മദനിയും വിചാരണത്തടവും

Glint Staff
Sat, 12-07-2014 05:23:00 PM ;

madani

 

അബ്ദുൾ നാസർ മദനിക്ക് സുപ്രീകോടതി വ്യവസ്ഥകളോടെ ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. 2008-ലെ ബാംഗ്ലൂർ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ്സിലാണ് ഇപ്പോൾ മദനി കർണ്ണാടകയിൽ വിചാരണത്തടവുകാരനായി തുടരുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രണത്തിന്റെ ഫലമായി നിരപരാധികളെ കൊന്നൊടുക്കുന്ന ശക്തികൾ നിയമത്തിന്റെ മുന്നിൽ ഒരുവിധ ദാക്ഷിണ്യവും അർഹിക്കുന്നില്ല. മദനിക്ക് ആ കേസ്സുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധമുണ്ടെങ്കിൽ ശിക്ഷ ലഭിക്കുക തന്നെ വേണം. എന്നാല്‍, ഇവിടെ മദനിയുടെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയല്ലേ എന്നു ചോദിച്ചാൽ അതിനുത്തരം അതേ എന്നു പറയേണ്ടിവരും. എങ്കിലും, ആരോപിക്കപ്പെടുന്ന കുറ്റം അദ്ദേഹത്തിൽ ഉണ്ടോ ഇല്ലയോ എന്നതാണ് ഇപ്പോൾ പരിഗണിക്കപ്പെടേണ്ടത്.

 

1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസ്സിൽ ഇതേപോലെ മദനി വിചാരണത്തടവുകാരനായി ചെലവഴിച്ചത് ഒമ്പതു കൊല്ലത്തിലധികമാണ്. ഒടുവിൽ ആ കേസ്സിൽ കുറ്റക്കാരനല്ലെന്നു കണ്ട് അദ്ദേഹത്തെ കോടതി വെറുതേവിട്ടു. ഒരു ശരാശരി ജീവപര്യന്തത്തടവുകാരൻ അനുഭവിക്കുന്ന ജയിൽ ശിക്ഷയുടെ കാലാവധി. നല്ലനടപ്പും മറ്റുമുണ്ടെങ്കിൽ ഏഴ്-എട്ട് കൊല്ലം കൊണ്ടുതന്നെ പലരും ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കാറുണ്ട്. ബാംഗ്ലൂർ സ്ഫോടനക്കേസ്സിലും അത്തരമൊരു ആവർത്തനം ഉണ്ടാകാതിരിക്കേണ്ടത് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയിൽ പൊതുജനങ്ങൾക്കിടയിൽ നഷ്ടമുണ്ടാകാതിരിക്കാൻ ആവശ്യമാണ്. കോടതിയിൽ കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനായ ഒരാളെ നിരപരാധിയായി കാണണമെന്നാണ് കാഴ്ചപ്പാട്. അതനുസരിച്ചാണ് നടപടിക്രമങ്ങളുടെ ചിട്ടപ്പെടുത്തലും. വിചാരണത്തടവുകാർ ഒരുപക്ഷേ ആരോപിക്കപ്പെട്ട കുറ്റത്തിനു ലഭ്യമായേക്കാവുന്ന ശിക്ഷയേക്കാൾ കൂടുതൽ കാലാവധി ജയിലിൽ കഴിച്ചുകൂട്ടേണ്ടിവരുമ്പോൾ സംഭവിക്കുന്നത് ആ കാഴ്ചപ്പാട് പ്രയോഗത്തിൽ വരുന്നില്ല എന്ന പ്രശ്നം കൂടിയുണ്ട്.

 

ഇത് കേവലം മദനിയുടെ മാത്രം പ്രശ്നമല്ല. ദേശീയ ക്രൈം റെക്കോര്ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2012-ല്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ 66.2 ശതമാനവും, അതായത് മൂന്നില്‍ രണ്ടും, വിചാരണത്തടവുകാരാണ്. ഇന്ത്യന്‍ നിയമ കമീഷന്റെ 1978-ലെ റിപ്പോര്‍ട്ട് അനുസരിച്ച് 54.9 ശതമാനം പേരാണ് 1977-ല്‍ വിചാരണ കാത്ത് കഴിഞ്ഞിരുന്നത്. ജയിലിലെ വിചാരണത്തടവുകാരുടെ ബാഹുല്യം പഠനവിധേയമാക്കി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ച ആ റിപ്പോര്‍ട്ടിന് ശേഷം മൂന്നര പതിറ്റാണ്ട് കഴിയുമ്പോള്‍ പ്രശ്നം രൂക്ഷമാകുക മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതിന്റെ മറുവശത്ത്, കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് ക്രമമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രൈം റെക്കോര്ഡ് ബ്യൂറോയുടെ തന്നെ കണക്കനുസരിച്ച് 1972-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചുള്ള കേസുകളില്‍ 62.7 ശതമാനത്തില്‍ ശിക്ഷാവിധി ഉണ്ടായെങ്കില്‍ 2012-ല്‍ അത് 38.5 ശതമാനമായി കുറഞ്ഞു. ചുരുക്കത്തില്‍ വിചാരണത്തടവുകാരില്‍ നല്ലൊരു പങ്കും ശിക്ഷിക്കപ്പെടാതെ ജയിലില്‍ കഴിയേണ്ട സ്ഥിതി ഉണ്ടാകുന്നു. 2012-ലെ കണക്കില്‍ തന്നെ 61.5 ശതമാനം പേരും മൂന്ന്‍ മാസം മുതല്‍ അഞ്ച് വര്‍ഷം വരെ വിചാരണത്തടവ് പൂര്‍ത്തിയാക്കിയവരാണ്.

 

മദനിയ്ക്ക് ബാംഗ്ലൂർ സ്ഫോടനക്കേസ്സിൽ പങ്കുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടുകയും തടവില്‍ കഴിയുകയും ചെയ്യട്ടെ. എന്നാല്‍, നാളെ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ മദനിയുടെ പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം ഇനിയും തടവിൽ കഴിയുന്നത് നീതിയ്ക്ക് വിരുദ്ധമാണ്. മറ്റ് വിചാരണത്തടവുകാരുടെ കാര്യത്തിലും ഈ നീതി ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വമുണ്ട്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പടരുതെന്ന തത്വം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനങ്ങളില്‍ ഒന്നാണ്. എന്നാല്‍, നിരപരാധികള്‍ക്ക് സാങ്കേതികമായി ശിക്ഷ ലഭിക്കാതെ തന്നെ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയാണ് നമ്മുടെ രാജ്യത്തെ വിചാരണത്തടവ് ഉണ്ടാക്കുന്നത്. ഈ ശിക്ഷയിലൂടെ മുറിവേൽക്കുന്നത് ശിക്ഷിക്കപ്പെടുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമല്ല, നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് കൂടിയാണ്. 

Tags: