തപസ് പാലിന്റെ മാപ്പും മുദ്രാവാക്യങ്ങളും

Glint Staff
Wed, 02-07-2014 11:59:00 AM ;

സി.പി.ഐ.എം കേന്ദ്രക്കമ്മറ്റി അംഗം ഡോ. തോമസ് ഐസകിന്റെ മാതൃഭൂമി പത്രത്തിലെ പംക്തിയായ ധനവിചാരത്തിൽ ജൂലൈ ഒന്നിന് അദ്ദേഹമെഴുതി- ഇന്നും മുദ്രാവാക്യങ്ങൾ അഥവാ ആശയപരമായ പ്രതിബദ്ധതയില്ലാത്ത വസ്തുതാമാത്രപഠനങ്ങളിൽ എനിക്ക് താൽപര്യമില്ല- എന്ന്. അത് വളരെ ഗഹനമേറിയ പ്രസ്താവനയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, അല്ലെങ്കിൽ സി.പി.ഐ.എമ്മിന്റെ കേരളസമൂഹത്തിലെ നിലയും ആ പാർട്ടിയുടെ നിലപാടും എവിടെ എത്തിനിൽക്കുന്നു, ഇനി എങ്ങോട്ടാണ് നീങ്ങുന്നത്, നീങ്ങേണ്ടത് എന്നൊക്കെ അറിയാൻ അദ്ദേഹം പറഞ്ഞതുപോലെ മുദ്രാവാക്യങ്ങളിലേക്ക് നോക്കിയാൽ മതി. കേരളത്തിലെ ഏതു പാർട്ടിയുടെയാണെങ്കിലും മുദ്രാവാക്യരൂപീകരണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കാണാം.അതായത് ആ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യവും കേരളത്തിന്റെ ജീവിതവും ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തിന്റെ യുദ്ധവും സമാധാനവുമായി അതിനു ബന്ധമുണ്ട്. ഇതുവരെയുള്ള ചരിത്രം നോക്കിയാൽ അത് സചിത്രവ്യക്തതയോടെ കാണാൻ കഴിയുന്നു. ഉദാഹരണത്തിന് ഒരു മുദ്രാവാക്യം നോക്കാം. -ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോളൂ. ഇതിനെ വിശകലനം ചെയ്യുകയാണെങ്കിൽ മനുഷ്യന്റെ പരിണാമാരംഭത്തിലെ ഗോത്രസ്വഭാവം തൊട്ട് കാണാൻ കഴിയും. അതവിടെ നിൽക്കട്ടെ. വളരെ ലളിതമായി നോക്കിയാൽ മനസ്സിലാക്കാൻ കഴിയുന്നത് ഇതാണ്- ഞങ്ങളിൽ ഒരാളെ മുറിവേൽപ്പിച്ചാൽ നിങ്ങളുടെ അനവധിപേർക്ക് ഞങ്ങൾ മുറിവേൽപ്പിക്കും. ചിലപ്പോൾ കൊന്നും കളയും. കാരണം തീക്കളിയാണ്. ഒരാളെ കൊന്നാൽ ഓരായിരം പേരെ വേണമെങ്കിലും കൊന്നുകളയും എന്നൊക്കെയുള്ള ആശയമാണ് ഇത്തരം മുദ്രാവാക്യങ്ങളിലൂടെ മനുഷ്യമനസ്സിൽ ചെന്നടിയുന്നത്. ആ അടിച്ചിലിന്റെ അടിത്തട്ടിൽ നിന്നാണ് വീണ്ടും ആശയങ്ങൾ ഉയർന്നുവരുന്നതും അതിനെ വീണ്ടും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറക്കിപ്പിക്കുന്ന മുദ്രാവാക്യങ്ങളാകുന്നതും. അതാണ് മുദ്രാവാക്യത്തിന്റെ പ്രസക്തി. കേരളത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടേയും അക്രമങ്ങളുടേയും ചരിത്രത്തിലേക്കു ഒന്നു കണ്ണോടിച്ചാൽ ഗവേഷണമില്ലാതെ തന്നെ ഈ മുദ്രാവാക്യത്തിന്റെ ഫലം ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും കാണാൻ പറ്റും.

 

tapas palകേരളസമൂഹത്തിലേതുപോലെ പശ്ചിമ ബംഗാളിലേയും വർത്തമാനകാല പൊതുസമൂഹസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ സി.പി.ഐ.എമ്മിനുള്ള പങ്ക് മുഖ്യമാണ്. ഇന്നിപ്പോൾ തൃണമൂൽ കോൺഗ്രസ്സും മാതൃകയാക്കുന്നത് സി.പി.ഐ.എം തുടർന്നുവന്ന രാഷ്ട്രീയ സ്വഭാവമാണ്. സദാ കോപിഷ്ടയും എപ്പോഴും അക്രമാത്മക സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുന്നു, അതിന്റെ നേതാവ് മമതാ ബാനർജി. സ്വാഭാവികമായും അണികളും ആ വഴിക്കേ നീങ്ങൂ. ഈ പശ്ചാത്തലത്തിൽ വേണം പശ്ചിമ ബംഗാളിൽ നിന്നുള്ള എം.പി തപസ് പാലിന്റെ പ്രസ്താവനയെ കാണാൻ. സി.പി.ഐ.എം പ്രവർത്തകരെ കൊന്ന് അവരുടെ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്തു നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ ചൊവ്വാഴ്ച  അദ്ദേഹം നിരുപാധികം മാപ്പ് പറഞ്ഞു. കേന്ദ്രം ഈ പ്രസ്താവനെയക്കുറിച്ച് റിപ്പോർട്ട് തേടിയതിനു ശേഷമാണ് മാപ്പ് വന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ നിരുപാധികമായ മാപ്പ് സ്വീകാര്യം തന്നെ. മുദ്രാവാക്യങ്ങൾ ആശയപരമായി സ്വാധീനിച്ചതിന്റെ പരിഭാഷയാണ് തപസ് പാലിന്റെ ഭീഷണിയിലൂടെ പുറത്തു വന്നത്. ഞങ്ങളിൽ ഒരാളെ തൊട്ടുകളിച്ചാൽ നിങ്ങളെ കൊന്നൊടുക്കി നശിപ്പിച്ചുകളയും എന്ന ഭീഷണി.

 

മുദ്രാവാക്യങ്ങൾ പരിഷ്കരിക്കാൻ രാഷ്ട്രീയപാർട്ടികൾ, വിശേഷിച്ചും സി.പി.ഐ.എം, ശ്രമം നടത്തിയാൽ അതു കേരളത്തിന്റെ പുത്തൻ നവോത്ഥാനമായിപ്പോലും പരിണമിക്കും. കാരണം അത് ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് വാക്കുകളേയും പ്രവൃത്തിയേയും നിയന്ത്രിക്കും. അതു തന്നെയാണ് നവോത്ഥാനത്തിന്റെ കാതൽ എന്നു പറയുന്നത്. അല്ലെങ്കിൽ ഭൗതികമായി മുന്നേറുമ്പോഴും പരസ്പരം യുദ്ധം ചെയ്യുന്ന ഗോത്രസംസ്കാരത്തിന്റെ അധമതലത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കും.വാക്കുകൾ ദുർഗന്ധം വമിപ്പിക്കും. പ്രവൃത്തികൾ നടുക്കങ്ങൾ സൃഷ്ടിക്കുന്നതാകും. ഇത് വ്യക്തിയേയും സമൂഹത്തേയും ഒരേ പോലെ ബാധിക്കും.

Tags: