ബജറ്റ്: രാഷ്ട്രീയവും സമൂഹവും

Mon, 18-02-2013 04:00:00 PM ;

km mani


കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കെ.എം. മാണി ബജറ്റ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് പഴയ നിയമസഭാ സെക്രട്ടറിയെറ്റിന്റെ ഹാളില്‍ ഫെബ്രുവരി 17 ഞായറാഴ്ച ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി നിര്‍വ്വഹിച്ചു. പത്തു ബജറ്റുകള്‍ ഇതിനകം അവതരിപ്പിച്ച, ധനമന്ത്രിയായി തുടരുന്ന കെ.എം. മാണിയുടെ പേരില്‍ പഠനകേന്ദ്രം വരുന്നതില്‍ ഔചിത്യക്കുറവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റുകളും   സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള ധനകാര്യ ബന്ധങ്ങളുമാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പഠന വിഷയങ്ങള്‍. ഗൌരവമായ ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ തന്നെയാണിവ.

 

ഒപ്പം, ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ വിലയിരുത്തലുകളും ഏവരുടെയും ശ്രദ്ധ അര്‍ഹിക്കുന്നവയാണ്.  മൂലധന നിക്ഷേപം ഉയര്‍ത്തുന്നതില്‍ സംസ്ഥാനം നേരിടുന്ന പിന്നോക്കാവസ്ഥ വികസന ലക്ഷ്യങ്ങളില്‍ നിന്നും ക്ഷേമ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ശമ്പളവും പെന്‍ഷനും കൊടുത്തു കഴിഞ്ഞാല്‍ പിന്നെ കൊച്ചി മെട്രോ മുതല്‍ അങ്കണവാടി ആയമാര്‍ക്ക് വരെ നല്‍കുന്നതിനായി പരിമിതമായ വരുമാനമാണ് സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

എന്തുകൊണ്ടാണ് നമ്മുടെ ബജറ്റുകളില്‍, മുഖ്യമന്ത്രി പറയുന്നത് പോലെ, റവന്യൂ വരുമാനവും മൂലധന നിക്ഷേപവും തമ്മില്‍ സ്ഥിരമായ പൊരുത്തക്കേടുകള്‍ തുടരുന്നത്? കേവലം വരവ്-ചെലവു കണക്കുകളല്ല, ഭരണകൂട നയങ്ങളുടെ ഒരു രാഷ്ട്രീയ പ്രസ്താവന എന്നാണ് ഉപരാഷ്ട്രപതി ബജറ്റിനെ ഉദ്ഘാടന പ്രസംഗത്തില്‍ നിര്‍വ്വചിച്ചത്‌. അപ്പോള്‍ ബജറ്റിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കുമ്പോള്‍ ബജറ്റിനു ആധാരമായ രാഷ്ട്രീയ നയങ്ങളെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല.

 

ഏതൊരു സമ്പദ് വ്യവസ്ഥയുടെയും പ്രാഥമിക മേഖലയായ കൃഷി, പ്രത്യേകിച്ചും ഭക്ഷ്യോല്‍പ്പാദനം, കേരളത്തില്‍ ഏറെക്കാലമായി തകര്‍ച്ചയുടെ പാതയിലാണ്. എങ്കിലും നമ്മുടെ പ്രഖ്യാപിത വികസന ലക്ഷ്യങ്ങള്‍ക്കായി വയല്‍ നികത്താന്‍ നമുക്ക് മടിയില്ല. ഒപ്പം പ്രതിവര്‍ഷം അയച്ചുകിട്ടുന്ന അന്‍പതിനായിരത്തോളം കോടി രൂപ ഒരു സമ്പൂര്‍ണ ഉപഭോക്തൃ സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇതിന്റെ പരിണിത ഫലമായി ഉണ്ടായിട്ടുള്ള സാമൂഹ്യ മാറ്റങ്ങള്‍ രോഗാതുരമായ ഒരു ജനതയായി കേരളത്തെ മാറ്റിയിരിക്കുന്നു, ശാരീരികമായും, സാംസ്കാരികമായും. ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാത്ത ഒരു മേഖലയും ഇന്ന് നമ്മുടെ ഇടയിലില്ല.

 

മുഖ്യമന്ത്രി പ്രശ്നങ്ങളെ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, താന്‍ പിന്തുടരുന്ന രാഷ്ട്രീയ നയങ്ങളും വികസന ലക്ഷ്യങ്ങളും പരിഹാരത്തിന്റെയാണോ അതോ പ്രശ്നത്തിന്റെ തന്നെ ഭാഗമാണോ എന്ന തുറന്ന ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറാകണം. 1975 മുതലുള്ള ഒരു ദശകക്കാലം കേരളത്തിലെ എതെണ്ടെല്ലാ  ബജറ്റുകളും അവതരിപ്പിച്ചത് കെ. എം. മാണിയാണ്. അതായത് കേരള സമ്പദ് വ്യവസ്ഥയെ നിര്‍ണായകമായി സ്വാധീനിച്ച, ഇന്നത്തെ കേരളീയ സമൂഹത്തിനു അടിത്തറ പാകിയ ഒരു രാഷ്ട്രീയം ആ ബജറ്റുകളിലുണ്ട്. പുതിയ പഠനകേന്ദ്രം അദ്ദേഹത്തിന്റെ ബജറ്റുകള്‍ തന്നെ ആദ്യം പഠിക്കട്ടെ. അതിലെ വികസന സമീപനത്തെയും രാഷ്ട്രീയ നയങ്ങളെയും വേര്‍തിരിച്ചെടുക്കട്ടെ. ആ സമീപനങ്ങളും നയങ്ങളും വര്‍ത്തമാന സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന  ഫലങ്ങള്‍ വിമര്‍ശനാത്മകമായും വസ്തുനിഷ്ഠമായും വിലയിരുത്തട്ടെ. അങ്ങിനെയൊരു പഠനത്തില്‍ നിന്ന് ഉളവാകുന്ന വിലയിരുത്തലുകള്‍ ഉള്‍ക്കൊണ്ടാല്‍, കെ.എം. മാണി  ഇക്കാലയളവില്‍ അവതരിപ്പിച്ച ബജറ്റുകളെക്കാളും സമൂഹ്യപ്രസക്തമായിരിക്കും അദ്ദേഹം ഇനി അവതരിപ്പിക്കുന്നവ.

Tags: