അടിസ്ഥാന സൌകര്യ വികസന മേഖലയിലെ വന്‍ പദ്ധതികള്‍ക്ക് അതിവേഗ അനുമതി കൊടുക്കുക എന്ന ലക്ഷ്യവുമായി നിക്ഷേപകാര്യ മന്ത്രിസഭാ സമിതി കേന്ദ്രം രൂപീകരിച്ചു. ആയിരം കോടിയിലധികം മുതല്‍മുടക്കു വരുന്ന പദ്ധതികളുടെ അനുമതി സംബന്ധിച്ച് ഇനി അന്തിമ തീരുമാനമെടുക്കുക പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയായിരിക്കും. പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ ചട്ടങ്ങളില്‍ ഇളവനുവദിക്കാനും ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വനം-പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് വരുത്താനും സമിതിക്ക് അധികാരമുണ്ടാകും.
ധനകാര്യ വകുപ്പ് നേരത്തെ മുന്നോട്ടു വച്ച ദേശീയ നിക്ഷേപക ബോര്‍ഡ് എന്ന സംവിധാനം ആണ് പേര് മാറ്റി കേന്ദ്രം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഒക്ടോബര്‍ 9ന് വനം-പരിസ്ഥിതി വകുപ്പു മന്ത്രി ജയന്തി നടരാജന്‍ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. പരിസ്ഥിതിക്കും ജനജീവിതത്തിനും ദോഷകരമല്ലാത്ത വിധമാണ് ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള നിയമാനുസൃത പഠനങ്ങളോ വിലയിരുത്തലുകളോ ഒന്നും കര്‍ശനമായി ബാധകമാക്കാതെ നിക്ഷേപത്തിന് ഊന്നല്‍ നല്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ കത്ത്. സാധാരണ ജനങ്ങള്‍ക്കോ പ്രാദേശിക വാസികള്‍ക്കോ അഭിപ്രായം പറയാന്‍ അവസരം നല്‍കാത്ത ബോര്‍ഡ് വന്‍ നിക്ഷേപര്‍ക്ക് മാത്രമേ ഉപകാരപ്പെടൂ എന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു.
പരിസ്ഥിതി മന്ത്രാലയം നിഗമനങ്ങളിലെത്തുന്നത് ശാസ്ത്രീയമായ പഠനങ്ങള്‍ക്കു ശേഷമാണ്. ആ മന്ത്രാലയത്തിന്റെ മുഖ്യ പ്രവര്‍ത്തനവും അതാണ്. ആ മന്ത്രാലയമാണ് ഇത്തരത്തിലൊരു സമിതിയുടെ രൂപീകരണത്തില്‍ അത്യധികം ഉത്കണ്ഠ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സന്നദ്ധ സംഘടനകളോ പരിസ്ഥിതി സംഘടനകളോ അല്ല. സാഹചര്യം അത്ര ഗുരുതരമാണ് എന്നാണ് അതില്‍ നിന്നും മനസ്സിലാവുന്നത്.
ഇന്ത്യന്‍ സാമ്പത്തിക രംഗം വിദേശ മൂലധന നിക്ഷേപത്തിന് മലര്‍ക്കെ തുറന്നിട്ടു കൊടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സമിതിയുടെ രൂപീകരണം. ആയിരം കോടി രൂപ എന്നത് ഈ സാഹചര്യത്തില്‍ വളരെ തുച്ഛമായ നിക്ഷേപമാണ്. അതിനു വേണ്ടി പ്രകൃതി നാശം ഉണ്ടായാല്‍ അത് പ്രസക്തമല്ലെന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടെന്നാണ് ഇവിടെ വ്യക്തമാകുന്നത്. സമിതിയില്‍ ജയന്തി നടരാജനെ പ്രത്യേക ക്ഷണിതാവ് ആയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡിനെതിരെ നേരത്തെ വിമര്‍ശനം ഉന്നയിച്ച പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കിഷോര്‍ ചന്ദ്ര ദേവ്, മുന്‍ വനം-പരിസ്ഥിതി വകുപ്പു മന്ത്രിയും ഇപ്പോള്‍ ഗ്രാമ വികസന വകുപ്പ് കൈകാര്യം ചെയ്യുന്ന ജയറാം രമേഷ്, തൊഴില്‍ വകുപ്പ് മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് സമിതിയില്‍ ഇടം കിട്ടിയിട്ടുമില്ല.
ആഗോള, ദേശീയ, സംസ്ഥാന തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതാണ് കേന്ദ്രത്തിന്റെ ഈ ഔദ്യോഗിക നിലപാട്. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, കുടിയൊഴിപ്പിക്കല്‍, തദ്ദേശീയ ഉപജീവന സ്രോതസ്സ്, വികസന സമീപനം, തീവ്രവാദ സാന്നിദ്ധ്യം, കാലത്തിന്റെ മാറ്റം, പ്രദേശിക രാഷ്ട്രീയത്തിന്റെ സ്വഭാവം എന്നിവ ആഗോള -ദേശീയ തലത്തില്‍ പ്രസക്തമാകുമ്പോള്‍ കേരളം പോലുള്ള അതിസൂക്ഷ്മ പരിസ്ഥിതി മണ്ഡലത്തില്‍ എമര്‍ജിംഗ് കേരളാ വികസന സങ്കല്പം പിന്‍പറ്റുന്ന ഭരണാധികാരികള്‍ ഏത് ദിശയിലേക്കു നീങ്ങുമെന്നതും – അത്യധികം ഉത്കണ്ഠയ്ക്ക് – ഇടനല്‍കുന്നതാണ്
Comments
is jayanti sincere in this
Add new comment