മുഖ്യധാരാ മാധ്യമങ്ങള്‍ എപ്പോഴും വൈകാരികതയോടാണ് കാര്യങ്ങളെ കാണുന്നത്. അതൊരുപക്ഷേ വാര്‍ത്തയുടെ വിപണനസാധ്യത കണ്ടിട്ടാകാം. എന്തായാലും അത് മാധ്യമസംസ്കാരമായി മാറുകയും ചെയ്തു. അതിനാല്‍ മാധ്യമവിവേകം വേണ്ടിടത്ത് മാധ്യമ വൈകാരികത സ്ഥാനം പിടിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ പ്രസ്താവനയെ കേരളത്തിലെ മുഖ്യധാരാ ചാനലുകളെല്ലാം കൈകാര്യം ചെയ്ത വിധം.
മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വ്യക്തികളെ അവതരിപ്പിക്കുമ്പോള്‍ ആ വ്യക്തികള്‍ക്ക് കല്‍പ്പിക്കപ്പെടുന്ന മൂല്യവും അതോടൊപ്പം സമൂഹത്തിന്റെ ഉപബോധമനസ്സിലേക്ക് നിക്ഷേപിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ പുലിക്കുട്ടികള്‍ എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണപ്പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ നിഷ്പക്ഷവും ധീരവുമായി നടപടികളിലൂടെ ശ്രദ്ധയാര്‍ജ്ജിച്ച രണ്ട് ഐ.എ.എസ് ഓഫീസര്‍മാര്‍, കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്‍, ദേവികളും സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് , തന്റെ നടപടികളിലൂടെ കുപ്രസിദ്ധി നേടിയ ഐ.പി.എസ് ഓഫീസര്‍ യതീഷ് ചന്ദ്ര എന്നിവരെയാണ് ആ പരിപാടിയിലൂടെ അവതരിപ്പിച്ചത്.
വളരെ പ്രശംസനീയമായ ഔദ്യോഗിക നിലപാടിലാണ് ഏഷ്യാനെറ്റിന്റെ കാഴ്ചപ്പാടില്‍ പ്രശാന്ത് നായരും ശ്രീറാം വെങ്കിട്ടരാമനും ശ്രദ്ധ നേടിയത്. എന്നാല്‍ യതീഷ് ചന്ദ്ര പരസ്യമായി ലാത്തിയുമായി വൃദ്ധരേയും കുട്ടികളെയും തല്ലിച്ചതച്ചതിന്റെ പേരില്‍ കുപ്രസിദ്ധിയാര്ജ്ജിക്കുകയാണുണ്ടായത്. അദ്ദേഹത്തെ മറ്റ് രണ്ടുപേരുടെ ഖ്യാതിവെളിച്ചത്തിലുള്പ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നടപടിയെയും മാതൃകാപരമെന്ന് ആ ചാനല്‍ പ്രഖ്യാപിക്കുകയാണ്. പോലീസ് എന്നാല്‍ മര്‍ദ്ദനോപകരണം എന്ന കാഴ്ചപ്പാടാണ് ആ ചാനലിന്റെ നിലപാടെന്നും പ്രഖ്യാപിക്കുന്നു. ഇത് അബോധമായി ജനത്തിന്റെ ഉപബോധമനസ്സിലാണ് നിക്ഷേപിക്കപ്പെടുന്നത്. പോലീസിനെക്കുറിച്ചുള്ള കൊളോണിയല്‍ കാഴ്ചപ്പാട് വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നു. അത് സമൂഹത്തെ പോലീസില്‍ നിന്നും അകറ്റുന്നതിനും പോലീസ് സേനയിലെ അംഗങ്ങളെ മനോവൈകല്യത്തിലേക്കു നയിക്കാനും മാത്രമേ സഹായിക്കുകയുളളു.
വ്യക്തിപരമായി, രാഷ്ട്രീയപരമായി, സംഘടനാപരമായി, ബൗദ്ധികമായി, അക്കാദമികമായി ഒന്നും തന്നെ യോഗ്യത തെളിയിച്ചിട്ടില്ലെന്നു മാത്രമല്ല, ഈ മേഖലകളിലൊക്കെ പലപ്പോഴും പരിഷ്കൃതസമൂഹത്തിന് ദോഷകരമാകുന്ന പ്രവൃത്തികളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കെ.ബി ഗണേഷ്കുമാര്. മുന്നണിബലത്തില് പത്തനാപുരത്തു നിന്നു തെരഞ്ഞെടുക്കപ്പെടുന്നു എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യത. ജനായത്ത സംവിധാനം ഇന്ന് ഒട്ടേറെ വെല്ലുവിളികളെ നേരിടുന്നുണ്ട്. അത് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പൊതുവിഷയങ്ങളില്‍ നിന്നുണ്ടായതാണ്. ആ സാമൂഹ്യപ്രതിഫലനം തെരഞ്ഞെടുക്കപ്പെടുന്ന ജനായത്ത വേദികളിലും ഉണ്ടാകും. അതാണ് ഗണേഷ്കുമാറിലൂടെ കേരളനിയമസഭയും നേരിടുന്നത്. അദ്ദേഹത്തിന്റെ അച്ഛന് കുറ്റവാളിയായി രാജ്യത്തെ പരമോന്നത കോടതി വിധിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. അദ്ദേഹമാണ് ഗണേഷ്കുമാറിന്റെ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍.
കുറ്റം തെളിയിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടും ബാലകൃഷ്ണപിള്ളയില്‍ ഗുണപരമായ പരിവര്‍ത്തനം ഉണ്ടായതായി അദ്ദേഹത്തിന്റെ നിലപാടുകളൊന്നും വ്യക്തമാക്കുന്നില്ല. ഇങ്ങനെയുള്ള വ്യക്തി ഇടതപക്ഷ സര്‍ക്കാരിന്റെ കീഴില്‍ ക്യാബിനറ്റ് റാങ്കോടെ മുന്നോക്ക വികസനകോര്പ്പറേഷന് അദ്ധ്യക്ഷനായി എന്നുള്ളതും നമ്മുടെ ജനായത്തസംവിധാനം നേരിടുന്ന വെല്ലുവിളിയുടെ മറ്റൊരുദാഹരണമാണ്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കെ ബി ഗണേഷ് കുമാര്‍ എടുത്ത നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ നേര്‍ക്കാഴ്ചകളാണ്. അമ്മയെന്ന താരസംഘടനയുടെ വൈസ് പ്രസിഡണ്ടു കൂടിയാണ് ഗണേഷ് കുമാര്‍. തുടക്കം മുതല്‍ വിചിത്രമായ നിലപാടുകളാണ് ഗണേഷ്കുമാര് എടുത്തു പോന്നത്. അതേ സമയം ആക്രമിക്കപ്പെട്ട നടിയുടെ അവസ്ഥ ഒരഭിപ്രായപ്രകടനവേളയിലും ഗണേഷ്കുമാറിന്റെ ചിന്താപഥത്തിലേക്ക് കടന്നുവന്നിട്ടില്ല. അതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്.
മാധ്യമങ്ങളിലൂടെ തനിക്ക് ലഭിക്കുന്ന പ്രചാരത്തെ മുതലെടുക്കാന്‍ ഗണേഷ് കുമാറിന് നന്നായി അറിയാം. ദിലീപിനെ ജയിലലടയ്ക്കുന്നതില് ഒരാവേശസമമായ നിലപാട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്നുള്ളത് വ്സ്തുതയാണ്. അതും വാര്‍ത്തയുടെ വിപണനസാധ്യതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് അനിവാര്യമാണ്. ആ ഗൂഢാലോചനയുടെ അന്വേഷണം ദിലീപിലേക്കു നീങ്ങുന്നു എന്നും അതേ സമയം ആ നീക്കത്തെ ശക്തമായി സ്വാധീനശക്തികള്‍ തടയുന്നതിന് ശ്രമിക്കുന്നുവെന്നും കണ്ടപ്പോഴാണ് മാധ്യമങ്ങള്‍ അതീവ ഉന്മേഷത്തോടെ ആ ശ്രമത്തെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയത്. ആ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അത്തരത്തിലൊരു ജാഗ്രത കാണിച്ചതിനെ കുറ്റപ്പെടുത്താനും കഴിയില്ല. അതാവശ്യവുമായിരുന്നു.
ഗണേഷ്കുമാര് ഗൂഢലക്ഷ്യങ്ങളുമായിട്ടാണ് മിക്കപ്പോഴും വിവാദപരമായ പ്രസ്താവനകളും നിലപാടുകളുമായി മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുക. ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സിനിമാരംഗത്തുള്ളവരെ സംഘടിതമായി ജയിലിലേക്ക് അയയ്ക്കുകയും ചെയ്യുകയാണെങ്കില്‍ അതു വ്യക്തമാക്കുന്നത് ജയിലില്‍ കിടക്കുന്ന ദിലീപിന്റെ സ്വാധീന ശക്തിയാണ്. അങ്ങനെയുള്ള ദിലീപിനെ കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുമെന്നതിനും ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രയാസമുണ്ടാകില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ആലുവാ സബ്ജയിലിലേക്ക് സിനിമാക്കാരെ പ്രവഹിപ്പിച്ചതിനു പിന്നിലും ഗണേഷ്കുമാറാണെന്നും വ്യക്തമാണ്. അത്തരമൊരു പിന്തുണപ്രഖ്യാപനം കൊണ്ട് കോടതിയെ സ്വാധീനിക്കാനോ അന്വേഷണസംഘത്തിനു മേല്‍ കാര്യമായ സ്വാധീനം ചെലുത്താനോ കഴിയില്ലെന്ന് എം.എല്‍.എ കൂടിയായ ഗണേഷിനറിയാം. എന്നാല്‍ ഈ പ്രകടനം കൊണ്ട് ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാധ്യത അടയുമെന്നും ഗണേഷ്കുമാറിന് ബോധ്യമുണ്ട്. ദിലീപിനു വേണ്ടി പി സി ജോര്‍ജ്ജ് എം. എല്‍.എ പരസ്യമായി രംഗത്തു വന്നത് ഓര്‍ക്കുക. രാഷ്ട്രീയവും സിനിമയും അധികാരവും എല്ലാം കെട്ടിപ്പിണഞ്ഞു നീങ്ങുന്ന കേരളത്തിന്റെ പൊതുജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജുഗുപ്സാവഹമായ ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ജോര്‍ജ്ജ് രക്ഷിക്കാന്‍ ശ്രമിക്കുന്ന ദിലീപിനെ ഗണേഷ് കുമാര്‍ രക്ഷിക്കാനെന്നുള്ള ശ്രമത്തില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാനുള്ള സാധ്യത പോലും നഷ്ടമാക്കുകയല്ലേ എന്ന് സംശയിച്ചാല്‍ ഗണേഷ്കുമാറിന്റെ കാര്യമായതിനാല്‍ അതിനെ തള്ളിക്കളയുക പ്രയാസം.ഗണേഷിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ട് എന്നത് ഉറപ്പാണ്.
എം. എല്‍ എ എന്ന സാങ്കേതിക യോഗ്യതയല്ലാതെ പൊതുജനം അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ട യോഗ്യതയില്ലാത്ത വ്യക്തിയെന്ന് സമീപനങ്ങളിലൂടെ മാധ്യമങ്ങള്‍ പ്രഖ്യാപിക്കാതെ പ്രഖ്യാപിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ചിന്ത സമൂഹവുമായി ബന്ധപ്പെട്ട് നീങ്ങുമ്പോഴാണ് ആ വ്യക്തിയുടെ അഭിപ്രായം പൊതുജനം അറിയേണ്ടതായി വരുന്നത്. അത്തരത്തില്‍ അറിയിക്കപ്പെടേണ്ടതല്ല ഗണേഷ് കുമാറിന്റെ അഭിപ്രായങ്ങള്‍. ദിലീപിന്റെ ഔദാര്യം പറ്റിയിട്ടുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന ഗണേഷ് കുമാര്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തം. അങ്ങനെയുള്ള വ്യക്തിയുടെ അഭിപ്രായത്തിന് അര്‍ഹമായ പ്രാധാന്യം നിശ്ചയിക്കാനുള്ള വിവേകം മാധ്യമങ്ങള്‍ക്ക് വന്നാല്‍ ഇത്തരം വ്യക്തികള്‍ സ്വയം കേമന്മാരാണെന്ന് നടിച്ച് ജനായത്ത സംവിധാനത്തിന്റെ നിര്‍ണ്ണായക ബിന്ദുക്കളാകുന്നതില് മാറ്റം വരും. ഗണേഷ് കുമാര്‍ ഏറ്റവുമൊടുവില്‍ നടത്തിയ പ്രസ്താവന ഒരു വാര്ത്തയിലേക്കു നയിക്കുന്ന സൂചകമാണ്. ആ വാര്‍ത്ത കണ്ടെത്തി ജനങ്ങളെ അറിയിക്കുമ്പോഴാണ് മാധ്യമങ്ങള്‍ അവരുടെ കൃത്യം നിര്‍വ്വഹിക്കുന്നത്. മറിച്ച് അതൊരു വിശദചര്‍ച്ചയ്ക്ക് പാത്രമാകുമ്പോള്‍ ഗണേഷ് കുമാര്‍ വീണ്ടും വളരുകയാണ്. വളര്‍ത്തുകയാണ്. അത്തരത്തിലുള്ള സമീപനത്തിന് കിട്ടിയ മാധ്യമങ്ങള്‍ക്കു അടിയാണ് അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം ഗണേഷ് കുമാറിലൂടെയും മുകേഷിലൂടെയുമൊക്കെ വന്ന പ്രതികരണങ്ങള്‍.