നിപ്പാ വവ്വാല്‍ കൊണ്ടുവന്നതോ, വവ്വാലിന് കൊടുത്തതോ ?

Glint Staff
Mon, 21-05-2018 06:07:15 PM ;

 nipah virus-bat

ആരോഗ്യ മേഖലയുടെ ഗതിയും സ്ഥിതിയും നിശ്ചയിക്കുന്നത് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനികളാണ്. അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആധുനിക ഡോക്ടര്‍ സമൂഹവും. അതിന് ഉപോല്‍ബലകമായി ലോകാരോഗ്യ സംഘടനയെയും മുന്‍നിര്‍ത്തുന്നു. ലോകാരോഗ്യ സംഘടനയുടെ പല മാനദണ്ഡങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ താല്‍പര്യം തന്നെയാണ് സംരക്ഷിക്കുന്നത്.

 

ഈ താല്‍പര്യ സംരക്ഷണത്തിന്റെ ഒരു ഉദാഹരണമാണ് പ്രതിരോധ കുത്തിവയ്പ്പും മരുന്ന് നല്‍കലും. വിവേചനത്തോടെ പ്രതിരോധ മരുന്ന് നല്‍കലുകള്‍ നടത്തുന്നതിന് പകരം അമിത പ്രാധാന്യത്തോടെയും കാര്‍ക്കശ്യത്തോടെയാണ് സര്‍ക്കാരും ഡോക്ടര്‍ സമൂഹവും ഈ പ്രതിരോധ മരുന്നുനല്‍കല്‍ നടപ്പിലാക്കുന്നത്. ഇതില്‍ ലക്ഷത്തില്‍ മൂന്നോ നാലോ പേര്‍ക്ക് കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പോലും പ്രതിരോധ മരുന്നുകള്‍ നല്‍കി വരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പതിനായിരക്കണക്കിന് രൂപയുടെ പ്രതിരോധ മരുന്നുകളാണ് നല്‍കുന്നത്. മനുഷ്യന്റെ മരണ ഭീതിയെ മുതലെടുത്താണ് ഈ പ്രതിരോധ മരുന്ന് വില്‍പ്പന.  

 

കഴിഞ്ഞ രണ്ടര ദശകങ്ങളായി  കേരളത്തില്‍ എല്ലാ വഷര്‍വും നടമാടുന്ന ഒരു പ്രക്രിയയാണ് പലതരം പനികള്‍. ചില പനികള്‍ വന്ന് വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞിട്ടും ആളുകള്‍ അതില്‍ നിന്ന് മുക്തരായിട്ടില്ല. കോഴിക്കോട്ട് ചില ഗ്രാമങ്ങള്‍ പൂര്‍ണമായും പനിയ്ക്കടിപ്പെടുന്ന അവസ്ഥവരെയുണ്ടായി. പ്രതിരോധ മരുന്ന് നല്‍കുന്ന കാര്യത്തില്‍ വാശി പിടിക്കുന്ന ഡോക്ടര്‍ സമൂഹത്തിന് ഈ പനി പ്രതിഭാസത്തെ പ്രതിരോധിക്കുന്നതിനോ അല്ലെങ്കില്‍ ഫലവത്തായ ചികിത്സ നല്‍കി നിര്‍മാര്‍ജനം ചെയ്യുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടിത് സാധിക്കുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ അവര്‍ക്കോ സര്‍ക്കാരിനോ കഴിയുന്നുമില്ല.

 

പക്ഷി മൃഗാദികളിലേക്ക് ചില വൈറസുകള്‍ കടന്ന് വരാനുള്ള കാരണമെന്താണ് ? അത് യാദൃശ്ചികമായി സംഭവിക്കുന്നതാണോ അതോ പരോക്ഷമായ യാദൃശ്ചികതയിലൂടെ വരുന്നതോ ? ഇത്തരത്തിലൊരു അന്വേഷണത്തിന്റെ ആവശ്യകതപോലും പൊതു സമൂഹമോ ഡോക്ടര്‍ സമൂഹമോ ഉന്നയിക്കുന്നുമില്ല. ബഹുരാഷ്ട്ര മരുന്ന് കുത്തകകളുടെ എന്തെങ്കിലും ഗുപ്തമായ കൈകളോ, കൈപ്പിഴകളോ ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുള്ളതും അറിയേണ്ടതല്ലേ? അതോ നാളെ നിപ്പാ വൈറസ് പനിക്കെതിരെ പ്രതിരോധ മരുന്ന് നല്‍കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയാണോ . ഇത്തരം സംശയങ്ങള്‍ വര്‍ത്തമാന കാല സാഹചര്യത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിരോധ കുത്തിവയ്പ്പുകളും പ്രതിരോധമരുന്ന് നല്‍കലുകളും അമിതമായിട്ടും എന്തുകൊണ്ട് ജനങ്ങളുടെ പ്രതിരോധശേഷികുറയുന്നു. കുട്ടികളുടേതായാലും മുതിര്‍ന്നവരുടേതായാലും പ്രതിരോധശേഷി അനുദിനം കുറഞ്ഞ് പലപല രോഗങ്ങള്‍ക്ക് അടിപ്പെടുകയും, അവയ്ക്ക് ചികിത്സ തേടി പായുന്നതും,  അത്തരം ചികിത്സകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത്  രോഗികളെ കാന്‍വാസ് ചെയ്യുന്ന ആശുപത്രികളും ഇന്നത്തെ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

 

പ്രതിരോധ കുത്തിവയ്പ്പിനെയും മരുന്ന് നല്‍കലിനെയും എതിര്‍ക്കുന്നത് പുരോഗമന വിരുദ്ധമായും ശാസ്ത്ര നിഷേധമായും ചിത്രീകരിക്കുന്നതില്‍ സര്‍ക്കാരും മാധ്യമങ്ങളും ഡോക്ടര്‍ സമൂഹവും വിജയിച്ചിട്ടുണ്ട്. വിവേചനാധിഷ്ഠിതമായ പ്രതിരോധ മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ വിവേചന രഹിതമായ രീതിയില്‍, അമിത പ്രധാന്യത്തോടെ പ്രതിരോധ മുന്‍കരുതലുകള്‍ എടുത്തിട്ടും മലയാളിയുടെ  പ്രതിരോധശേഷി എന്തുകൊണ്ട് കുറയുന്നു എന്നുള്ളത് പഠന വിധേയമാക്കേണ്ടതു തന്നെയാണ്.

 

മനുഷ്യ കേന്ദ്രീകൃതമായ ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിലൂടെ ചികിത്സയും പ്രതിരോധ സമീപനങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് മനുഷ്യരൊഴികെയുള്ള പ്രകൃതിയെയും ജീവജാലങ്ങളെയുമാണ്. പരിസ്ഥിതിയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യന്‍. ആ തിരിച്ചറിവില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലത്തെക്കൂടിയാണ് നിപ്പാ വൈറസ് ഓര്‍മ്മിപ്പിക്കുന്നത്.പരിസ്ഥിതിയിലെ ഏതെങ്കിലുമൊരുജീവിയുടെ ജീവന് ഹാനി സംഭവിക്കുമ്പോള്‍ അല്ലെങ്കില്‍ ക്ഷയം സംഭവിക്കുമ്പോള്‍ അത് മനുഷ്യനെയും ബാധിക്കുമോ എന്ന് നിപ്പാ വൈറസ് വവ്വാലുകളിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയിലുള്ള ഇടപെടലുകളിലും അതിനാധാരമായ തീരുമാനങ്ങള്‍ എടുക്കുന്നവരിലും ഉണ്ടാകേണ്ട ഒരു ബോധ്യമാണത്. നമ്മുടെ വികസന സങ്കല്‍പ്പവും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യമാനദണ്ഡങ്ങളും പ്രകൃതിയിലെ ജീവന്റെ ചങ്ങലയിലെ ഒട്ടേറെ കണ്ണികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു ദുര്‍ബലാവസ്ഥയിലാണ് മനുഷ്യന്‍ ആ ചങ്ങലയിലെ കണ്ണിയായി തുടരുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്.

 

 

 

 

 

Tags: