നായര്ക്കും ഈഴവനും പൂജാരിയാകാന്‍ യോഗ്യതയില്ല

Thu, 03-01-2013 11:45:00 AM ;

നായന്മാര്‍ക്ക് താന്ത്രികപരിശീലനം നല്‍കി ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. ആദ്ധ്യാത്മികതയുടെ പേരില്‍ നായര്‍സമുദായം ചൂഷണം ചെയ്യപ്പെടുന്നതിനെ നേരിടുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിനായി സൊസൈറ്റിയുടെ തന്ത്രവിദ്യാപീഠം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രാഹ്മണരില്‍ ബ്രാഹ്മണ്യമില്ലാത്തവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. അവസരത്തിലും അനവസരത്തിലും ജാതിയും മതവും പ്രയോഗിക്കപ്പെടുന്ന കേരളത്തില്‍ സ്വാഭാവികമായി കാര്യങ്ങള്‍ ഒരു ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നതിന്റെ ശക്തമായ ലക്ഷണങ്ങള്‍ കാണുന്നു. ഈ പ്രസ്താവനയുടെ ചുവടുപിടിച്ച് മിക്ക ചാനലുകളും ചര്‍ച്ചകള്‍ നടത്തി. അതില്‍ യോഗക്ഷേമസഭയുടെ ഭാരവാഹികളുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

 

തന്ത്രവിദ്യ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. ക്ഷേത്രങ്ങള്‍ ഭാരതീയ സംസ്‌കാരത്തിനെ സൗന്ദര്യാത്മകതയോടും കാവ്യാത്മകതയോടും സാമൂഹികമായും ശാസ്ത്രീയമായും പ്രതിനിധീകരിക്കുന്നു. ആത്യന്തികമായ സത്യത്തിലേക്കുള്ള വിരല്‍ചൂണ്ടികളാണ് ക്ഷേത്രങ്ങള്‍. അതോടൊപ്പം അവ സമൂഹത്തെ നാനാ തലത്തില്‍ ചിട്ടപ്പെടുത്തുകയും കലകളെയും കൂട്ടായ്മകളേയും നിലനിര്‍ത്തിയും പരിപോഷിപ്പിച്ചും സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ചൂണ്ടുന്നിടത്തേക്കുള്ള നോട്ടം അവസാനിപ്പിച്ച് ചൂണ്ടുവിരലില്‍ നോട്ടം ഒതുങ്ങിയപ്പോള്‍ ജീര്‍ണ്ണതകള്‍ തലപൊക്കി. ഇപ്പോഴും ക്ഷേത്രം സംസ്‌കാരം പേറിനില്‍ക്കുന്നുവെങ്കിലും ജീര്‍ണ്ണത പലപ്പോഴും അതിനെ ഉല്ലംഘിച്ചു നില്‍ക്കുന്നു. ഈ ജീര്‍ണ്ണതയുടെ ഭാഗമാണ് ജാതീയതയും വര്‍ഗീയതയും എല്ലാം. ക്ഷേത്ര സംസ്‌കാരത്തിന്റെ ആചാരങ്ങളുടെയും പൂജയുടെയുമൊക്കെ വിധിക്ക് ആധാരമായി നില്ക്കുന്നത് തന്ത്രവിദ്യ. അതിന്റെ ആധാരമാകട്ടെ വേദോപനിഷത്തുകളും. അതു ശാസ്ത്രം.sri chakra

 

വേദോപനിഷത്തുകളുടെ വെളിച്ചത്തിലാണ് ക്ഷേത്രസംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത്. അങ്ങിനെയുള്ള ചില ചര്‍ച്ചകള്‍ക്ക് സുകുമാരന്‍നായരുടെ പ്രഖ്യാപനം വഴിമരുന്നിട്ടു. ഒരു കാര്യം ഉറപ്പാണ്. നായര്‍ക്കും ഈഴവനും പുലയനുമൊന്നും ക്ഷേത്രങ്ങളില്‍ പൂജ നടത്താനുള്ള യോഗ്യതയില്ല. വേദങ്ങള്‍ പ്രകാരം എല്ലാവരും ജനിക്കുന്നത് ശൂദ്രരായിട്ടാണ്. പന്ത്രണ്ട് വയസ്സുവരെ അങ്ങിനെ ജീവിക്കാനും അനുവദിക്കപ്പെടുന്നുണ്ട്. അതു കഴിഞ്ഞാല്‍ ദ്വിജനാണ്. രണ്ടാം ജന്മം. അവിടെ മാതാവ് ഗായത്രി. ആചാര്യന്‍ അച്ഛന്‍. ആ കാലഘട്ടത്തില്‍ സംഹിതാഭ്യാസം. ആ പഠനം കഴിഞ്ഞാല്‍ വിപ്രന്‍. പഠിച്ചത് പ്രവര്‍ത്തിപഥത്തില്‍ വരുത്തുന്നു. അതും കഴിഞ്ഞ് നിരന്തര അധ്യയനത്തിലൂടെ ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രാഹ്മണന്‍. ഒരുവന്‍ ബ്രാഹ്മണനായി കഴിഞ്ഞാല്‍ അവന്‍ എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും മോചിതനായി. അവന്‍ ഒന്നിലും തൊടുന്നില്ല. ഒന്നിലും ഒട്ടുന്നില്ല. പൂജാരി പ്രസാദം കൈയ്യില്‍ തൊടാതെ ഭക്തരുടെ കൈകളിലേക്ക് കൊടുക്കുന്നതില്‍ പോലും ആ ജ്ഞാനം പ്രായോഗികമായി വിന്യസിപ്പിച്ചിരിക്കുന്നു. അങ്ങിനെയുള്ള ബ്രാഹ്മണന്‍ പൂജാരിയാകുമ്പോഴാണ് ക്ഷേത്രസംസ്‌കാരത്തിന്റെ അമൃത് ഭക്തരിലേക്കും സമൂഹത്തിലേക്കും പ്രവഹിക്കുക.

 

മറിച്ച് പ്രസാദം ഇടുന്നത് വഴി ഭക്തന്റെ കൈയ്യില്‍ പൂജാരിയുടെ കൈ തട്ടിക്കഴിഞ്ഞാല്‍ അശുദ്ധമായി എന്നു കരുതി മുഖം കറുക്കുന്ന, തട്ടത്തിലേക്കു വീഴുന്ന കാശു നോക്കി പ്രസാദം കൊടുക്കുന്നവരൊന്നും ബ്രാഹ്മണരോ പൂജാരിമാരോ അല്ല. ഉദരം ഭരണത്തിനായി പൂന്താനം പറയുന്നപോലെ വേഷം കെട്ടുന്നവര്‍. അവര്‍ ഒന്നാന്തരം ശൂദ്രന്‍മാര്‍ തന്നെ. അതിനാല്‍ നായരേയോ ഈഴവനേയോ അതേ നിലയില്‍ പൂജാരിയാക്കി ഉയര്‍ത്താമെന്നു കരുതിയാല്‍ നിലവിലുള്ള ജീര്‍ണതയുടെ അളവു കൂടുമെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടാവില്ല. മനുഷ്യനായി പിറന്ന ഏതൊരു വ്യക്തിയുടേയും ജന്മാവകാശവും ഉത്തരവാദിത്വവുമാണ് ബ്രാഹ്മണനാവുക എന്നത്. അത് ജന്മം കൊണ്ട് കൈവരുന്നതല്ല. വജ്രസൂചികോപനിഷത്തില്‍ അത് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സാധനാ പഞ്ചകത്തില്‍ ഒന്നുകൂടി ലളിതവും വ്യക്തവുമായി ശങ്കരാചാര്യരും.

Tags: 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
16 + 1 =
Solve this simple math problem and enter the result. E.g. for 1+3, enter 4.