അഴിമതിക്കിനീ വാർത്താ പ്രാധാന്യമില്ല

കെ.ജി. ജ്യോതിർഘോഷ്
Sun, 21-01-2024 07:15:44 AM ;
യഥാർത്ഥ മാധ്യമപ്രവർത്തനം നടത്തുകയാണെങ്കിൽ കേരളത്തിൽ ഇന്ന് ഏറ്റെടുക്കേണ്ട ആദ്യത്തെ അന്വേഷണാത്മക വിഷയമാകേണ്ട ഒന്നുണ്ട്. എങ്ങനെ കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെട്ടു? . ഈ ദിശയിൽ അന്വേഷണം നടത്തുന്നവർക്ക് നിസ്സംശയം കണ്ടെത്താൻ കഴിയും ,മാധ്യമങ്ങൾ തന്നെയാണ് കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെടാൻ കാരണമായത്. കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും എതിരെ എന്തെല്ലാം അപകീർത്തികരമായ വെളിപ്പെടുത്തൽ നടത്താമോ അതെല്ലാം മാധ്യമങ്ങളിലൂടെ നടത്തപ്പെട്ടു. എന്നിട്ട് എന്ത് സംഭവിച്ചു? അത്തരം വെളിപ്പെടുത്തലുകൾ നടക്കുമ്പോൾ ആരോപണത്തിനിരയാകുന്നവർ ഇപ്പോൾ പ്രസ്താവനയിറക്കുന്നു, " തികച്ചും അടിസ്ഥാനരഹിതം " " രാഷ്ട്രീയ പ്രേരിതം " "തിരഞ്ഞെടുപ്പല്ലേ വരുന്നത് ". അതോടെ ആ വിഷയം അവരെ സംബന്ധിച്ച് കഴിയുന്നു. എന്നാലും അതിനെ ചുറ്റിപ്പറ്റി ചാനലുകളിൽ
ഒരാഴ്ചത്തെ ചർച്ച . അപ്പോഴേക്കും അടുത്ത വിഷയം വന്നിരിക്കും.ഈ ചർച്ചയുടെ ആവേശം പ്രതിസ്ഥാനത്തു നിൽക്കുന്നവരെ കൈയ്യാമം വച്ച് അകത്താക്കുന്നതിലേക്ക് തിരിയുന്നു. ജനായത്ത സംവിധാനത്തിൽ ജനങ്ങൾ ഏറ്റെടുത്തു ചെയ്യേണ്ടത് തങ്ങൾ ഏറ്റെടുക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ ജനിപ്പിക്കുന്നു. അതിലൂടെ ജനങ്ങൾ വെറും പ്രേക്ഷകരായി മാറ്റപ്പെടുന്നു. പങ്കാളികളിൽ നിന്ന് പ്രേക്ഷകരായി ജനം മാറുന്നതാണ് ജനായത്ത സംവിധാനത്തിലെ ഏറ്റവും വലിയ അപകടം. ഒരു സംഗതി സാമന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞാൽ അത് ക്രമേണ വ്യവസ്ഥാപിതമാകും. ഉദാഹരണത്തിന് യോഗ്യത മുഖ്യപരിഗണന ആകാതെ മറ്റ് താല്പര്യങ്ങൾ മുൻനിർത്തി വൈസ് ചാൻസിലർമാരെയും പി.എസ് സി
അംഗങ്ങളെയും നിയമിക്കുന്നത്. ഇതിൽപരം വലിയ അഴിമതി വേറെ ഇല്ല . എന്നാൽ അതിന്ന് വ്യവസ്ഥാപിതമാണ്. അത് അഴിമതി ആണെന്ന് മാധ്യമങ്ങൾക്ക് തോന്നുക പോലും ചെയ്യാത്ത അവസ്ഥ. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയനെതിരെ ബംഗളുരു
രജിസ്റ്റർ ഓഫ് കമ്പനീസ് തയ്യാറാക്കിയ റിപ്പോർട്ട് . ഏതാനും മാസങ്ങളായി മാധ്യമങ്ങൾ ചർച്ച ചെയ്തു ഉറപ്പിച്ച വസ്തുതകളുടെ സ്ഥിരീകരണം മാത്രമാണ് രജിസ്റ്റർ ഓഫ് കമ്പനീസ് കണ്ടെത്തിയിട്ടുള്ളത്. എന്നിട്ടും അതിനെ അടിസ്ഥാനപ്പെടുത്തി ഒരേ തരത്തിലുള്ള ചർച്ചകളുടെ ആവർത്തനം .ഇത്തരത്തിലുള്ള അമിത ചർച്ചകളിലൂടെയാണ് , ചെടിപ്പുണ്ടായി ജുഗുപ്സാവഹവും അശ്ലീലകരവുമായ പ്രവണതകൾ സാമാന്യവൽക്കരിക്കപ്പെടുന്നത്. സി.എം.ആർ എല്ലിൽ നിന്ന് സേവനകരാറിലൂടെ വീണയ്ക്കും കമ്പനിക്കും ലഭിച്ചത് വെറും ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം മാത്രം. എന്നാൽ കമ്പനിയുടെ രേഖകളിൽ ചുരുക്കപ്പേരുകൾക്കുടമകളായ ഇരുമുന്നണികളിലെയും നേതാക്കൾ കൈപ്പറ്റിയത് വമ്പൻ രണ്ടക്ക കോടികളാണ്. അതൊരു കാര്യമായ അഴിമതിയാണെന്നു പോലും മാധ്യമങ്ങൾക്ക് തോന്നുന്നില്ല. ഒരു പരാമർശ യോഗ്യത മാത്രമേ അതിനു കൽപ്പിക്കപ്പെടുന്നുള്ളു. അതിനാൽ അഴിമതിക്കിനീ കേരളത്തിൽ വാർത്താപ്രാധാന്യമില്ല. സ്ത്രീകൾ ഉൾപ്പെട്ട വിഷയത്തിനും അഴിമതിക്കും വാർത്താപ്രാധാന്യമില്ലാതെ വന്നാൽ ബുദ്ധിമുട്ടാൻ പോകുന്നതും മാധ്യമങ്ങൾ.

Tags: