ജിഷയുടെ കൊലപാതകം: വൈകാരിക പ്രകടനമല്ല ഇപ്പോൾ വേണ്ടത്

Glint Staff
Wed, 04-05-2016 03:30:58 PM ;
protest against jisha murder
Image: Biju Ibrahim @ Facebook

 

മനുഷ്യജീവിതത്തിനു രണ്ടു ദിശകളേ ഉള്ളു. അതിനാൽ ആ ദിശയിലേക്കുള്ള രണ്ടു വഴികളും. ഒരു വഴിയായി മാത്രം അതിനു നിലനിൽപ്പുമില്ല. ഉന്നമനത്തിന്റെയും അധമത്വത്തിന്റെയും ദിശകളും വഴികളുമാണത്. അധമത്വത്തിന്റെ ഇരയാണ് പെരുമ്പാവൂരിൽ മനുഷ്യസമൂഹത്തിന് അപമാനകരമാം വിധം കൊലചെയ്യപ്പെട്ട ജിഷയെന്ന പെൺകുട്ടി. അടച്ചുറപ്പില്ലാത്ത, പുറമ്പോക്കിലെ ചായ്പ്പിൽ കഴിഞ്ഞിരുന്ന ആ കുട്ടി എൽ.എൽ.ബി കോഴ്‌സ് ലാ കോളേജിൽ പൂർത്തിയാക്കി എന്നുള്ളത് അത്ഭുതമാണ്. കാരണം ആ കുട്ടിയുടെ അമ്മയ്ക്കാണെങ്കിൽ മാനസികമായി സ്വാസ്ഥ്യവുമില്ലാത്ത അവസ്ഥ. ആ അവസ്ഥയിലും അവൾ ശ്രമിച്ചിരുന്നത് സ്വയം ഉന്നമനത്തിനു വേണ്ടിയായിരുന്നു. എന്നാൽ അവളുടെ അവസ്ഥയും വാസസ്ഥലവും സമൂഹത്തിൽ അധമത്വത്തിന് സ്വൈര്യമായി ഇഴഞ്ഞു കയറാൻ പറ്റിയ പരുവത്തിലും. ഒരു വ്യക്തി, അയാൾ ഈ നാട്ടുകാരനായിക്കൊള്ളട്ടെ, അയൽനാട്ടുകാരനായിക്കൊള്ളട്ടെ, അധമനായിക്കഴിഞ്ഞാൽ കാക്കയ്ക്ക് പറക്കാൻ വാസന എങ്ങനെ ഉണ്ടാകുന്നുവോ അതുപോലെ അയാൾ അധമപ്രവൃത്തികളിലേർപ്പെടും. അയാളും മനുഷ്യൻ തന്നെ.

 

പ്രത്യക്ഷത്തിൽ ജിഷയെ കൊന്ന നരാധമനാണ് ഉത്തരവാദിയെങ്കിലും നാമോരുരുത്തരും ജിഷയുടെ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്. ആ നരാധമനെ പിടികൂടണം, ലിംഗം ഛേദിക്കണം എന്നീ വൈകാരിക മുദ്രാവാക്യങ്ങളുമായി ജിഷയ്ക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരത്തിലിറങ്ങിയിരിക്കുന്ന മനുഷ്യസ്നേഹികൾ യഥാർഥത്തിൽ വീണ്ടും നിരാലംബരായ ജിഷമാരെ സൃഷ്ടിക്കാനേ സഹായിക്കുകയുള്ളു. എന്തുകൊണ്ട് ഈ സാഹചര്യത്തിൽ ഒരു കുട്ടി കൊല ചെയ്യപ്പെടാനുളള സാഹചര്യങ്ങൾ ഉണ്ടായി എന്ന്‍ ചിന്തിക്കേണ്ട സ്ഥാനത്താണ് വൈകാരികതയിലൂടെ അതിലേക്ക് ശ്രദ്ധ പോകാത്ത വിധം കാര്യങ്ങൾ നയിക്കപ്പെടുന്നത്. ജിഷയ്ക്ക് നീതി വേണം എന്ന ആവശ്യം പോലും എത്ര അർഥശൂന്യമാണ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വൈകാരിക സംതൃപ്തിയാണ് ഇവിടെ ലക്ഷ്യമാകുന്നത്.

 

ജിഷ ഇവ്വിധം കൊലചെയ്യപ്പെട്ടപ്പോഴും ഓർക്കപ്പെടുന്നത് ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാൽസംഗം ചെയ്തു കൊന്ന ഗോവിന്ദച്ചാമിയെയാണ്. അർബുദരോഗം തലവേദനയായി പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ വേദനാസംഹാരി കൊടുത്ത് അതിനെ നേരിടുന്നതുപോലെയാണ് ജസ്റ്റിസ് ഫോർ ജിഷ എന്ന മുദ്രാവാക്യം ഉയർത്തുന്ന അപകടം. ജിഷയ്ക്ക് ഇനി ആർക്കും നീതി കൊടുക്കാൻ സാധ്യമല്ല. പ്ലക്കാർഡും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നവരിൽ വൈകാരികത കാൽപ്പനികതയിലേക്ക് വഴുതിവീഴുന്നതായിപ്പോലും തോന്നുന്നു. കാരണം അറബ് വസന്തമാതൃക ദില്ലിയിൽ ഉണ്ടായതിനെ അനുകരിച്ച് ഒരു ദില്ലി മാതൃക കേരളത്തിലും സൃഷ്ടിക്കുക എന്ന കാൽപ്പനികത. ഈ പ്രതിഷേധക്കാർ അവരുടെ നിലയ്ക്ക് സുരക്ഷിതരാണ്. 

 

വൈകാരികതയുടെ പാതയിലൂടെ മനുഷ്യൻ നീങ്ങുകയും വിവേകം ഉണരേണ്ട സ്ഥലത്ത് അത് തമസ്കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധമത്വങ്ങൾ പലരീതിയിൽ വിളയാട്ടവുമായി രംഗപ്രവേശം ചെയ്യുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങൾ ഏറെ നാളായി മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് അനുദിനം കാണുന്നത്. ചില സ്ഥാപിത താല്‍പ്പര്യങ്ങൾ അറിഞ്ഞോ അറിയാതെയോ ചിലരുടെ അജണ്ടകളാവുകയും അത് മാദ്ധ്യമങ്ങളുടെ അജണ്ടയാവുന്നതോടും കൂടിയാണ് ഈ ദൂഷിത വലയം പൂർണ്ണമാകുന്നത്. വിവേചനമില്ലാതെ മാദ്ധ്യമങ്ങൾ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അതിലൂടെ സംഭവിക്കുന്നത് സ്ത്രീയും പുരുഷനും പരസ്പരം ശത്രുക്കളെ പോലെ കാണുന്ന രീതിയിലേക്കു വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു എന്നതും.

     

ഒരു ഭാഗത്ത് 24 മണിക്കൂറും സെക്സ് ഉണർത്തുന്ന ദൃശ്യങ്ങളാലും ചലനങ്ങളാലും കാഴ്ചകളാലും മാദ്ധ്യമങ്ങൾ പരിപാടികൾ നിറയ്ക്കുന്നു. അതേസമയം സ്ത്രീയും പുരുഷനും തമ്മിലുള്ള അകലം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മറുഭാഗത്ത്. ഇതിലൂടെ സമൂഹത്തിൽ പേടിയും ഭീരുത്വവും ക്രമാതീതമായി വർധിക്കുന്നു. അതിനാൽ മറ്റുള്ളവന്റെ കാര്യം തന്റെ കാര്യമല്ല എന്ന തോന്നൽ സമൂഹത്തിന്റെ ചിന്തയുടെ ഭാഗമായി. അഥവാ ഇടപെട്ടാൽ അത് ഏത് രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്നുള്ള ഭയവും മറുഭാഗത്ത്. ഇത് ഭീരുക്കൾക്ക് അഥവാ അധമർക്ക് ദുർബലമായ സാഹചര്യങ്ങളിൽ കടന്നാക്രമണം നടത്താൻ അവസരം ഒരുക്കിക്കൊടുക്കുന്നു. എല്ലാ വിഷയങ്ങൾക്കും ശിക്ഷയും പോലീസ് നടപടിയും നിയമവും ആണ് ഏക പരിഹാരമെന്ന് ഊട്ടിയുറപ്പിക്കുന്നതിലേക്ക് ആക്ടിവിസ്റ്റുകളുടേയും കാൽപ്പനിക പ്രതിഷേധകരുടേയും ശ്രദ്ധ തിരിയുന്നതിനാൽ ഉത്തരവാദിത്വപ്പെട്ടവർക്കും സാമൂഹ്യ സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കാര്യങ്ങൾ എളുപ്പമാകുന്നു.

 

ക്രമസമാധാനം പാലിക്കപ്പെടുന്ന അവസരത്തിൽ ആരും പോലീസുകാരെ ഓർക്കാറില്ല. എന്നാൽ ഒരു കള്ളനെ പിടിക്കുന്ന പോലീസുകാരൻ നായകനാകുന്നു. പോലീസ് സംവിധാനത്തിന്റെ ദയനീയ പരാജയമാണ് ഋഷിരാജ് സിങ്ങ് എന്ന പോലീസ് ഓഫീസർ. അദ്ദേഹം അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. ഒരു ഓഫീസർ ചെയ്യേണ്ട കർത്തവ്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു. അദ്ദേഹം നായകനായി. എന്തുകൊണ്ട്? പോലീസ് സംവിധാനം ജീർണ്ണിച്ചതിനാൽ. ആ ജീർണ്ണതയെ പരിമിതപ്പെടുത്താനെങ്കിലും ഉതകുന്ന വിധം പ്രവർത്തിക്കാൻ മാദ്ധ്യമങ്ങൾക്കോ സാമൂഹ്യ സംഘടനകൾക്കോ കഴിയുന്നില്ല. മറിച്ച് ഋഷിരാജ് സിങ്ങിനെ നായകനാക്കി അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ പ്രകീർത്തിച്ച് മറ്റുള്ളവരെ അറിയിക്കാനും അദ്ദേഹത്തെ ഹീറോ ഓഫ് ദ ഇയറാക്കി പ്രഖ്യാപിക്കാനുമാണ് ഏവർക്കും താൽപ്പര്യം. ആ മലയാളി മനസ്സാണ് ഇപ്പോൾ ജിഷയ്ക്ക് നീതി എന്ന പ്ലക്കാർഡേന്തി പ്രതിഷേധിക്കുന്നത്. പൈങ്കിളി മാദ്ധ്യമപ്രവർത്തനം നേടിയ വിജയത്തിന്റ ഉദാഹരണവുമാണത്.

 

യഥാർഥ വിഷയം ജാഗ്രതയോടും കൃത്യതയോടും കണ്ടെടുത്ത് അതിനെ പഠിച്ച് പരിഹരിക്കാൻ ശ്രമിക്കാത്തിടത്തോളം കാലം ജിഷമാർ ഉണ്ടായിക്കൊണ്ടിരിക്കും .ഈ ജിഷമാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാകും. ഗ്രാമങ്ങളിൽ താമസിക്കുന്നവരായിരിക്കും. മൂന്നു മാസവും മൂന്നു വയസ്സും മാത്രമുളള കുഞ്ഞുങ്ങളാകും. പ്രായം ചെന്ന അമ്മമാരാകും. ജീവിച്ചിരിക്കുന്ന ജിഷമാരെ കാണാമറയത്ത് എന്നും നിർത്താനേ ഇത്തരത്തിലുള്ള കാൽപ്പനിക പ്രതിഷേധങ്ങൾ സഹായകമാവുകയുള്ളു. പ്രതിഷേധത്തിനിറങ്ങിയവരെ കുറ്റപ്പെടുത്താനാകില്ല. കാരണം മനുഷ്യനുണ്ടാകുന്ന സ്വാഭാവികമായ വൈകാരിക പ്രകടനമാണത്. എന്നാൽ സാമൂഹ്യ മാദ്ധ്യമങ്ങൾ നിർണ്ണായകമായ ഈ ഘട്ടത്തിൽ ഈ വൈകാരികതയെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. മുഖ്യധാരാ മാദ്ധ്യമങ്ങളാണ് കേരളത്തെ പൈങ്കിളിവത്ക്കരിച്ചത്. ആ വഴി വികസിപ്പിക്കുന്ന വിധമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളും പെരുമാറുന്നത്. അതിനാൽ ജിഷയെ കൊന്ന വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ പിടിക്കുന്നതോടു കൂടി ഈ വിഷയം അടുത്ത വിഷയം വരെ വിരാമമാകുന്നു. അതിനാൽ വൈകാരികതയെ മാറ്റി നിർത്തി ജിഷയെ കൊന്ന അർബുദത്തെ കണ്ടെത്തുകയാണ് വേണ്ടത്. അതോടൊപ്പം ജിഷയെ കൊന്ന നരാധമൻ സമൂഹത്തിന് അപകടമായതിനാൽ അയാളെയോ അല്ലെങ്കിൽ അവരെയോ കണ്ടെത്തി സമൂഹത്തിൽ നിന്ന് മാറ്റിനിർത്തേണ്ടതും അർഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും ഭരണകൂടത്തിന്റെ കടമയുമാണ്. അല്ലാതെ ചാക്കാലക്കരച്ചിൽ പോലുള്ള പ്രതിഷേധമല്ല. അത് അധമത്വത്തിന് വ്യാപരിക്കാനുള്ള വളക്കൂറ് മാത്രമേ ആവുകയുള്ളു. സമൂഹം ഏത് ദിശയിലേക്കു നീങ്ങുന്നുവെന്നും അതിന്റെ പ്രത്യക്ഷ-അപ്രത്യക്ഷ കാരണങ്ങൾ എന്തെല്ലാമെന്ന് വിവേകത്തോടെ കാണാനുമാണ് ഈ സമയം ചെലവഴിക്കേണ്ടത്. അല്ലെങ്കിൽ മാദ്ധ്യമങ്ങളുടെ റേറ്റിംഗ് വർധിക്കുന്നതിനുള്ള സംഭവമായി മാത്രം ജിഷയുടെ കൊലപാതകവും അവസാനിക്കും. അത് അധമത്വത്തിന്റെ ഗതിശക്തി വർധിപ്പിക്കും. രാത്രി പത്തുമണിക്കു ശേഷം കുറ്റകൃത്യങ്ങളെ കുറിച്ച് വിശദമായ പ്രത്യേക പരിപാടികളുമായി ജനങ്ങളെ സുഖിപ്പിക്കാനെത്തുന്ന ചാനലുകൾ ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. അതിന് കാണികളുള്ളതുകൊണ്ടാണ് യഥേഷ്ടം പരസ്യങ്ങൾ ലഭ്യമാകുന്നതും. അധമത്വത്തിലേക്കാണോ അതോ ഔന്നത്യത്തിലേക്കാണോ അത്തരം പരിപാടികൾ കൊണ്ടുപോകുന്നതെന്നും ആലോചിക്കാവുന്നതാണ്. നീർച്ചാലുകൾ കൂടുന്നതാണ് നദിയെന്നും ഇത്തരുണത്തിൽ ഓർക്കാം.

Tags: