അദ്വാനി ,പക്വത, അടിയന്തിരാവസ്ഥ

Glint Staff
Sat, 20-06-2015 07:55:00 PM ;

L K Advani, Sushama swaraj, modiഎല്‍ കെ അദ്വാനി തരുന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെയാണ് സി പി എം ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ അദ്വാനിയുടെ വാക്കുകള്‍ക്ക് വലിയ വിശ്വാസ്യതയും വിലയും കല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് പക്വതയില്ല എന്നാണ് അദ്വാനി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അടിയന്തിരാവസ്ഥ വേണമെങ്കില്‍ വീണ്ടും വരാം എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ജനാധിപത്യത്തെ ഇല്ലായ്മചെയ്തുകൊണ്ടു ശക്തി പ്രാപിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ സംവിധാനമില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ബി ജെ പി ഒഴികെ മറ്റെല്ലാവരും അദ്വാനിയുടെ അഭിപ്രായപ്രകടനത്തെ മോദിക്കെതിരെയുള്ള ഒളിയമ്പായാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ബി ജെ പിയാകട്ടെ അദ്വാനിയുടെ അഭിപ്രായത്തില്‍ പൊതു സ്വഭാവം മാത്രമാണ് കണ്ടത്. അഭിപ്രായപ്രകടനം നടത്തിയ അദ്വാനി ദില്ലിയിലുണ്ട്. രാജ്യം മുഴുവനുള്ള രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വ്യാഖ്യാനവുമായി സമയവും സ്ഥലവും മിനക്കെടുത്തുന്നു. അദ്വാനിയുടെ മുന്നറിയിപ്പില്‍ രാജ്യം പുതിയ ഒരു അറിവിലേക്ക് വഴുതി വീണതുപോലെയാണ് മാധ്യമങ്ങളിലൂടെ പ്രകടമാകുന്ന  ധാരണ. എന്നാല്‍ തന്റെ തണലിലും മോദിയിടെ വെയിലേറ്റ് വാടുകയും ചെയ്തുകൊണ്ടിരിക്കുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അനായാസം അദ്വാനി പുറത്തു നിന്നുകൊണ്ട് രക്ഷപെടുത്തിയിരിക്കുന്ന കാഴ്ച കൗതുകം ജനിപ്പിക്കുന്നു. ലളിത് മോദി വിഷയത്തില്‍ പരുങ്ങലിലായ സുഷമ സ്വരാജ് അദ്വാനിയുടെ പ്രസ്താവനാ വെടിയോടെ രക്ഷപെട്ടു. ഒരു വെടിക്ക് അദ്വാനി ഒരുപാട് പക്ഷികളെയാണ് വീഴ്ത്തിയിരിക്കുന്നത്. യോഗമാമാംഗത്തോടെ പുതിയ ഒരു തരംഗസൃഷ്ടിക്ക് മോദിയും സംഘവും തയ്യാറെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അദ്വാനിയുടെ ഒളിയമ്പ്. യോഗ കൊണ്ടുവരുന്ന രീതിയില്‍ പോലും സ്വഛാധിപത്യത്തിന്റ ലക്ഷണങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നുകൂടിയാണ് അദ്വാനിയുടെ സൂചനകള്‍ സൂചിപ്പിക്കുന്നത്. മോദി ഇത്തരം കാര്യങ്ങള്‍ കാര്‍ക്കശ്യത്തോടെ നടപ്പിലാക്കുന്നത് കണ്ടിട്ടാണോ, അതോ ഉള്‍പ്പാര്‍ട്ടി കലഹത്തിന്റെ ഭാഗമായാണെ അതോ തന്നെ അതിദയനീയമാം വിധം തഴഞ്ഞതിനെ തുടര്‍ന്നാണോ അദ്വാനി സുഷമയെ രക്ഷിച്ചെടുക്കുന്നതോടൊപ്പം ഇത്തരത്തിലൊരു സൂചന തന്നിരിക്കുന്നതെന്ന് അറിയുക പ്രയാസം. രണ്ടായാലും മോദിയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അദ്വാനിയുടെ അഭിപ്രായം. അല്ലെങ്കില്‍ ഇതിനകം അദ്ദേഹം അതിന് വിശദീകരണം നല്‍കുമായിരുന്നു.

                തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനോട് പരസ്യമായ എതിര്‍പ്പ് പ്രവര്‍ത്തിയിലൂടെ പ്രകടമാക്കിയ നേതാവാണ് അദ്വാനി. എന്നാല്‍ അദ്വാനിയെപ്പോലും മയക്കി തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കുറിക്കുന്നതിന് മോദിക്കു കഴിഞ്ഞു. മോദി വിജയം കൊയ്ത് ദില്ലിയില്‍ കാലു കുത്തി മണിക്കൂറുകള്‍ക്കം പാര്‍ലമെണ്ടിലെ അദ്വാനിയുടെ പ്രത്യേക മുറിയുടെ ബോര്‍ഡ് നീക്കം ചെയ്യുകയുണ്ടായി. എന്നാല്‍ മോദി പടിയില്‍ ചുംബിച്ച് പാര്‍ലമെണ്ടിനകത്തേക്ക് കയറിയപ്പോള്‍ മോദിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഏതാണ്ട് മാപ്പപേക്ഷിക്കുന്ന പോലെയാണ് അന്ന് അദ്വാനി പെരുമാറിയത്. പിന്നീടുള്ള ദിവസങ്ങളിലും മോദി തന്റെ നിലപാടി അയവില്ലാതെ മുന്നോട്ട് നീങ്ങി. ഓര്‍മ്മ കൈവിട്ടുപോയ എ ബി വാജ്‌പേയിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കാരണവാന്മാരുടെ സമിതിയില്‍ ഉള്‍പ്പെടുത്തുക വഴി വ്യക്തമായ സന്ദേശമാണ് മോദി അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കുമൊക്കെ നല്‍കിയത്. ഈ പശ്ചാത്തലമാണ് ഇപ്പോള്‍ അദ്വാനിയുടെ അഭിപ്രായപ്രകടനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്. പക്വതയുള്ള രാഷ്ട്രീയ നേതൃത്വം രാജ്യത്തില്ല എന്നു പറയുമ്പോള്‍ തനിക്കും തന്റെ തലമുറയ്ക്ക് അതുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. പക്വതയുള്ള വ്യക്തിയുടേതായാലും നേതൃത്വത്തിന്റേതായാലും പക്വതയുടെ മുഖ്യലക്ഷണം സത്യസന്ധതയാണ്. അത് അദ്വാനിയുടെ പ്രസ്താവനയ്ക്ക് നഷ്ടമായിരിക്കുന്നു. മോദിയുടെ പോക്ക് സ്വേഛാധിപത്യപരമാണെങ്കില്‍ അത് വ്യക്തമായി തുറന്നു പറയാനുള്ള ഉത്തരവാദിത്വം അദ്വാനിക്കുണ്ട്. മറിച്ച് വ്യക്തിത്വമില്ലാത്തവരെപോലെ കൊടിയ ദുരന്തത്തെ മനസ്സിലാക്കിയിട്ട് എന്തിനേയോ കണ്ട് പേടിക്കും പോലെ എങ്ങും തൊടാതെ എന്നാല്‍ തൊട്ടെന്നു തോന്നുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സ്വേഛാധിപത്യ ശക്തികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയേ ഉളളു. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുപോലും തന്നെ പേടിക്കുന്നുവെന്നാണ് അവര്‍ മനസ്സിലാക്കുക. ഏതു സ്വേഛാധിപതിയും ആത്യന്തികമായി ഭീരുവാണ്. അതുകൊണ്ടുതന്നെ ഭീരുക്കളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ സേഛാധിപത്യം ബലപ്പെടുകയുള്ളു. അദ്വാനി പോലും മോദിയെ ഭയക്കുന്നു എന്നുള്ള വസ്തുതയാണ് ജനമനസ്സുകളില്‍ അറിയാതെ അടിഞ്ഞുകൂടുന്നത്. അദ്വാനി പോലും നരേന്ദ്രമോദിയെ പേടിക്കുന്നു എന്നുള്ള തോന്നല്‍ ജനം അറിയാതെ അവരുടെ മനസ്സില്‍ നിക്ഷേപിക്കപ്പെടും. മോദി സ്വേഛാധിപതിയാകാന്‍ തീരുമാനിക്കുന്ന പക്ഷം അദ്വാനിയെപ്പോലുള്ളവരുടെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സ്വേഛാധിപത്യത്തിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു. വിശേഷിച്ചും മോദിയുടെ പ്രവര്‍ത്തനശൈലിയുടെ പ്ശ്ചാത്തലത്തില്‍. ഭരണകൂടം കൃത്യതയോടെയും ശുഷ്‌കാന്തിയോടും ദിശാബോധത്തോടും കൂടി പ്രവര്‍ത്തിക്കുകയാണോ അതോ സുതാര്യത ഒഴിവാക്കി ജനങ്ങളില്‍ നിന്ന് അകന്ന് പ്രവര്‍ത്തിക്കുകയാണോ ്എന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍. ഒ്ന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഭരണകൂട സാന്നിദ്ധ്യം ശുഷ്‌കാന്തിയുടേതാണോ അതോ സ്വേഛാധിപത്യപ്രവണതയുടേതാണോ എ്ന്ന സംശയം പ്രബലമായി നിലനില്‍ക്കുമ്പോള്‍

              ഏതു നേതാവിന്റേയും പക്വത ആത്യന്തികമായി പ്രയോഗത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ആ വ്യക്തിയുടെ ഉദ്ദേശ്യശുദ്ധിയിലാണ്. സ്വേഛാധിപത്യപ്രവണതകള്‍ കണ്ട് അവ തഴച്ചുവളരാനുള്ള സാഹചര്യം മനസ്സിലാക്കി മുന്നറിയിപ്പ് നല്‍കിയതല്ല ഇവിടെ അദ്വാനി. മറിച്ച് ബി ജെ പിയിലെ ഉള്‍പ്പാര്‍ട്ടി പോരിന്റേയും വ്യക്തിപരമായി ഏറ്റ മുറിവുകളുടേയും വര്‍ത്തമാനസാഹചര്യത്തില്‍ തന്നെ പിന്‍പറ്റി നില്‍ക്കുന്ന സുഷമാ സ്വരാജിനെ പ്രതിസന്ധിയില്‍ നിന്ന് തല്‍ക്കാലം രക്ഷിച്ചെടുക്കലുമാണ് അദ്വാനിയുടെ ലക്ഷ്യം. അവിടെ ഉദ്ദേശ്യശുദ്ധി ഇല്ലാതെ പോകുന്നു. അദ്ദേഹഹം പറഞ്ഞത് ശരിതന്നെ.  ഇത് മനസ്സിലാക്കാതെ മോദിയെ ആക്രമിക്കാന്‍ കിട്ടിയ ആയുധമെന്ന നിലയ്ക്ക് പ്രതിപക്ഷവും മോദിയുടെ അഭിപ്രായപ്രകടനത്തിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു.രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വം ഇല്ല അദ്വാനി പറഞ്ഞത് ഇത്തരുണത്തില്‍ ശരി തന്നെയാണ്.  

Tags: