തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് പുറപ്പെടുവിക്കുന്ന സന്ദേശം

Glint Staff
Mon, 04-06-2018 06:11:35 PM ;

 Theater, child abuse

എടപ്പാളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി ഒരു സന്ദേശം പുറത്ത് വിടുന്നുണ്ട്. നിയമപരമായി തിയേറ്റര്‍ ഉടമ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെങ്കിലും, പീഡനക്കേസിലെ പ്രതിയുടെ സ്വാധീനം ഈ അറസ്റ്റില്‍ തെളിഞ്ഞ് കാണുന്നു. പോലീസിന് പരാതി ലഭിച്ചിട്ടും നടപടി  വൈകിയ സാഹചര്യത്തിലാണ് മാധ്യമങ്ങളിലൂടെ പീഡന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതി മൊയ്തീന്‍കുട്ടി അറസ്റ്റിലാവുന്നത്.

 

ഇവിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് ലഭിക്കേണ്ട നീതിയാണ് പ്രശ്‌നമാകേണ്ടത്. അത് ലഭ്യമാകുന്നതിലേക്ക് നയിച്ചത് തിയേറ്റര്‍ ഉടമയുടെ കൈവശമുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങളും, മാധ്യമ വാര്‍ത്തയുമാണ്. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടിയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണെങ്കില്‍, ഈ ദൃശ്യങ്ങള്‍ ആദ്യം പോലീസിന് ലഭിച്ചിരുന്നു എങ്കില്‍ ഒരു പക്ഷേ ഇതിലെ പ്രതി പിടിക്കപ്പെടുമായിരുന്നില്ല. ഈ സംഭവം പുറം ലോകം അറിയുകയും ചെയ്യില്ലായിരുന്നു.

 

ഇത്തരമൊരു കേസ് രൂപപ്പെടാനും അതിലെ പ്രതി അറസ്റ്റ് ചെയ്യപ്പെടാനും കാരണമായത് ഈ ദൃശ്യങ്ങള്‍ തിയേറ്ററുടമ ശേഖരിച്ചതും ചൈല്‍ഡ് ലൈനിനെ ഏല്‍പ്പിച്ചതുമാണ്. ഇങ്ങനെ ഒരു കേസില്‍ കുറ്റകൃത്യത്തെ പുറത്ത് കൊണ്ടുവരുവാന്‍ ശ്രമിച്ച വ്യക്തി അറസ്റ്റിലാവുന്നതിനെയും പീഡിപ്പിക്കപ്പെടുന്നതിനെയും ഒരു സൂചനയായി സമൂഹം എടുക്കും. സമാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തെളിവും സാക്ഷിയും ഒക്കെ പിന്‍വാങ്ങാന്‍ ഈ അറസ്റ്റ് കാരണമാകും. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പറഞ്ഞതുപോലെ ജനങ്ങളെ പോലീസില്‍ നിന്നും അകറ്റും. ഈ നിലയ്ക്ക് ഇത്തരത്തിലുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടുള്ളതല്ലായിരുന്നു. വീട്ടില്‍ കിടന്നുറങ്ങിയ നിരപരാധി പോലീസിനാല്‍ കൊല്ലപ്പെടുകയും കെവിന്‍ വധിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ അറസ്റ്റ് പുറത്തേക്ക് വിടുന്ന സന്ദേശം വാദി പ്രതിയാകും എന്നതു തന്നെ. ഇത് കുറ്റകൃത്യങ്ങള്‍ക്കുള്ള വളവും വെള്ളവുമായി  മാറുമെന്നതില്‍ സംശയമില്ല.

 

 

Tags: