സാഹിത്യ അക്കാദമിയുടെ ഉത്സവവും 'ഞാൻ ' തടവറയും

കെ.ജി. ജ്യോതിർഘോഷ്
Sun, 04-02-2024 10:55:39 PM ;സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം. ഈ പ്രായത്തിനൊരു ഉത്തരവാദിത്വമുണ്ട്. ഒരു സംഗതിയുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന്. പ്രതികരണം എന്താണെന്ന് നിശ്ചയമില്ലാത്ത മാധ്യമ പരിസ്ഥിതിയിൽ പ്രത്യേകിച്ചും. കാരണം എളമിലാട്ടിമാരും എളമിലാന്മാരുമൊക്കെ ഇവരെ നോക്കുന്നുണ്ട്. സാഹിത്യ അക്കാദമിയുടെ ക്ഷണപ്രകാരം കൊച്ചിയിൽ നിന്ന് കാറിൽ തൃശ്ശൂരിലെത്തി കുമാരനാശാൻ്റെ ' കരുണ ' യെ കുറിച്ച് രണ്ടു മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാട്. ആ പ്രഭാഷണം കേൾക്കുന്നതിന് 10000 രൂപയുടെ ടിക്കറ്റ് എടുത്ത് കയറിയാൽ പോലും അത് കൂടുതലാവില്ല. അത്ര ഗംഭീരമാകാറുണ്ട് ആശാനിലേക്കു വരുമ്പോൾ ചുള്ളിക്കാടിൻ്റെ പ്രഭാഷണം. വേദനയും ക്ഷോഭവും രോഷവും വിപരീതാത്മകതയും ഐസ് ക്രീം പോലെ ആസ്വദിക്കാൻ പറ്റാത്തതിനാൽ ചുള്ളിക്കാട് കവിത ഇപ്പോൾ വ്യക്തിപരമായി ബുദ്ധിമുട്ടും. കോളേജ്കാലത്ത് ദിവസം ഒരു തവണയെങ്കിലും ചുള്ളിക്കാട് കവിത കേൾക്കാതെ ഉറങ്ങുക സുഖമില്ലാത്ത ഏർപ്പാടും . വ്യക്തിപരമായി ഉണ്ടാകുന്ന അനുഭവങ്ങളെ വൈയക്തിക വികാരവിക്ഷോഭങ്ങളിൽ നിന്ന് വേർപെടുത്തി വിശകലനം ചെയ്യുമ്പോൾ സാമൂഹിക പ്രാധാന്യമുണ്ടെങ്കിൽ അതിനെ സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്. കാർ വാടകയ്ക്ക് പോലും തികയാത്ത വിധത്തിൽ അക്കാദമി 2400 രൂപ ചുള്ളിക്കാടിന് കൊടുത്തതുവഴി കേരള സർക്കാർ സാഹിത്യാനുബന്ധ വിഷയങ്ങൾക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതാണ് വെളിവാകുന്നത്. ലോകത്തിൻ്റെ ഈ തീവ്രമാറ്റഘട്ടത്തിൽ കല, സാഹിത്യം എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിലെയും ലോകത്തിലെയും മുന്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാറ്റം തിരിച്ചറിഞ്ഞ് കോഴ്സുകൾക്ക് രൂപം കൊടുത്തു തുടങ്ങിക്കഴിഞ്ഞു. അതിൻ്റെ തെളിവാണ് ആർട്സ് ബിരുദധാരികൾക്കും എഞ്ചിനീയറിംഗ് - മെഡിക്കൽ ബിരുദധാരികൾക്കുമെല്ലാം ഒരേപോലെ പഠിക്കാൻ ഉതകുന്ന ഐ. ഐ. ടി യിലെ യൊക്കെ നക്ഷത്രത്തിളക്കമാർന്ന ചില ബിരുദാനന്തരബിരുദ കോഴ്സുകൾ. ചുള്ളിക്കാടിന് 15,000 രൂപ അക്കാദമി കൊടുത്തിരുന്നുവെങ്കിൽ ആ തുകയെ തൻ്റെ വിലയായി അദ്ദേഹം കരുതുമായിരുന്നോ? നമ്മൾ നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ കാര്യത്തിലെന്നപോലെ നമ്മൾക്കും വിലയിടേണ്ട ഉത്തരവാദി നമ്മൾ തന്നെയാണ്. അവിടെ സ്വയം വിലയിടാൻ പോകാതെ, സർക്കാർ സാഹിത്യത്തിനും കലയ്ക്കുമൊക്കെ വർത്തമാനകാലത്ത് നൽകേണ്ട പ്രാധാന്യത്തിലേക്ക് ആ വിഷയത്തെ പൂർണ്ണമായി ഉയർത്തണമായിരുന്നു. എന്തായാലും ആ വിഷയം പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽ വന്നു. അത്രയും നല്ലത്.എന്നാൽ പരിതാപകരവും സഹതാപമർഹിക്കുന്നതുമായിപ്പോയി സാഹിത്യ അക്കാദമി ചെയർമാൻ സച്ചിതാനന്ദൻ്റെ പ്രതികരണം. താൻ ഒരു കാശും വാങ്ങാതെ പരിപാടികൾക്കു പോയിട്ടുണ്ടത്രെ. കൗമാരത്തിലെയെല്ല, ബാലിശം എന്നേ അതിനെ പറ്റി പറയാൻ പറ്റു. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റ് ഉടനെ അദ്ദേഹത്തിന് പിൻവലിക്കേണ്ടി വന്നതും. ഒരു സംഗതി കേട്ടയുടൻ അതിനെ താൻ വഹിക്കുന്ന സ്ഥാനത്തിൻ്റെ ഉത്തരവാദിത്വവുമായി ബന്ധപ്പെടുത്തിയുള്ള ചിന്ത വരുന്നതിനു പകരം , അദ്ദേഹത്തിലെ ' ഞാനു' മായി ചേർന്നുകൊണ്ടാണ് ചിന്ത പൊന്തിയത്.' ഞാൻ ', ' എൻ്റേത് ' എന്നീ ബന്ധചിന്തയിൽ നിന്ന് ഒരു വ്യക്തി എത്ര മാത്രം അകലുന്നുവോ അതനുസരിച്ചാണ് വ്യക്തി സംസ്കരിക്കപ്പെടുന്നത്. സാംസ്കാരിക രംഗത്തെ നായകനായാലും പ്രേക്ഷകനായാലും. അക്കാദമി ചെയർമാൻ ഒരു ഭരണാധികാരി കൂടിയാണ്. " ജനങ്ങളെ സേവിക്കാൻ കിട്ടുന്ന അവസരം" . താൻ നേതൃത്വം നൽകുന്ന സ്ഥാപനത്തിൽ നിന്ന്, അത് പെട്ടിക്കടയാണെങ്കിൽ കൂടി, ആർക്കെങ്കിലും ബുദ്ധിമുട്ടു നേരിട്ടാൽ അതിൻ്റെ പൂർണ്ണഉത്തരവാദിത്വം ഭരണാധികാരി എന്ന നിലയിൽ അത് ആ വ്യക്തി ഏറ്റെടുക്കണം. ഒരിക്കലും തൻ്റെ കീഴിലുള്ള ജീവനക്കാരായോ സംവിധാനത്തെയോ പഴിക്കരുത്. അതൊരു മിനിമം ഓചിത്യമാണ്. ചെയർമാൻ എന്ന നിലയിൽ സച്ചിതാനന്ദൻ്റെ ഉത്തരവാദിത്വമായിരുന്നു ക്ഷണിക്കപ്പെടുന്ന അതിഥികൾ അസൗകര്യമില്ലാതെ സന്തോഷത്തോടെ പങ്കെടുത്തു പോവുക എന്നത്. അതിന് അദ്ദേഹത്തെ സഹായിക്കാനുള്ളവരാണ് സെക്രട്ടറി മുതൽ താഴോട്ടുള്ള മുഴുവൻ സംവിധാനവും. സർക്കാരിന് സാമ്പത്തിക പരാധീനതയുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നേതൃപാടവവും ചെയർമാനുണ്ടാകണം. ഈ കവിക്ക് 'ഞാനെ' ന്ന തടവറയിൽ നിന്ന് പുറത്തേക്കുള്ള ഗേറ്റിലേക്കെത്താൻ എത്ര ദൂരം !!!

Tags: