സഹകരണ മേഖലയിൽ പ്രതിസന്ധി നേരിടുന്നത് കറുത്ത നിക്ഷേപകർ

Glint Staff
Fri, 18-11-2016 01:07:18 PM ;

 

കേരളത്തിലെ സഹകരണ മേഖല തകരുകയാണെങ്കിൽ അതിനുത്തരവാദികൾ നവംബര്‍ 18 ന് തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നിൽ സമരമിരിക്കുന്ന മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഇടതുപക്ഷ മുന്നണിയും പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണിയുമാണ്.

 

സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ സംയുക്തമായി സത്യാഗ്രഹമിരിക്കുന്നത്. എന്താണ് പ്രതിസന്ധി? വർഷങ്ങളായി രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന്റെയും നിക്ഷേപകരുടെയും വിശദാംശങ്ങൾ റിസർവ് ബാങ്ക് രേഖാമൂലം ആരാഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തിലേറെ കത്തുകൾ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പല അവസരങ്ങളിലായി റിസർവ്വ് ബാങ്ക് സഹകരണ സ്ഥാപനങ്ങൾക്ക് അയച്ചിട്ടുണ്ട്. അവയെല്ലാം ചവറ്റുകൊട്ടയിൽ ഇടം കണ്ടു. അതുപോലെ ആദായ നികുതി വകുപ്പും നിക്ഷേപ വിവരങ്ങൾക്കായി പരമാവധി ശ്രമിച്ചു. രണ്ടു മാസം മുൻപ് എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള സഹകരണ സംഘം ഓഫീസിൽ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഓഫീസർമാരെ സമീപത്തുണ്ടായിരുന്ന സി.ഐ.ടി.യുക്കാർ നേരിടാൻ ശ്രമിച്ചു. തുടർന്നു സംഘർഷമുണ്ടായി. ഒടുവിൽ പോലീസ് എത്തേണ്ടി വന്നു.

 

കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ അത്താണി തന്നെയാണ് സഹകരണ സംഘങ്ങൾ. കേരളത്തിന്റെ പുരോഗതിയിൽ അവ വഹിച്ചിട്ടുള്ള പങ്കും നിസ്തുലമാണ്. കേരളത്തിലെ കൃഷിയും കാർഷിക മേഖലയും കർഷകരും തകർന്നു കൊണ്ടിരിക്കുന്നുവെന്നാണ് സർക്കാർ രേഖകൾ തന്നെ പറയുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപം സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ കണക്കനുസരിച്ച് 52,000 കോടിയോളം വരുന്നു. എവിടെ നിന്നാണ് ഈ നിക്ഷേപം? അതു വെളിപ്പെടുത്താൻ കഴിയുന്നതല്ല. കാരണം അവിഹിതമായി സമ്പാദിക്കപ്പെട്ടതാണ് ഈ നിക്ഷേപങ്ങളിൽ നല്ല പങ്കും. റിസര്‍വ് ബാങ്കിന്റെയും ആദായ നികുതി വകുപ്പിന്റെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരുമ്പോൾ നിക്ഷേപകർ ആരെന്ന് അറിയിച്ചേ മതിയാകൂ.

 

സാധാരണക്കാരുടേയും കർഷകരുടെയും പേരിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഭരണ-പ്രതിപക്ഷം സംയുക്തസമരം നടത്തുന്നത്. അവരുടെ കാര്യം നേടിയെടുക്കാനായിരുന്നെങ്കിൽ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടപ്പോൾ ലളിതവും ക്രിയാത്മകവുമായ പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാമായിരുന്നു. നിക്ഷേപ രേഖകളും നിക്ഷേപകരുടെ തിരിച്ചറിയൽ രേഖകൾക്കുമൊപ്പം സഹകരണ മേഖലയിൽ നിന്നുള്ളവരുടെ നിക്ഷേപം ക്രമപ്പെടുത്തിക്കൊടുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായാമായിരുന്നു. റിസർവ്വ് ബാങ്ക് അധികൃതരുമായുo ഇക്കാര്യം ചർച്ച ചെയ്യാമായിരുന്നു. എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നു കൊണ്ട് സാധാരണക്കാരെ മുൻനിർത്തി സഹകരണ മേഖലയിലെ പ്രതിസന്ധി ഉയർത്തിക്കാട്ടി നിക്ഷേപവിവരം വെളിപ്പെടുത്താൻ കഴിയാത്ത കറുത്ത നിക്ഷേപങ്ങളെ വെളുപ്പിക്കാനുള്ള സംയുക്ത ശ്രമമാണ് നടക്കുന്നത്.

 

ഈ 52,000 കോടി രൂപ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ വിനിയോഗിക്കാമെന്ന ദിശയിലേക്ക് ഒരു ചർച്ച പോലും കേരളത്തിൽ നടക്കാതിരുന്നത് ബോധപൂർവ്വമായ ധാരണയുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു എന്ന് ഇപ്പോൾ വ്യക്തം. കൊച്ചി മെട്രോക്ക് ആവശ്യമായ തുക ഫ്രഞ്ച് ഏജൻസിയിൽ നിന്ന് സംഘടിപ്പിക്കാൻ അധികൃതർ എത്ര ബുദ്ധിമുട്ടി. ഇപ്പോൾ അനുബന്ധ പ്രവർത്തനങ്ങൾക്ക് 750 കോടി രൂപ അവരിൽ നിന്നു കിട്ടുന്നതിന് ഇവിടം സന്ദർശിച്ച അധികൃതരെ കൊച്ചി നഗരത്തിലെ പദ്ധതി പ്രദേശങ്ങൾ കാണിച്ചും മെട്രോ നിർമ്മാണം കാണിച്ചും ബോധ്യപ്പെടുത്തേണ്ടി വന്നു. അര ലക്ഷം കോടി രൂപ സഹകരണ മേഖലയിൽ നിക്ഷേപമായി കിടക്കുമ്പോഴാണിത്.

 

സഹകരണ മേഖലയിൽ കുമിഞ്ഞുകൂടിയിട്ടുള്ള കറുത്ത നിക്ഷേപം കേരളത്തിലെ അഴിമതിയുടെ വ്യാപ്തിയേയും വെളിവാക്കുന്നുണ്ട്. ഇപ്പോൾ പ്രതിസന്ധി നേരിടുന്നത് കറുത്ത നിക്ഷേപകരാണ്. നിക്ഷേപകരുടെ വിശദാംശങ്ങൾ എല്ലാം ഹാജരാക്കിക്കൊണ്ടുള്ള ഒരു പരിഹാര നിർദ്ദേശം കേന്ദ്രത്തിന്റെയും റിസർവ്വ് ബാങ്കിന്റെയും മുന്നിൽ സമർപ്പിക്കുന്ന പക്ഷം സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാവുന്നതാണ്. നിലവിലെ സാഹചര്യത്തിൽ അതുണ്ടാകുമെന്നു കരുതുക പ്രയാസം. ഈ സാഹചര്യത്തിൽ അധ്വാനിച്ച് പണം നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകർ സംഘടിച്ച് സ്വയരക്ഷയ്ക്കു വേണ്ടി അടിയന്തര നടപടികളിലേർപ്പെടണം. അല്ലാത്ത പക്ഷം കറുത്ത നിക്ഷേപത്തിന്റെ വൻ ഭാരത്തിനടിയിൽപ്പെട്ട് വെളളപ്പണ നിക്ഷേപകരും ദുരിതം പേറേണ്ടി വരും.

Tags: