ലാലിസത്തിലൂടെ പാളിയ ഗെയിംസ് ഉദ്ഘാടനം

Glint Staff
Mon, 02-02-2015 03:11:00 PM ;

lalisom

 

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേള അരോചകമായി. ഒരു വൻ വിജയമാക്കി മാറ്റുന്നതിന് ആവശ്യമായ കോപ്പുകൾ ആവശ്യത്തിലധികം ഉണ്ടായിരുന്നിട്ട് കൂടി. ഈ പരാജയം നൽകുന്ന പാഠം ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതാണ്. മോഹൻലാൽ അതുല്യ നടൻ തന്നെ. അതിൽ രണ്ടഭിപ്രായം ഉണ്ടാവേണ്ട കാര്യമില്ല. പ്രാഥമികമായി ഈ പരിപാടി സംവിധാനം ചെയ്ത വ്യക്തിയുടെ ഭാവനാരാഹിത്യവും എന്താണ് താൻ ചെയ്യേണ്ടതെന്നുള്ള ധാരണയില്ലായ്മയുമാണ് കേരളത്തിൽ നടന്ന ദേശീയ പരിപാടി ഇത്രയും വഷളാകാൻ കാരണം. ഈ പരിപാടിയുടെ സംവിധായകന്റെ ലക്ഷ്യം ഒരു ദേശീയ പരിപാടിയുടെ അവസരത്തിലൂടെ മോഹൻലാലിന്റെ സംഗീത ട്രൂപ്പായ ലാലിസത്തിന് ഒരു അരങ്ങേറ്റം സംഘടിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു. അതിനാൽ ശ്രദ്ധ മുഴുവൻ അതായിപ്പോയി. അതിനുവേണ്ടി ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന് ഒരു തീമും സംഘാടകർ നിശ്ചയിച്ചു. സിനിമാ ലോകം കായിക ലോകത്തിന് പ്രണാമമർപ്പിക്കുന്നു. എന്നിട്ട് അവിടുന്നും ഇവിടുന്നും ചില ചലച്ചിത്ര ഗാന നുറുങ്ങുകളെടുത്ത് ചില നേരമ്പോക്ക് കാട്ടി. എന്തിനാണ് ഒരു തത്സമയ പരിപാടിയ്ക്ക് ഇതുപോലെ സ്ക്രീനിൽ അവതരണം ഒരുക്കിയതെന്നു പോലും മനസ്സിലാകുന്നില്ല. മോഹൻലാലിന് മോശം പേരുണ്ടായതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്ന ധാരാളം അവതാരകർ ഉള്ളപ്പോൾ ഒരു ദേശീയ പരിപാടിയുടെ അവതരണം മലയാളത്തിൽ. അതു തന്നെ  വലിയ അനീതിയായിപ്പോയി. ഇത്തരമൊരു പരിപാടിയുടെ അവതരണം കേരളത്തിന് പുറത്തെവിടെയങ്കിലും വച്ച് നടത്തപ്പെടുകയാണെങ്കിൽ ഹിന്ദിയിൽ മാത്രമായാൽ പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്ന മലയാളി ഇത് മലയാളത്തിൽ മാത്രം നടത്തിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒന്നുകിൽ ലൈവായി മോഹൻലാലിന് അത് നിർവഹിക്കാൻ കഴിയാതിരുന്നതായിരിക്കണം കാരണം. തെങ്ങിനെക്കുറിച്ച് മാത്രം അറിയാവുന്ന ഒരു കുട്ടിയുടെ കഥയുണ്ട്. പരീക്ഷയ്ക്ക് പശുവിനെക്കുറിച്ച് ഉപന്യാസം എഴുതാൻ ചോദ്യം വന്നാലും ഈ കുട്ടി തെങ്ങിനെക്കുറിച്ചായിരിക്കും എഴുതുക. അതായത് പശുവിനെ പൊതുവെ തെങ്ങിൽ കെട്ടുന്ന ഒരു പതിവുണ്ടെന്ന് തുടക്കം കുറിച്ചിട്ട് പിന്നെ നീട്ടിയെഴുതുന്നത് തെങ്ങിനെക്കുറിച്ചായിരിക്കും. അതുപോലെയായി സിനിമാ ലോകം കായിക ലോകത്തിന് സമർപ്പിക്കുന്ന പ്രണാമമെന്ന് പറഞ്ഞിട്ട് മുഴുവൻ പത്താം തരം സിനിമാ പരിപാടിയായി ഇതിനെ തരം താഴ്ത്തിയത്.

 

സിനിമാ പരിപാടിയാണെങ്കിലും അത് മാന്യമായി നടത്തിയാൽ മതിയായിരുന്നു. എത്രയോ ചാനലുകാരും സ്വകാര്യ സംരഭകരുമൊക്കെ ആഴ്ചയിലെന്നവണ്ണം അവാര്‍ഡ് മേളയെന്ന പേരിൽ സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താറുണ്ട്. ചെലവായതിന്റെ എത്രയോ ഇരട്ടി അത് സംപ്രേഷണം ചെയ്ത് പരസ്യത്തിലൂടെ അവർ സമാഹരിക്കാറുമുണ്ട്. അത്തരം ഒരു പരിപാടിയുടെ അമച്വർ നിലവാരം പോലും ദേശീയ ഗെയിംസിന്റെ ഉദ്ഘാടന പരിപാടി പുലർത്തിയില്ല. ഇതിന് മുൻപ് കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ അരങ്ങേറിയ ഉദ്ഘാടനച്ചടങ്ങുകൾ ഒരുപക്ഷേ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്നതും നയന മനോഹരവുമായിരുന്നു. ഏതു പരിപാടിയും വിജയിക്കാൻ അവശ്യം വേണ്ടത് അതിന് പ്രാപ്തരായവരെ കണ്ടെത്തുക എന്നുള്ളതാണ്. സ്റ്റേജ് ഷോകൾ തുടങ്ങിയ കാലം മുതൽ സംഘടകർ ശ്രദ്ധിക്കുന്ന കാര്യമാണ് ഇനങ്ങൾ തമ്മിലുള്ള ഇടവേളകൾ അധികമുണ്ടാകാതെ നോക്കൽ. അതു വന്നുകഴിഞ്ഞാൽ തന്നെ ഇത്തരം ഷോകൾ പരാജയപ്പെടും. ലാലിസത്തിന്റെ അരങ്ങേറ്റ വേദിയിൽ ഇത്തരം അസുഖകരമായ ഇടവേളകളായിരുന്നു. ആരും സംവിധാനം ചെയ്തില്ലെങ്കിലും വേദി കൊഴുപ്പിക്കുന്ന ഗായകരാണ് ഹരിഹരനും ഉദിത് നാരായണനുമൊക്കെ. അവർക്കുപോലും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാൻ കഴിയാതെ പോയി.

 

സംവിധായകന്റെ ഭാവനാരാഹിത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഏതു രീതിയിൽ ഉദ്ഘാടന മുഹൂർത്തങ്ങൾ ചിട്ടപ്പെടുത്തണമെന്നുള്ളത്. അതിൽ കേരളത്തിലെ നാദ-കാഴ്ച വിസ്മയങ്ങളുടേയും സന്നിവേശം എങ്ങിനെ വേണമെന്നുള്ളത് ഒരു സ്കൂൾക്കുട്ടിയെ ഏൽപ്പിച്ചാൽ പോലും ചിന്തിക്കുന്നതാണ്. കേരളത്തിന്റെ കലാസാംസ്കാരിക വൈവിദ്ധ്യത്തെ കാണിക്കാനായി പഞ്ചാരി മേളക്കാരായും അതുപോലെ വൈവിദ്ധ്യ കലാരൂപങ്ങളേയും അണിനിരത്തി. അതാകട്ടെ ആ കലാരൂപങ്ങളെ ആക്ഷേപിക്കും വിധമായിപ്പോയി. പഞ്ചാരിമേളത്തിന് അവിടെയെത്തിയ ചെണ്ടക്കാരേയും കുഴുലൂത്തുകാരേയും നന്നായി ഉപയോഗിച്ചിരുന്നെങ്കിൽ തന്നെ ഉദ്ഘാടനത്തിന്റെ വിരസത ഒഴിവാക്കാൻ കഴിയുമായിരുന്നു.

 

ഓരോ കളിയുടേയും കളിക്കാരുടേയും വിജയം എന്നു പറയുന്നത് കളിക്കുമ്പോള്‍ ശരീരവും മനസ്സും ഒന്നിച്ചാകുന്നതാണ്. അവിടെയാണ് കളിക്കുന്നവരുടെ ആനന്ദവും വിജയവും. അതാണ് കളിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ സാമൂഹികമായ ആവശ്യവും. യുവത്വത്തിന്റെ മനസ്സും ശരീരവും ഒന്നിച്ചു നീങ്ങുമ്പോൾ അവിടെ ഒന്നും അസാധ്യമാകുന്നില്ല. ആ സംസ്കാരത്തെ സാമൂഹികമായി സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണ് കളികളിലൂടെ നിർവഹിക്കപ്പെടുന്നത്. ഈ ചേർച്ചയിൽ ഒരു നിമിഷത്തിന്റെ ചെറിയൊരംശം പാളിയാൽ ആ കളിക്കാരനോ കളിക്കാരിക്കോ മികവു പുലർത്താൻ കഴിയില്ല.

 

ഈ ഉദ്ഘാടനവേള അനാകർഷകവും വിരസവും  ഒരു പരിധിവരെ കേരളീയർക്ക് അപമാനകരവുമായിപ്പോകാൻ കാരണം ദേശീയ ഗെയിംസ് എന്ന ശ്രദ്ധയിലേക്ക് സംഘാടകർക്ക് എത്താനായില്ല എന്നതാണ്. പകരം അതിനെ അവസരമാക്കി മോഹൻ ലാലിന്റെ ലാലിസത്തിന് പ്രചാരമുണ്ടാക്കാനുള്ളതായിപ്പോയി ലക്ഷ്യം. അതുകൊണ്ടു തന്നെ അതും പാളി. കാരണം അങ്ങിനെയൊരു ഉദ്ദേശ്യം വിജയിക്കണമെങ്കിൽ അതിനായി ഒരു അരങ്ങേറ്റ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ച് അത് നടത്താൻ അറിയാവുന്നവരെ ഏൽപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെയായിരുന്നുവെങ്കിൽ മോഹൻലാലിന്റെ സാന്നിദ്ധ്യം പോലും വളരെ ആകർഷകമായി പ്രയോഗപ്പെടുത്താമായിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം ഇത്ര മോശമായി മാറിയത് മലയാളിക്കാകമാനം അപമാനം വരുത്തിവയ്ക്കുന്നതായിപ്പോയി. അതിനുത്തരവാദി സർക്കാരും കൂടിയാണ്. ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ളവരുടെ കൈകളിൽ ഇത് ഏൽപ്പിക്കണമായിരുന്നു. അതോടൊപ്പം പരിപാടിയുടെ സമഗ്രരൂപം മനസ്സിലാക്കി അന്തിമാമനുമതി നല്‍കേണ്ട സംഘാടക സമിതിക്കും ഈ മഹാ അപരാധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല.

Tags: