍ പൂര്‍ണതോതില്‍ വികസിച്ചു വരുന്ന സമയമായതിനാല്‍.

 

വാര്‍ത്തകള്‍ നല്ലതും ചീത്തയുമുണ്ടാവുക സ്വാഭാവികം. അതില്‍ ചീത്തയെ മാത്രം കേന്ദ്രീകരിച്ച് പൈങ്കിളി പടച്ച് വിടുമ്പോള്‍ തങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും മാത്രമാണ് മാധ്യമങ്ങളുടെ ലക്ഷ്യം. അതില്‍ എത്രയും പെട്ടെന്ന് മാറ്റമുണ്ടാകണം. അല്ലാത്ത പക്ഷം സമൂഹവും നാടും കൂടുതല്‍ അധഃപതനത്തിലേക്ക് നീങ്ങും. എങ്ങും അരാചകത്വങ്ങള്‍ വ്യാപിക്കും.

Tags: