സംസ്ഥാന പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി നാദിര്‍ഷായ്ക്ക് പോലീസ് ചോദ്യം ചെയ്യലിനു മുന്‍പ് പരിശീലനം നല്‍കിയെന്നുള്ള സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിയുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ടതാണ്.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്സില്‍ ചോദ്യം ചെയ്യപ്പെട്ട സംവിധായകനും നടന്‍ ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ ഇപ്പോള്‍ ആ കേസ്സില്‍ അറസ്റ്റിനെ നേരിടുമെന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു.ടോമിന്‍ തച്ചങ്കരിക്കെതിരെയുണ്ടായിരിക്കുന്ന ആരോപണം സംസ്ഥാന സര്‍ക്കാരിനു ദുഷ്‌പേരുണ്ടാക്കുന്നതുമാണ്. കാരണം തച്ചങ്കരി ഈ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വേണ്ടപ്പെട്ട ആളാണ്.സുപ്രിം കോടതി വിധിയിലൂടെ വീണ്ടും ഡി.ജി.പിയായ പോലീസ് മേധാവി ടി പി സെന്‍കുമാറിനെ നിരീക്ഷിക്കാനായി പോലീസ് ആസ്ഥാനത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് തച്ചങ്കരി.
തച്ചങ്കരിക്കെതിരെ വിരമിച്ച ഡി ജി പി സെന്‍കുമാര്‍ നടത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. തച്ചങ്കരിക്കെതിരെയുള്ള കേസ്സുകളിലെ രഹസ്യ വിവരങ്ങളടങ്ങിയ ഫയലുകള്‍ അദ്ദേഹം പോലീസ് ആസ്ഥാനത്തു നിന്നു മോഷ്ടിച്ചുവെന്നുമാണ് സെന്‍കുമാര്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് കേസ്സ് വന്നാല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുന്നതും ആ ഉദ്യോഗസ്ഥനെ പൂര്‍വ്വാധികം ശക്തിയോടെ വിഹരിക്കാന്‍ വിടുന്നതും സംസ്ഥാനത്തെ സംവിധാനങ്ങളെയെല്ലാം ദുര്‍ബലപ്പെടുത്തുകയും അവയിലുളള വിശ്വാസ്യത നഷ്ടമാകുന്നതിന് കാരണമാവുകയും ചെയ്യും. തച്ചങ്കരിക്കെതിരെ ഹൈക്കോടതിയില്‍ വന്ന കേസ്സില്‍ വളരെ അലസമായി തച്ചങ്കരിക്കനുകൂലമായ വിധം സത്യവാങ്മൂലം നല്‍കിയതിനും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതിനും കോടതി അതൃപ്തി പ്രകടിപ്പിക്കുകയും യഥാര്‍ഥ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഒരു ഉന്നത ഉദ്യോഗസ്ഥനും സര്‍ക്കാരും തമ്മിലുള്ള ബന്ധമല്ല തച്ചങ്കരിക്കു പിണറായി സര്‍ക്കാരുമായുള്ളതെന്ന് വ്യക്തമാണ്. ആ നിലയ്ക്ക് തന്റെ വേണ്ടപ്പെട്ടവര്‍ നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഏതു രീതിയിലുംസഹായിക്കുന്നതിന് തച്ചങ്കരി ശ്രമിക്കുമെന്നുള്ളത് യാഥാര്‍ഥ്യമാണ്. ഇവ്വിധത്തില്‍ ആരോപണം വന്നിട്ടും അത് നിസ്സാരവത്ക്കരിക്കപ്പെടുന്ന അന്തരീക്ഷം നിലനില്‍ക്കുന്നു എന്നുള്ളത് അങ്ങേയറ്റം ഗുരുതരമായ അവസ്ഥാവിശേഷമാണ്.യഥാര്‍ഥത്തില്‍ തച്ചങ്കിരിക്കെതിരെയുണ്ടായിരിക്കുന്ന ആരോപണം നടി ആക്രമിക്കപ്പെട്ട കേസ്സിനേക്കാള്‍ വ്യാപതി കൂടിയതാണ്. നടി ആക്രമിക്കപ്പെട്ട കേസ് സമൂഹത്തിലെ കുറ്റകൃത്യവാസനയുളളവര്‍ ഇടപെട്ടതാണ്. അതുപോലെയല്ല എ ഡി ജി പി റാങ്കില്‍ നിര്‍ണ്ണായക തസ്തികയില്‍ ഇരിക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വലിയ വിശ്വസ്ഥനായ ഉദ്യോഗസ്ഥന്‍ കുറ്റവാളികളെ രക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ കഴമ്പുള്ളതാണെങ്കില്‍ . കുറ്റവാളികളെ സഹായിക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥന്‍ ശ്രമിക്കുകയാണെങ്കില്‍ അതു കുറ്റവാളികള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യത്തേക്കാള്‍ വലുതും അപകടകരവുമാണ്. കാരണം അവിടെ ജനാധിപത്യം നിസ്സാഹയമായി നോക്കുകുത്തിയായി അരക്ഷിതാവസ്ഥയിലേക്ക് കാര്യങ്ങള്‍ നയിക്കപ്പെടുന്ന സാഹചര്യം ഉടലെടുക്കുന്നു.