ഗുരുവിനെ ഈഴവനാക്കുന്ന മന്ത്രി സുധാകരന്റെ കണ്ടെത്തല്‍

Glint Staff
Sun, 04-06-2017 12:31:13 PM ;

ആംഗലേയത്തില്‍ പെര്‍വേര്‍ഷന്‍ എന്ന വാക്കിന്റെ അര്‍ഥമാണ് വൈകൃതം. എന്നാല്‍ വൈകൃതം കേരളത്തില്‍ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത് ഹിപ്പോക്രസി എന്ന ആംഗലേയവാക്കിനോടാണ്. അതിന്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി ജി.സുധാകരന്റെ കണ്ടെത്തലും അതിന്റെ പ്രഖ്യാപനവും. അദ്ദേഹത്തിന്റ പ്രഖ്യാപനം ഇതാണ്' ശങ്കരാചാര്യരേക്കാള്‍ ഔന്നത്യം ഗുരുവിനും ഇ എം എസ്സിനുമാണെന്നാണ്.കേരളത്തില്‍ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇത്രയധികം മാലിന്യം കുന്നുകൂടി ചീഞ്ഞു നാറി രോഗം പരത്താന്‍ കാരണം മലയാളിയുടെ മനസ്സില്‍ ലയനപ്രക്രീയയക്ക് വിധേയമാകാതെ കിടക്കുന്ന മാലിന്യമാണ്. പൊതുസ്ഥലത്തെ മാലിന്യത്തേക്കാള്‍ മലീമസമാക്കുന്നതാണ് വാക്കുകള്‍.ചുരുങ്ങിയ പക്ഷം ഗുരുവിനെയെങ്കിലും എളിയതോതില്‍ മന്ത്രി സുധാകരന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ലജ്ജയില്ലാതെ വിളിച്ചുപരയില്ലയിരുന്നു
          വാക്കുകള്‍ സുഗന്ധം പരത്തുകയും ചെയ്യും. 'മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം, ഈ അഭിപ്രായം എല്ലായിടവും പരക്കണം, ജാതി പോകും' ശ്രീനാരായണ ഗുരുവിന്റെ ഈ വാചകത്തിലൂടെ കണ്ണോടിച്ചുപോകുമ്പോള്‍ ഉള്ളില്‍ സുഗന്ധം നിറയുന്നു. സുധാകരന്‍ ഏതു വേദി കിട്ടിയാലും ഏതു ചാനലുമായി സംസാരിക്കുമ്പോഴും മലിനമായ വാക്കുകളുപയോഗിച്ചാണ് തന്റെ കേമത്വം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മനുഷ്യസമുദായത്തില്‍ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. അദ്ദേഹം വാക്കുകളിലൂടെ പുറത്തു വിടുന്നത് മാലിന്യമാണെന്ന് തിരിച്ചറിയാനുള്ള ബോധം മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതാണ്. മറിച്ച് ഒരു വൃത്തികേട് എടുത്തു കാണിച്ചാല്‍ വൃത്തിയേക്കാള്‍ ശ്രദ്ധ കിട്ടുമെന്നും വൃത്തികേടുകളെ മനുഷ്യര്‍ ഇഷ്ടപ്പെടുന്നുമെന്നുള്ള കാഴ്ചപ്പാടിലാണ് അവ മാധ്യമങ്ങള്‍ അസാധാരണ പ്രാധാന്യത്തോടെ വായനക്കാരുടെയും പ്രേക്ഷകരുടെയും മുന്നില്‍ വിളമ്പുന്നത്. അതല്ലെങ്കില്‍ സുധാകരന് ഇതു പറയാനുള്ള യോഗ്യത എന്താണെന്നു കൂടി മാധ്യമങ്ങള്‍ വ്യക്തമാക്കണം.
             ഇ എം എസ് ശങ്കരാചര്യരേയും വിവേകാനന്ദനേയുമൊക്കെ വിമര്‍ശിച്ചിട്ടുണ്ട്. അതൊക്കെ കേരളത്തില്‍ നല്ല ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്. ഒടുവില്‍ ഇ എം എസ് വിവേകാനന്ദനെ അംഗീകരിക്കുകയും ചെയ്തു. അതു പക്ഷേ ബാബറി മസ്ജിദ് പ്രശ്‌നം പതുക്കെ തലപൊക്കിയ എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ . സുധാകരന്‍ ശങ്കരാചാര്യരുടെ വിവേക ചൂടാമണിയുടെ ഒരു മണിയെങ്കിലും രുചിച്ചിട്ടായിരുന്നു ഈ താരതമ്യം നടത്തിയിരുന്നതെങ്കില്‍ വേണ്ടിയിരുന്നില്ല. ഇത്രയും അബദ്ധങ്ങള്‍ ലജ്ജയില്ലാതെ വിളിച്ചു പറയാനുളള ധൈര്യത്തിലൂടെ സുധാകരന്‍ സ്വയം നിര്‍വചിക്കപ്പെടുന്നു. വാക്കുകള്‍ മനുഷ്യനെന്ന ചെടിയിലെ പൂക്കളാണ്. സുധാകരന്റെ വാക്കുകള്‍ സുഗന്ധമാണോ ദുര്‍ഗന്ധമാണോ പരത്തുകയെന്ന് അദ്ദേഹത്തിന് സ്വയം വിലയിരുത്തി നോക്കാവുന്നതാണ്.
          നാരായണഗുരുകുലം അദ്ധ്യക്ഷന്‍ മുനി നാരായണ പ്രസാദിന്റെ ആത്മകഥയായ അടുത്തിടെ ഇറങ്ങിയ ആത്മായനമെങ്കിലും കവി കൂടിയായ സുധാകരന്‍ വായിക്കേണ്ടതായിരുന്നു. അതില്‍ അദ്ദേഹം  തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ബ്രാഹ്മണനെന്നാണ്. ആ മാനദണ്ഡം പ്രയോഗിക്കുകയാണെങ്കില്‍ സുധാകരന്‍ ഏതു വിഭാഗത്തില്‍ പെടുന്നുവെന്ന് അറിയുക എളുപ്പമാണ്. ഗുരുവിനെയും ഇ എം എസ്സിനെയും വാഴ്ത്തുന്ന സുധാകരന്‍ തന്റെ ഏതെങ്കിലും വാചകങ്ങളില്‍ ഈ രണ്ട് മഹാന്മാരുടെ ജീവിതം അവശേഷിപ്പിച്ചതിന്റെ ചെറിയ അംശമെങ്കിലും നിഴലിപ്പിക്കേണ്ടതല്ലേ.
          ഉളളിലുള്ളത് മറച്ചിട്ട് പുറമേ മറ്റൊന്നു കാണിക്കുന്നതിനെയാണ് പൊതുവേ ഹിപ്പോക്രസി എന്നു പറയുന്നത്. എന്നാല്‍ അതിനുമപ്പുറം പ്രത്യേക ഗൂഢ ഉദ്ദേശ്യത്തോടു കൂടി ഉള്ളിലുള്ളത് മൂടി മറ്റൊന്നു പ്രയോഗിച്ച് സമൂഹമനസ്സിനെ വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ ഇരുട്ടിലേക്ക്  തളളിവിടുന്ന പ്രവൃത്തികള്‍ വാക്കുകള്‍ കൊണ്ടു ചെയ്യുമ്പോഴാണ് അത് വൈകൃതമായി മാറുന്നത്. സുധാകരനില്‍ നിന്നും ഈ താരതമ്യം ഇപ്പോഴുണ്ടാകാന്‍ കാരണം ബി ജെ പി പ്രസിഡണ്ട് അമിത് ഷാ കേരളത്തില്‍ വന്നതിന്‍റെ പശ്ചാത്തലത്തിലാണ്. അമിത്ഷായുടെ കൂടെ അദ്ദേഹം ബി ഡി ജെ എസ്സിന്‍റെ തുഷാര്‍ വെള്ളാപ്പള്ളിയെയും കണ്ടു കാണും. അപ്പോള്‍ ഈഴവരെ ഒന്നു ഉണര്‍ത്തി സുഖിപ്പിച്ച് അവരില്‍ മേല്‍ ജാതിയോടുള്ള വിരോധം ഉണ്ടെങ്കില്‍ അതൊന്നു ഊതിക്കത്തിച്ച് ഈഴവര്‍ ബി ജെ പിയിലേക്കു പോകുന്നത് തടയാനുള്ള ഉദ്ദേശ്യമായിരിക്കും അദ്ദേഹത്തിന്‍റെ ഉള്ളിലുള്ളത്.  വെള്ളാപ്പള്ളിയിലൂടെയോ  അദ്ദേഹത്തിന്റെ  മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയിലൂടെയോ സുധാകരന്‍ ഈഴവസമുദായത്തെ കാണുന്നുവെന്നുള്ളതും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിലെ വൈകല്യമാണ്. മാത്രമല്ല, അദ്ദേഹം ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞിട്ടുമില്ല. താരതമ്യം നടത്തുകയാണ് ചെയ്തത്.എന്നുവെച്ചാല്‍ താനായ മന്ത്രി സുധാകരന്‍ ശങ്കരാചര്യരേയും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈഴവരുമായി ചേര്‍ത്തുകാണപ്പെടുന്ന ഗുരുവിനോളം വരില്ല സവര്‍ണചിഹ്നമായി താന്‍ കാണുന്ന ശങ്കരാചാര്യര്‍.സവര്‍ണാധിപത്യ  പാര്ടിയാ ബി ജെ പി .
       യാഥാര്‍ഥ്യങ്ങളിലേക്കു വരാം. കേരളത്തില്‍ ജാതിവ്യവസ്ഥ ഇന്ന് നിലനില്‍ക്കുന്നുണ്ടെങ്കിലും അത് സമൂഹത്തിന് തടസ്സമായ അവസ്ഥയിലല്ല എന്നു മാത്രമല്ല സാമൂഹിക ജീവിതത്തില്‍ പ്രശ്‌നവുമില്ല. ഒരു പന്തി ഭോജനം വച്ചാല്‍ ഇന്ന് സ്വമേധയാ എല്ലാ ജാതിമതവിഭാഗവും അതില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരും. സംശയമില്ല. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടികളുടെ ഒരു പന്തിഭോജനം വച്ചാല്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഏക പാര്‍ട്ടി ഒരുപക്ഷേ സി പി എമ്മായിരിക്കും. സി പി എമ്മിലും , കോണ്‍ഗ്രസ്സിലും ബി ജെ പിയിലുമൊക്കെയുളള ജീര്‍ണ്ണതയുടെ ചെറിയ അംശം പോലും ഇന്ന് കേരളത്തിലെ ജാതികള്‍ക്കിടയില്‍ നിലനില്‍ക്കുന്നില്ല.ജാതിസ്പര്‍ദ്ധ മൂലം കേരളത്തില്‍ കലാപവും കൊലപാതകവുമില്ല. ഈ ജീര്‍ണ്ണതയിലേക്ക് കാര്യങ്ങള്‍ എത്തുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. മുഖ്യ ഉത്തരാവദിത്വം സി പി എമ്മിനുമാണ്.ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ഇത്തരം പ്രസ്താവനകള്‍ ഒരു സി പി എം നേതാവില്‍ നിന്ന് വരുന്നത് ആ പാര്‍ടിയുടെ ജീര്‍ണതയെ തുറന്നു കാട്ടുന്നു.
        ഈഴവര്‍ ബി ജെ പിയിലേക്ക് പോകാതിരിക്കാന്‍ ശ്രീശങ്കരാചാര്യരേയും ശ്രീനാരായണ ഗുരുവിനെയും ഇ എം എസ്സിനെയുമൊക്കെ സുധാകരന്‍ പ്രയോഗിക്കുമ്പോള്‍ പ്രത്യക്ഷമായി വര്‍ഗ്ഗീയതയേക്കാള്‍ അപകടമാകുന്നത് ഇവ്വിധം പരോക്ഷമായി പ്രയോഗിക്കുന്ന വര്‍ഗ്ഗീയതയാണ്. ഇതാണ് പ്രത്യക്ഷ വര്‍ഗ്ഗീയതയേക്കാള്‍ അപകടം. കാരണം പ്രത്യക്ഷമായ ഏതാക്രമണത്തിലും പ്രതിരോധത്തിനുള്ള അവസരം ഉണ്ട്. എന്നാല്‍ പരോക്ഷമായ ആക്രമണം അപകടം നടന്നതിനു ശേഷമേ തിരിച്ചറിയുകയുളളു. അതിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്ന മാലിന്യമനസ്സിനു കാരണം. അതു വൈകൃതാവസ്ഥയിലെത്തിയിരിക്കുന്നു.

 

Tags: